നീലേശ്വരത്ത് അക്രമം നടത്താൻ പോലീസ് സിപിഎമ്മിന് ഒത്താശ ചെയ്യുന്നുവെന്ന് ബിജെപി
കണ്ണൂർ: നീലേശ്വരത്ത് ആര്‍എസ്എസ് പഥ സഞ്ചലനത്തിനു നേരെയുണ്ടായ അക്രമം സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ ഗൂഡാലോചനയുടെയും പോലീസ് ഒത്താശയുടെയും ഭാഗമാണെന്ന് ബിജെപി. ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്താണ് പോലീസിനെതിരെ ആരോപണമുന്നയിച്ച് രംഗത്തെത്തിയിട്ടുള്ളത്.
നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ ക്യാമ്പ് ആരംഭിച്ച ദിവസം തന്നെ അക്രമമായിരുന്നു. സിപിഎം പ്രവർത്തകർ ആദ്യ ദിനം തന്നെ കമാനം നശിപ്പിക്കുകയും ക്യാമ്പ് ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ പോലും പോലീസ് തയ്യാറയില്ല. ക്യാമ്പിനെതിരെ അടിസ്ഥാന രഹിതമായിട്ടുള്ള ആരോപണം ഉന്നയിച്ച് സിപിഎം നേതൃത്വം അക്രമത്തിന് കോപ്പ് കൂട്ടുകയായിരുന്നു.

ശിബിരത്തിനു നേരെ അക്രമവും ഭീഷണിയും ഉണ്ടായിട്ടും പോലീസ് മതിയായ സുരക്ഷ നല്‍കാന്‍ തയ്യാറായില്ലെന്ന് ശ്രീകാന്ത് പറഞ്ഞു. മുന്‍കൂട്ടിയുള്ള പോലീസിന്റെ അനുവാദത്തോട് കൂടി നടന്ന പഥ സഞ്ചലനത്തിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി സംഘടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അടക്കം അക്രമിക്കുകയായിരുന്നുവെന്ന് ബി.ജെപി ആരോപിച്ചു. സിപിഎം നേതാക്കളാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്.
സിപിഎം കുടുംബങ്ങളില്‍ നിന്നടക്കം വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തതും പാര്‍ട്ടി ഗ്രാമമായ നീലേശ്വരത്ത് ശിബിരം സംഘടിപ്പിച്ചതാണ് അക്രമത്തിന് കാരണമെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ അസഹിഷ്ണതയുടെ അവസാനത്തെ തെളിവാണിത്. സിപിഎമ്മിന്റെ അക്രമവും ഭീഷണിയും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications