പരിയാരത്ത് വീട്ടിൽ കയറി സ്വർണവും പണവും കവർന്ന സംഭവം; പ്രതികളിലൊരാൾ അറസ്റ്റിൽ
തളിപ്പറമ്പ്: ചിതപ്പിലെപൊയില്‍ വീട്ടില്‍ മോഷണം നടത്തിയ കേസിലെ പ്രതികളിലൊരാള്‍ കോയമ്പത്തൂരില്‍ അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശിയായ സഞ്ജീവ്കുമാര്‍(27) നെയാണ് പരിയാരം പൊലിസ് പിടികൂടിയത്. കോയമ്പത്തൂര്‍ സൊളൂരില്‍ വെച്ച് എസ്.ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ബൈക്കില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു.
കുപ്രസിദ്ധ കവര്‍ച്ചക്കാരനും കൊലക്കേസ് പ്രതിയുമായ സൊള്ളന്‍ സതീഷാണ് മോഷണത്തിന് ഏകോപനം നടത്തിയതെന്ന് പോലീസ് പറഞ്ഞു.സംഭവത്തില്‍ ഉള്‍പ്പെട്ട നാലംഗസംഘത്തിന് പരസ്പരം അറിയില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന.വൈഫൈ ഉപയോഗിച്ചാണ് ഇവര്‍ പരസ്പരം ബന്ധപ്പെട്ടതെന്നാണ് വിവരം.മറ്റ് പ്രതികളെ കണ്ടെത്താന്‍ ഊര്‍ജ്ജിത പരിശോധന നടത്തിവരികയാണെന്നും പൊലിസ് അറിയിച്ചു.

ദേശീയപാതയിലും കവര്‍ച്ച നടന്ന വീടുകള്‍ സ്ഥിതി ചെയ്യുന്ന സി.സി.ടി.വി ക്യാമറകള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ചാസംഘം ഉപയോഗിച്ച വ്യാജ രജിസ്‌ട്രേഷന്‍ നമ്പറുളള വാഹനം പയ്യന്നൂര്‍ ഡി. വൈ. എസ്. പി കെ. ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം തിരിച്ചറിഞ്ഞത്. ഇതിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയതെന്നാണ് പൊലിസ് പറയുന്നത്.
കഴിഞ്ഞ ഒക്‌ടോബര്‍ 19-നാണ് നാടിനെ ഞെട്ടിച്ച കവര്‍ച്ച നടന്നത്. വീടിന്റെ ജനല്‍ ഗ്രില്‍സ് തകര്‍ത്ത മുഖം മൂടിസംഘം ഡോക്ടറുടെ വീട്ടിലെ വയോധികയുടെ കഴുത്തിന് കത്തിവെച്ചു അക്രമിച്ചു ഒന്‍പതു പവന്റെ സ്വര്‍ണാഭരണങ്ങളും പതിനഞ്ചായിരം രൂപയും കവര്‍ച്ച ചെയ്യുകയായിരുന്നു. പരിയാരം ചിതപ്പിലെ പൊയിലിലെ ഡോക്ടര്‍ ദമ്പതികളുടെ വീട്ടിലാണ് കവര്‍ച്ച നടത്തിയത്. അഞ്ചംഗസംഘമെത്തിയ വാഹനം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പ്രതികള്‍ തമിഴ്‌നാട് സ്വദേശികളാണെന്നു മനസിലാക്കി കൂടുതല്‍ അന്വേഷണത്തിനായി പൊലിസ് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്നു. കോയമ്പത്തൂരിലെ സുളൂരില്‍ നിന്നാണ് സഞ്ജീവ് കുമാര്‍ പിടിയിലാകുന്നത്.
തമിഴ്‌നാട്ടില്‍ നിന്നും വാഹനം മോഷ്ടിച്ചു നമ്പര്‍ പ്‌ളേറ്റ് മാറ്റി കേരള നമ്പര്‍ ഘടിപ്പിച്ചാണ് മോഷണത്തിനായി ഇവര്‍ ഇവിടെയെത്തിയത്. പരിയാരം എസ്. ഐ സഞ്ജയ്കുമാര്‍, എ. എസ്. ഐ സയ്യിദ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ നൗഫല്‍ അഞ്ചില്ലത്ത്, അശോക്,ഷിജുഅഗസ്റ്റിന്‍, സോജി അഗസ്റ്റിന്‍, രജീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.












Click it and Unblock the Notifications