ബേക്കറി ഉടമയെ കാറില്‍ തട്ടികൊണ്ടുപോയി പണം കവര്‍ന്ന കേസ്; മൂന്ന് പേര്‍ റിമാന്‍ഡില്‍
ചക്കരക്കല്‍: ചക്കരക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ബെംഗളൂരിലെ ബേക്കറി ഉടമയെ നാട്ടില്‍ ബസിറങ്ങിയപ്പോള്‍ തട്ടിക്കൊണ്ടുപോയി ലക്ഷങ്ങള്‍ കവര്‍ന്ന കേസിലെ മൂന്ന് പ്രതികളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഏച്ചൂര്‍ കമാല്‍ പീടിക സ്വദേശിയും ബംഗ്‌ളൂരിലെ ബേക്കറി ഉടമയുമായ പി.പി റഫീഖിനെ (45) തട്ടിക്കൊണ്ടുപോയി ഒന്‍പതു ലക്ഷം രൂപ കവര്‍ന്ന കേസിലാണ് മൂന്ന് പ്രതികള്‍ അറസ്റ്റിലായത് - ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാസര്‍ക്കോട് ജില്ലയിലെ കോളിയഡുക്കം സ്വദേശി അഷ്‌റഫ് (24) ബദിയഡുക്ക സ്വദേശി എന്‍ മുസമ്മില്‍ (24) ഇരിക്കൂര്‍ കല്യാട് സ്വദേശി സിജോയ് (25 )എന്നിവരെയാണ് കണ്ണൂര്‍ എസിപി ടി.കെ രത്‌നകുമാര്‍, ചക്കരക്കല്‍ സി.ഐ എം.പി ആസാദ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.

കഴിഞ്ഞ സെപ്തംബര്‍ അഞ്ചിന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ബംഗ്‌ളൂരില്‍ നിന്നും ബാഗില്‍പണവുമായ ബസില്‍ വന്നിറങ്ങിയ യപി.പി റഫീഖിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയും ആയുധം കൊണ്ടു പരുക്കേല്‍പ്പിച്ച് മര്‍ദ്ദിച്ചു അവശനാക്കിയതിനു ശേഷം വഴിയരികില്‍ ഉപേക്ഷിച്ചത്.
പത്തു കിലോമീറ്റര്‍ അകലെയുള്ള കാപ്പാട് ടൗണില്‍ പുലര്‍ച്ചെ ആറു മണിക്ക് അവശനിലയില്‍ കണ്ടെത്തിയ റഫീഖിനെ പരിചയക്കാരനായ ഓട്ടോറിക്ഷ തൊഴിലാളിയാണ് ആശുപത്രിയില്‍ പ്രവേശിപിച്ചത്. ഇതിനു ശേഷം കേസെടുത്ത പൊലിസ് അന്വേഷണം നടത്തുന്നതിനിടെയാണ് അക്രമി സംഘം ഓടിച്ചകാര്‍ സിജോയുടെതാണെന്ന് കണ്ടെത്തിയത്. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മറ്റു പ്രതികളിലെത്തിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനു ശേഷമാണ് കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.
ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ നാട്ടിലുള്ള സഹകരണ ബാങ്കില്‍ പണയം വെച്ചത് എടുക്കാനാണ് പണം ബാഗില്‍ കൊണ്ടുവന്നതാണെന്നാണ് ആക്രമത്തിനിരയായ റഫീഖ് പൊലിസിന് മൊഴിനല്‍കിയത്. ഇതുപ്രകാരം തട്ടിക്കൊണ്ടുപോയ വാഹനം കണ്ടെത്തുന്നതിനായി സി.സി.ടി.വി ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണമാരംഭിച്ചത്. പ്രദേശത്തെ നിരവധി സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയ കാറിന്റെ ചിത്രം ലഭിക്കുന്നത്. ഇതോടെയാണ് കാര്‍ ഉടമയിലേക്ക് എത്തിയത്.
കാര്‍ ഉടമ സുഹൃത്തായ ഇരിക്കൂര്‍ കല്യാട് സ്വദേശി സി ജോയിക്ക് വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിക്കാനാണെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് കാര്‍ കൈമാറിയതെന്ന് പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെയും പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് ചക്കരക്കല്‍ പൊലിസ് അറിയിച്ചു. പിടിയിലായവര്‍ ക്വട്ടേഷന്‍ സംഘങ്ങളാണെന്നാണ് പൊലിസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്. സംഘത്തിലെ മറ്റുള്ളവര്‍ക്കായി അന്വേഷണം നടത്തിവരികയാണെന്ന് പൊലിസ് അറിയിച്ചു. ആക്രമത്തില്‍ പരുക്കേറ്റ റഫീഖ് ചികിത്സയിലാണ്.












Click it and Unblock the Notifications