ജീവിത സമ്പാദ്യം വാക്‌സിന്‍ ചലഞ്ചിലേക്ക് നല്‍കിയ ജനാര്‍ദ്ദനന്‍ അന്തരിച്ചു; അനുശോചിച്ച് മുഖ്യമന്ത്രി
കണ്ണൂര്‍: തന്റെ മുഴുവന്‍ ജീവിത സമ്പാദ്യവും മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് സംഭാവന ചെയ്ത ചാലാടന്‍ ജനാര്‍ദ്ദനന്‍ അന്തരിച്ചു. 65 വയസായിരുന്നു. വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ബീഡി തൊഴിലാളിയായിരുന്ന ജനാര്‍ദ്ദനന്‍ തന്റെ ആകെയുള്ള സമ്പാദ്യം 200,850 രൂപയില്‍ രണ്ട് ലക്ഷം രൂപയും വാക്‌സിന്‍ ചലഞ്ചിലേക്ക് കൈമാറിയിരുന്നു. ഇതോ തുടര്‍ന്ന് അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
കേരള ബാങ്കിന്റെ കണ്ണൂര്‍ പ്രധാന ശാഖയിലെ അക്കൗണ്ടിലൂടെയായിരുന്ന പണം കൈമാറിയത്. എന്നാല്‍ അദ്ദേഹം പേര് പോലും വെളിപ്പെടുത്താതെ ബാങ്കില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. എന്നാല്‍ ഇക്കാര്യം പിന്നീട് ബാങ്ക് ജീവനക്കാര്‍ ഫേസ്ബുക്ക് വഴി പുറത്തുവിടുകയായിരുന്നു. എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള ജനാര്‍ദ്ദനന്‍ പതിമൂന്നാം വയസിലാണ് ബീഡി തെറുപ്പ് ആരംഭിച്ചത്. ദീനേശ് ബീഡിയില്‍ 36 വര്‍ഷത്തോളം ജോലി ചെയ്തു.

ഭാര്യ രജനിയും ദിനേശ് ബീഡിയില്‍ ജോലി ചെയ്തിരുന്നു. 2020ല്‍ ആണ് രജനി മരിച്ചത്. രണ്ട് പേര്‍ക്കും കൂടി കമ്പനിയില്‍ നിന്നും ലഭിച്ച ആനുകൂല്യത്തില്‍ നിന്നാണ് വാക്‌സിന്‍ ചലഞ്ചിലേക്ക് പണം നല്‍കിയത്. അടുത്തകാലം വരെ ജനാര്‍ദ്ദനന്‍ സ്വകാര്യ കമ്പനിക്ക് വേണ്ടി ബീഡി തെറുത്തുകൊടുക്കാറുണ്ടായിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ജനാര്‍ദ്ദനന് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ ഭാര്യ മരിച്ചതിനെ തുടര്‍ന്ന് ദൂര യാത്രകള്‍ പോകാറില്ലെന്നും സത്യപ്രതിജ്ഞയ്ക്ക് പോകുന്നില്ലെന്നും തീരുമാനിച്ചിരുന്നു.
ജനാര്‍ദ്ദനന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കോവിഡ് കാലത്ത് ജീവിതസമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് മാതൃക കാണിച്ച വ്യക്തിയായിരുന്നു ജനാര്‍ദ്ദനന്‍ എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.












Click it and Unblock the Notifications