കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വീണ്ടും കഞ്ചാവ് വേട്ട; 3 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍
കണ്ണൂര്‍: റെയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാരനില്‍ നിന്നും വന്‍ കഞ്ചാവ് ശേഖരം പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പശ്ചിമ ബംഗാള്‍ സ്വദേശി മത്‌ലാബിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. മൂന്ന് കിലോ കഞ്ചാവാണ് പിടികൂടിയത്. എക്‌സൈസും റെയില്‍ വെ പൊലിസും സംയുക്തമായി നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കോയില്യത്ത്, ആര്‍ പി എഫ് ഇന്‍സ്‌പെക്ടര്‍ ബിനോയ് ആന്റണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം കഞ്ചാവുമായി ട്രെയിനില്‍ വന്നിറങ്ങിയ തിരുവനന്തപുരം സ്വദേശി എസ്.അസീം, കൊല്ലം സ്വദേശി ജെ.ജിഷ്ണു എന്നിവരും റെയിൽവേ പോലീസിന്റെ പിടിയിലായിരുന്നു. ആറരകിലോ കഞ്ചാവായിരുന്നു ഇവരുടെ കൈവശം കണ്ടെത്തിയത്.

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പിനു ശേഷം കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ റെയില്‍വെ പൊലിസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. അസ്വാഭാവികമായ സാഹചര്യത്തില്‍ കാണപ്പെടുന്ന യാത്രക്കാരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നുണ്ട്. രണ്ടുമാസം മുന്‍പ് കാസര്‍കോഡ് സ്വദേശിയായ യുവാവ് എം. ഡി. എം. എ, ബ്രൗണ്‍ഷുഗര്‍ എന്നിവയുമായി പിടിയിലായിരുന്നു. കോടികളുടെ സിന്തറ്റിക്ക് മയക്കുമരുന്ന് ബംഗ്‌ളൂരില്‍ നിന്നും കടത്തിക്കൊണ്ടുവരുന്നതിനിടെയാണ് യുവാവ് അറസ്റ്റിലായത്. ട്രെയിന്‍മാര്‍ഗമുളള മയക്കുമരുന്ന് കടത്ത് തടയാന്‍ റെയില്‍വേ പൊലിസും എക്‌സൈസും സംയുക്തമായാണ് റെയ്ഡ് നടത്തിവരുന്നത്.












Click it and Unblock the Notifications