പാനൂർ ചെറുപറമ്പ് പുഴയിൽ കാണാതായ മുഹമ്മദ് ഷഹാദിന്റെ മൃതദേഹം കണ്ടെത്തി; സിനാനു വേണ്ടി തിരച്ചിൽ ഊർജിതം
കണ്ണൂർ: പാനൂരിൽ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം തിരച്ചിലിനൊടുവിൽ കണ്ടെത്തി. കക്കോട്ട് വയലിൽ ജാതിക്കുട്ടം തന്റെവിടെ മുസയുടെ മകൻ മുഹമ്മദ് ഷഫാദിൻ്റെ (20) മൃതദേഹം ആണ് കണ്ടെത്തിയത്. കാണാതായ കക്കോട്ട് വയൽ രയരോത്ത് മുസ്തഫയുടെ മകൻ സിനാനു (20) ന് വേണ്ടി തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

വ്യാഴാഴ്ച്ച സന്ധ്യയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. പാനൂരിനടുത്ത് ചെറുപറമ്പ് ചിറ്റാരിത്തോടിൽ കുളിക്കാനെത്തിയ അഞ്ചു യുവാക്കളിൽ രണ്ടു പേരാണ് പുഴയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. മുഹമ്മദ് ഷഫാദ് പുഴയിൽ കാൽ വഴുതി വീണപ്പോൾ സിനാൻ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു. രണ്ടു പേരും ഒഴുക്കിൽപ്പെട്ടു. കൂടെയുള്ളവർ ഒച്ചയുണ്ടാക്കിയതോടെ നാട്ടുകാരും പരിസരവാസികളും ഓടിയെത്തി. വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും തെരച്ചിൽ തുടങ്ങി. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ മുഹമ്മദ് ഷഫാദിനെ കണ്ടെത്തി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച മുഹമ്മദ് ഷഫാദ് കല്ലി കണ്ടി എൻ.എ.എം കോളേജ് മൂന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്.
അതേസമയം കാണാതായ സിനാന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം വെള്ളിയാഴ്ച്ച പുലർച്ചെ ആറു മണി മുതൽ പുനരാംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച രാത്രി ഏറെ വൈകിയും കനത്ത മഴയെ അവഗണിച്ചു കൊണ്ടു നാട്ടുകാരും ഫയർഫോഴ്സും ദുരന്ത നിവാരണ സേനയും തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായില്ല. പുഴയിൽ ഇരുട്ടായതും കനത്ത മഴയും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. ഇതോടെ വ്യാഴാഴ്ച്ച രാത്രി പത്തു മണിയോടെ തെരച്ചിൽ നിർത്തി വയ്ക്കുകയായിരുന്നു.. ടോർച്ച് ലൈറ്റ് ഉപയോഗിച്ചാണ് നേരത്തെ രക്ഷാപ്രവർത്തനം നടത്തിയത് .പിന്നീട്ഫയർഫോഴ്‌സ് സെർച്ച് ലൈറ്റ് തെളിയിക്കുകയായിരുന്നു.
പാനൂർ മേഖലയിൽ കഴിഞ്ഞ രണ്ടു ദിവസമായി പെയ്ത മഴയിൽ പുഴയിൽ അതി ശക്തമായ മലവെള്ളപാച്ചിലാണുള്ളത്. ഇതു രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications