ഹവാല പണം തട്ടിയെടുത്തെന്ന് ആരോപിച്ച് മർദ്ദനം; തലശേരിയിൽ 7 പേർ റിമാന്റിൽ
തലശേരി: യുവാവിനെ തട്ടിക്കൊണ്ടു പോയി മണിക്കൂറോളം കാറിലിട്ടു മര്‍ദ്ദിച്ച് അവശനാക്കി ബസ്റ്റാന്റിൽ തളളിയ കേസില്‍ ഏഴുപേരെ തലശേരി ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. സി.പി. എം പ്രവര്‍ത്തകനായ മുഴപ്പിലങ്ങാട് കുളം ബസാറിലെ സി.പി ദിമിത്രോവ്(46) പുന്നോല്‍ റെയില്‍വെ ഗേറ്റിന് സമീപം നജീഗറില്‍ പി.കെ നിസാമുദ്ദീന്‍(26) ഗോപാലപേട്ടയിലെ സ്‌നേഹദീപത്തില്‍ നോയല്‍ ലാന്‍സി(36) പുന്നോല്‍ അമൃത സ്‌കൂളിന് സമീപം പാറക്കണ്ടി ഹൗസില്‍ എം.പി ലയേഷ്(46) കിഴക്കെ കതിരൂര്‍ റാഹത്ത് മന്‍സിലില്‍ മുഹമ്മദ് ഫര്‍ഹാന്‍ ബിന്‍ ഇബ്രാഹിം(27) ചമ്പാട് മാക്കുനി ഇന്നാസ് ഹൗസില്‍ എ.പി ഷക്കീല്‍(41) സി.പി. എം ഗോപാല്‍ പേട്ട ബ്രാഞ്ച് സെക്രട്ടറി പുന്നോല്‍കരിക്കുന്ന് ജീനവില്ലയില്‍ ജിജേഷ് ജയിംസ് എന്നിവരാണ് റിമാന്റ് ചെയ്തത്.

ഗോപാലപേട്ടയിലെ മത്‌സ്യതൊഴിലാളിയായ ലീലാനിവാസില്‍ പി.പി ധീരജിനെ (32) യാണ് തട്ടിക്കൊണ്ടു പോയത്. പ്രതികളെ സെപ്തംബര്‍ അഞ്ചുവരെയാണ് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ പതിനെട്ടിന് വൈകുന്നേരം അഞ്ചരയ്ക്ക് മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജ് ചെയ്യാന്‍ സൈദാര്‍പളളിക്കടുത്തെ കടയില്‍ പോയ ധീരജിനെ കാറിലെത്തിയ നാലംഗ സംഘംബലമായി പിടിച്ചു കയറ്റി ചിറക്കരയിലേക്ക് കൊണ്ടു പോയി.വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയ 2.5- കോടി രൂപയുടെ ബാഗ് എവിടെസൂക്ഷിച്ചുവെന്ന് പറയണമെന്ന് ആവശ്യപ്പെട്ടു മുഖത്തടിക്കുകയും പലസ്ഥലങ്ങളിലും ചുറ്റികറങ്ങിയതിനു ശേഷം രാത്രി പത്തുമണിയോടെ പുതിയ ബസ് സ്റ്റാന്‍ഡില്‍ തളളിവിടുകയും ചെയ്തു.
സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയതായി ധീരജ് പോലീസിന് മൊഴി നൽകി .സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്നും പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications