പാനൂരിലെ ബോംബ് സ്ഫോടനം; കെകെ ശൈലജക്കെതിരെ കുപ്രചരണം നടത്തുന്നുവെന്ന് പി ജയരാജൻ
തലശേരി : തൃപങ്ങോട്ടുർ മുളിയാതോടിൽ നടന്ന ബോംബ് സ്ഫോടനത്തിൽ വിവിധ കോണുകളിൽ നിന്നും വിമർശനമുയർന്നതോടെ സിപിഎം രാഷ്ട്രീയ പ്രതിരോധത്തിനിറങ്ങുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും വടകര പാർലമെൻ്റ് മണ്ഡലത്തിൻ്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള പി.ജയരാജൻ്റെ നേതൃത്വത്തിലാണ് പ്രതിരോധ വ്യൂഹം ചമയ്ക്കുന്നത്. സിപിഎമ്മിനെയും വടകര ലോക്‌സഭ മണ്ഡലം സ്ഥാനാർത്ഥി കെകെ ശൈലജ ടീച്ചറെയും അപമാനിക്കുന്ന വിധത്തിൽ കുപ്രചരണങ്ങൾ നടത്തുകയാണെന്ന് പി ജയരാജൻ പാനൂർ പ്രസ് ഫോറത്തിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
വടകരയിലെ യുഡിഎഫ് സ്ഥാനാർഥിയുടെ നേതൃത്വത്തിൽ ശൈലജ ടീച്ചറെ വ്യക്തിഹത്യ നടത്തുന്നതെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് പി.ജയരാജൻ മുന്നറിയിപ്പ് നൽകി. സ്ഥാനാർഥിയെ വ്യക്തിഹത്യ നടത്തുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണ്. വർഷങ്ങൾക്ക് മുൻപെടുത്ത ഫോട്ടോകൾ ദുരുപയോഗം ചെയ്‌താണ് നുണപ്രചരണം നടത്തുന്നത്.

ബോംബ് സ്ഫോടനത്തെ സിപിഎം ശക്തമായി അപലപിച്ചതാണ്. സ്ഫോടനവുമായി സിപിഎമ്മിന് ഒരു ബന്ധവുമില്ലെന്നും പി.ജയരാജൻ പറഞ്ഞു. ബോംബ് നിർമ്മിക്കുന്നതിനിടയിൽ സ്ഫോടനത്തിൽ പരുക്കേറ്റവർ ആരുംതന്നെ സിപിഎം പ്രവർത്തകരല്ല. മാത്രമല്ല ബി ജെ പി പ്രവർത്തകൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ വെച്ചാണ് ബോംബ് നിർമ്മാണം നടന്നത്. ഈ ബിജെപിക്കാരനാണ് സ്ഫോടനത്തിൽ പരിക്കേറ്റവർ സി പി ഐ(എം) പ്രവർത്തകരാണ് എന്ന് മാധ്യമങ്ങൾക്ക് മുമ്പിൽ വിളിച്ചുകൂവുന്നത്. അതിനാൽ ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ജയരാജൻ പറഞ്ഞു.
2023 ജൂലൈ 9ന് പുത്തൂരിലെ സിപിഎം പ്രവർത്തകനായ ആഷിഖിനെ ആക്രമിച്ച സംഭവം, സിപിഎം കുന്നോത്തുപറമ്പ് ലോക്കൽ കമ്മിറ്റി അംഗം എ.പി.ലീലയുടെ വീട് ആക്രമിച്ച സംഭവം എന്നിങ്ങനെ പാർടി പ്രവർത്തകർക്ക് മാത്രമല്ല ആ നാട്ടിലെ പലർക്കുമെതിരെ ആക്രമങ്ങൾ നടത്തിയതിൻ്റെ ഫലമായി പാർടി തള്ളിപ്പറഞ്ഞ ഒരു സംഘത്തെ സിപിഎം പ്രവർത്തകരാണെന്ന് ചിത്രീകരിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് പി.ജയരാജൻ ചോദിച്ചു.
ഈ തിരഞ്ഞെടുപ്പിൽ കേരളത്തിലെമ്പാടും എൽഡിഎഫിന് അനുകൂലമായ മുന്നേറ്റമാണ് കാണുന്നത്. കോൺഗ്രസിൻ്റെയും ലീഗിന്റെയും കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ബോധപൂർവ്വം നുണപ്രചരണം നടത്തുകയാണ്.
യുഡിഎഫ് സ്ഥാനാർത്ഥിയുടെ നോമിനേഷൻ സമർപ്പണ വേളയിൽ യുഡിഎഫ് വനിതകൾ വിളിച്ച മുദ്രാവാക്യം അത്യന്തം പ്രതിഷേധാർഹമാണ്. തൊഴിലുറപ്പ് തൊഴിലാളികളെ ആക്ഷേപിക്കുന്ന മുദ്രാവാക്യം മുഴക്കിയത് തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്തിലെ 13-ാം വാർഡ് മെമ്പർ ഹാജിറ യൂസഫ് ആണ്. ഇത് പ്രതിഷേധാർഹമാണെന്നും, നുണ പ്രചരണങ്ങൾ ജനം തിരിച്ചറിയണമെന്നും പി ജയരാജൻ അഭ്യർത്ഥിച്ചു.നേതാക്കളായ കെ ധനഞ്ജയൻ, കുന്നോത്ത് രവീന്ദ്രൻ, കെഇ.കുഞ്ഞബ്‌ദുള്ള എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.












Click it and Unblock the Notifications