പാനൂരിലെ ബോംബ് സ്ഫോടനം; സംഭവം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് എപി അബ്ദുള്ളക്കുട്ടി
കണ്ണൂര്‍: പാനൂരിലെ ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ സിപിഎമ്മാണെന്ന് പകല്‍പോലെ വ്യക്തമാണെന്നും സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മ്മാണത്തിന് നിര്‍ദ്ദേശം നല്‍കിയ സിപിഎം നേതാക്കളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ വലിയ മുന്നേറ്റം നടത്തും. വികസന വിരുദ്ധ നിലപാടാണ് കണ്ണൂരിലെ സിറ്റിംഗ് എംപി കഴിഞ്ഞ 5 വര്‍ഷക്കാലം സ്വീകരിച്ചത്.
ലോക്‌സഭയ്ക്കകത്തും പുറത്തും സുധാകരന്റെ പ്രവര്‍ത്തനം മോശമായിരുന്നു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ വികസനം നടക്കാത്തതിന് പിന്നില്‍ കോണ്‍ഗ്രസ്-സിപിഎം എംപിമാരാണ്. റെയില്‍വേയോട് ചേര്‍ന്നുളള ഐഒസി ഡിപ്പോ മാറ്റുന്നതിന് ഇരുകൂട്ടരും എതിർ നിന്നതാണ് വികസനത്തിന് തടസ്സമായത്. സിപിഎമ്മിന്റ പ്രകടന പത്രികയാകട്ടെ പരിഹാസ്യമാണ്. 543 സീറ്റില്‍ 40 ഇടങ്ങളില്‍ മാത്രം മത്സരിക്കുന്ന സിപിഎം അധികാരത്തിലെത്തിയാല്‍ കാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കുമെന്നും കളളപണ നിയന്ത്രണ നിയമം റദ്ദാക്കുമെന്നും സിഎഎ റദ്ദാക്കുമെന്നും മറ്റുമുളള പ്രഖ്യാപനം പരിഹാസ്യമാണ്.

രണ്ട് കൂട്ടരും നാടിന് വേണ്ടി ഒന്നും ചെയ്തില്ല. എസ്ഡിപിഐ വോട്ട് വേണ്ടണം എന്നാണ് വി.ഡി. സതീശന്‍ പറഞ്ഞതിന്റെ അര്‍ത്ഥമെന്നും അവരുടെ വോട്ട് വേണ്ടെന്ന് പറയാന്‍ സുധാകരന് ധൈര്യമുണ്ടോയെന്നും അബ്ദുളളക്കുട്ടി വെല്ലുവിളിച്ചു. അധികാരം ഉപയോഗിച്ചു കൊണ്ട് കളളപ്പണം ഉണ്ടാക്കുന്ന പാര്‍ട്ടിയായി സിപിഎം അധപതിച്ചു. സിഎഎയുടെ പേരില്‍ ഇടതും വലതും മുസ്ലീം സമുദായത്തെ ഭയപ്പെടുത്തുകയാണ്. ഇന്ത്യയില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ 5550 വിദേശികള്‍ക്ക് രാജ്യത്ത് പൗരത്വം നല്‍കി. പൗരത്യത്തിന്റെ കാര്യത്തില്‍ മതം ഒരു വിഷയമല്ല. എല്ലാ മതസ്ഥരും നിലവില്‍ രാജ്യത്ത് പൗരത്വം സ്വീകരിക്കുന്നുണ്ട്. ഇലക്ട്രല്‍ ബോണ്‍ഡുമായി ബന്ധപ്പെട്ട് പച്ചക്കളളം പ്രചരിപ്പിക്കുകയാണ്.
20000 കോടിയില്‍ 6000 കോടിയാണ് ബിജെപിക്ക് ലഭിച്ചത്. ഇന്‍ഡി മുന്നണിയിലെ പാര്‍ട്ടികള്‍ക്കെല്ലാം കൂടി പതിനായിരം കോടി ലഭിച്ചിട്ടുണ്ട്. ബിജെപിക്കെതിരെ തെറ്റായ പ്രചരണം നടത്തുകയാണ്. കൊളള സംഘത്തിന്റെയും കളളസംഘത്തിന്റെയും നേതാവായി പിണറായി മാറിയിരിക്കുകയാണ്. പാനൂരിലെ ബോംബ് നിര്‍മ്മാണത്തിന് പിന്നില്‍ പിണറായിയും പി. ജയരാജനുമാണെന്നും പിണറായി വിജയന് മനുഷ്യത്വത്തെക്കുറിച്ച് പറയാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭയപ്പെടുത്തി സംഘര്‍ഷമുണ്ടാക്കാനാണ് ബോംബ് നിര്‍മ്മാണം. സിപിഎമ്മിലെ അടിയൊഴുക്ക് തിരച്ചറിഞ്ഞ നേതൃത്വം ഇതിന് തടയിടാനാണ് ബോംബ് നിര്‍മ്മാണം നടത്തുന്നതെന്നും അബ്ദുളളക്കുട്ടി ആരോപിച്ചു.












Click it and Unblock the Notifications