നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണം: പരാതിയിൽ അടിമുടി ദൂരൂഹതയെന്ന് ആക്ഷേപം
കണ്ണൂർ: എഡിഎം കൈക്കൂലി വാങ്ങിയെന്ന് പരാതി ഉന്നയിച്ച കണ്ണൂർ മെഡിക്കൽ കോളേജ് ഇലക്ട്രീഷ്യൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന വാദത്തിൽ അടിമുടി ദുരുഹത. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഈ മാസം 10ന് അയച്ചതായി പറയുന്ന പരാതിയുടെ പകർപ്പ് പ്രശാന്തൻ മാധ്യമങ്ങൾക്ക് എഡിഎമ്മിന്റെ മരണവിവരം അറിഞ്ഞ ശേഷം കൈമാറിയിരുന്നു. എന്നാൽ പരാതി അയച്ചതിന്റെ നമ്പറോ പരാതി സ്വീകരിച്ചതായുള്ള രേഖകളോ കയ്യിലുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി.
മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു പരാതി അയയ്ക്കുന്നവർ സിഎംഒ പോർട്ടലിലേക്കാണ് വിവരങ്ങൾ നൽകാറുള്ളത്. അയച്ച ഉടൻ പരാതി ലഭിച്ചതായി കാണിച്ച് ഡോക്കറ്റ് നമ്പർ ഉൾപ്പെടെയുള്ള മറുപടി ഇ-മെയിലിൽ ലഭിക്കും. സർക്കാർ ജീവനക്കാരനും സിപിഎം സർവീസ് സംഘടന അംഗവുമായ പ്രശാന്തന് സിഎംഒ പോർട്ടലിനെക്കുറിച്ച് അറിയില്ലെന്നത് പറയുന്നത് അവിശ്വസനീയമാണ് എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

സർക്കാർ ജീവനക്കാരനായ ഒരാൾക്ക് എങ്ങനെ ഒരു ബിസിനസ് സംരംഭം തുടങ്ങാൻ സാധിക്കുമെത് സംശയത്തിന്റെ നിഴലിലാണ്. പരിയാരം മെഡിക്കൽ കോളജിലെ ഇലക്ട്രിഷ്യനായ ഒരാൾക്ക് എങ്ങനെ ഇത്രയേറെ തുക മുടക്കി പെട്രോൾ പമ്പ് തുടങ്ങാൻ കഴിയുമെന്ന കാര്യത്തിലും എഡിഎം വിളിച്ചപ്പോൾ കഴിഞ്ഞ ആറിന് ക്വാർട്ടേഴ്‌സിലെത്തി ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിൽ 98,500 രൂപ നൽകിയെന്ന് പറയുന്നതിലും ദുരൂഹത ആരോപിക്കുന്നുണ്ട്.
കൈക്കൂലി നൽകിയെന്നു സ്വയം പ്രഖ്യാപിച്ച സാഹചര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും എൻജിഒ അസോസിയേഷൻ ആവശ്യപ്പെടുന്നു. കൈക്കൂലി നൽകി നേടിയതാണ് എന്ന് പ്രശാന്തൻ തന്നെ വെളിപ്പെടുത്തിയ പമ്പിന്റെ അനുമതി റദ്ദാക്കണമെന്നുംആവശ്യം ഉയർന്നിട്ടുണ്ട്. ബിജെപി പ്രവർത്തകർ ഇതിനായി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിക്ക് നിവേദനം നൽകും.
സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പിപി ദിവ്യ. പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലാണ് ദിവ്യയുടെ ഭർത്താവ് വിപി അജിത് ഓഫീസ് അസിസ്‌റ്റന്റായി ജോലി ചെയ്യുന്നത്. ചെങ്ങളായിയിൽ പെട്രോൾ പമ്പ് തുടങ്ങാൻ എൻഒസിക്ക് അപേക്ഷ നൽകിയ ശ്രീകണ്ഠാപുരം നിടുവാലൂർ കെആർ ഹൗസിൽ ടിവി പ്രശാന്തൻ പരിയാരത്തെ കണ്ണൂർമെഡിക്കൽ കോളജിൽ ഇലക്ട്രിഷ്യനാണ്. ഇരുവരും സിപിഎമ്മിന്റെ സർവീസ് സംഘടനയിൽ അംഗങ്ങളാണ്.
സിപിഎം സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവും എകെജി സെന്റർ ഓഫിസ് സെക്രട്ടറിയുമായ ബിജു കണ്ടക്കൈയുടെ അച്ഛന്റെ ജ്യേഷ്ഠന്റെ മകനും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പിവി ഗോപിനാഥിന്റെ അമ്മാവന്റെ മകനുമാണ് പ്രശാന്തൻ. താൻ പാർട്ടി അംഗമാണെന്ന് പ്രശാന്തൻ തന്നെ നേരത്തെ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.
എഡിഎം നവീന്‍ ബാബുവിനെതിരായ കൈക്കൂലി പരാതി കെട്ടിച്ചമച്ചതാണെന്ന ആരോപണം ശക്തമാകുന്നതിനിടെ എഡിഎമ്മിനെതിരേ കൈക്കൂലി പരാതി ഉന്നയിച്ച ടിവി പ്രശാന്തനും മറ്റൊരു സംരംഭകനും തമ്മിലുള്ള ഫോണ്‍സംഭാഷണം പുറത്ത് വന്നിരുന്നു. എഡിഎം അഴിമതിക്കാരനല്ലെന്ന് പ്രശാന്തന്‍ പറയുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തായത്.
നിരാക്ഷേപപത്രം (എന്‍ഒസി) ലഭിക്കാത്തത് പോലീസ് റിപ്പോര്‍ട്ട് എതിരായതിനാലെന്നും സംഭാഷണത്തിനിടെ പ്രശാന്തന്‍ പറയുന്നുണ്ട്. നവീന്‍ ബാബുവിനെതിരേ പമ്പുടമ പ്രശാന്തന്റെ പരാതിയില്‍ ദുരൂഹതയുണ്ടെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് ആക്കം കൂട്ടുന്നതാണ് ഫോണ്‍ സംഭാഷണം. മുഖ്യമന്ത്രിക്ക് പ്രശാന്തന്‍ നല്‍കിയെന്ന തരത്തില്‍ പ്രചരിക്കുന്ന പരാതിയില്‍ ഒക്ടോബര്‍ ആറിന് കൈക്കൂലി നല്‍കി എന്നാണ് പറയുന്നത്. എന്നാല്‍ ഒക്ടോബര്‍ ഏഴിന് രാത്രി 8.26ന് മറ്റൊരു സംരംഭകനുമായി നടത്തുന്ന സംഭാഷണത്തില്‍ പ്രശാന്തന്‍ ഒരിടത്തും കൈക്കൂലിയെക്കുറിച്ച് മിണ്ടുന്നില്ല.
എഡിഎം ഓഫീസില്‍ എന്‍ഒസിക്കായി എത്തിയപ്പോഴായിരുന്നു സംരംഭകനെ പ്രശാന്തന്‍ പരിചയപ്പെടുന്നത്. രണ്ട് പേര്‍ക്കും എന്‍ഒസി ലഭിച്ചിരുന്നില്ല. ഇതിന്റെ ആശങ്കകളാണ് ഇരുവരും പങ്കുവയ്ക്കുന്നത്. എഡിഎം നവീന്‍ ബാബു കൈക്കൂലിക്കാരനാണെന്നുള്ള സൂചനയില്ലെന്ന് പ്രശാന്തന്‍ പറയുന്നുണ്ട്. താന്‍ ആദ്യം അങ്ങനെയാണ് കരുതിയത്. എന്നാല്‍ തനിക്ക് എന്‍ഒസി ലഭിക്കാതിരിക്കാനുള്ള കാരണം പോലീസാണ്. പോലീസ് റിപ്പോര്‍ട്ട് തനിക്ക് എതിരായിരുന്നുവെന്നും പ്രശാന്തന്‍ പറയുന്നു.












Click it and Unblock the Notifications