ബിജെപി സംസ്ഥാന സെക്രട്ടറിയുടെ സഹോദരന്‍ മരിച്ചു; അന്ത്യം ബൈക്ക് അപകടത്തില്‍ ചികിത്സയിലിരിക്കെ
പയ്യന്നൂര്‍: കഴിഞ്ഞ ഞായറാഴ്ച വെള്ളൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ. ശ്രീകാന്തിന്റെ ജ്യേഷ്ഠ സഹോദരന്‍ മരണമടഞ്ഞു. തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിന് പിറകില്‍ ശിവ കൃപയിലെ മുന്‍ പ്രവാസിയുമായ ശ്രീധര അരളിത്തായ (51) ആണ് കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ മരിച്ചത്.
പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ ശേഷം പച്ചക്കറി സദ്യകളൊരുക്കുന്ന ജോലി കരാറെടുത്തു ചെയ്യുകയായിരുന്നു. ക്ഷേത്രങ്ങളില്‍ സ്ഥിരം ശാന്തിക്കാര്‍ അവധിയെടുക്കുമ്പോള്‍ മുട്ട് ശാന്തിയായും പ്രവര്‍ത്തിച്ചിരുന്നു. തളിപ്പറമ്പില്‍ സദ്യവട്ടം ഒരുക്കിയ ശേഷം തൃക്കണ്ണാട്ടെ വീട്ടിലേക്ക് വരുമ്പോള്‍ വെള്ളൂര്‍ കണിയേരി മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപം ദേശീയ പാതയില്‍ വെച്ച് ശ്രീധര സഞ്ചരിച്ചിരുന്ന ബൈക്കില്‍ കരിവെള്ളൂര്‍ ഭാഗത്ത് നിന്നും വന്ന കാര്‍ ഇടിക്കുകയായിരുന്നു.

സാരമായി പരിക്കേറ്റ ശ്രീധരയെ ആദ്യം പരിയാരത്തെ കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരിച്ചു. മറ്റൊരു സഹോദരന്‍ വെങ്കിടേശ് കഴിഞ്ഞ വര്‍ഷം പുതുവര്‍ഷ ദിനത്തില്‍ സമാനമായ വാഹനാപകടത്തില്‍ മരിച്ചിരുന്നു. ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രം മേല്‍ശാന്തിയായിരുന്ന വെങ്കിടേഷ് പുലര്‍ച്ചെ പൂജയ്ക്ക് ക്ഷേത്രത്തിലേക്ക് പോകുംവഴിയായിരുന്നു അപകടത്തില്‍പ്പെട്ടത്.
കാഞ്ഞങ്ങാട് ആലമിപ്പള്ളിയിലുണ്ടായ വാഹനാപകടത്തിലാണ് മരണപ്പെട്ടത്. യശോദയുടേയും പരേതനായ വാസുദേവ അരളിത്തായയുടേയും മകനാണ്. ഭാര്യ: ജി.എന്‍.രേഖ (അധ്യാപിക യേനപ്പോയ കോളേജ് മംഗ്ലൂരു) മകന്‍: കെ.സ്വാഗത് (ബിരുദ വിദ്യാര്‍ഥി കാനറ കോളേജ് മംഗ്ലൂരു). മറ്റ് സഹോദരങ്ങള്‍: ഗണേശ അരളിത്തായ, ജയലക്ഷ്മി (ബംഗ്ലൂരു).












Click it and Unblock the Notifications