ചെങ്കടലായി കണ്ണൂര്‍: ചരിത്രസംഭവമായി പാര്‍ട്ടി കോണ്‍ഗ്രസ്
കണ്ണൂര്‍: നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചെങ്കൊടിയേന്തി ലക്ഷങ്ങള്‍ ഒഴുകിയെത്തിയതോടെ ചെങ്കടലായി കണ്ണൂര്‍. പുതുചരിത്രമെഴുതിയ പാര്‍ട്ടി കോണ്‍ഗ്രസ് ചരിത്രത്തിന്റെ സുവര്‍ണലിപികളില്‍ സ്ഥാനം പിടിച്ചു. കണ്ണൂരിലെ കമ്യൂണിസ്റ്റ് രാഷ്ട്രീയ കരുത്തും ജനസ്വാധീനവും സമന്വയിപ്പിച്ചപ്പോള്‍ സി.പി.എം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് ചരിത്രസംഭവമായി മാറുകയായിരുന്നു.
കണ്ണൂര്‍ നഗരം ഇതുവരെ കാണാത്ത ജനസമുദ്രത്തിനാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. സമാപന സമ്മേളന വേദിയായ കണ്ണൂര്‍ ജവഹര്‍സ്റ്റേഡിയത്തില്‍ സജ്ജമാക്കിയ എ.കെ.ജി നഗര്‍ നിറഞ്ഞുകവിയുകയായിരുന്നു. സ്റ്റേഡിയത്തിന് പുറത്തും അകത്ത് കയറാനാവാതെ പതിനായിരങ്ങള്‍ തമ്പടിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ചെങ്കൊടിയേന്തി ലക്ഷങ്ങളാണ് ജാഥയായി ഒഴുകിയെത്തിയത്.

വൈകുന്നേരം നാലിന് ഇ കെ നായനാര്‍ അക്കാദമിയില്‍ നിന്ന് പൊതുസമ്മേളന വേദിയായ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലെ എകെജി നഗറിലേക്ക് ആവേശം ജ്വലിപ്പിച്ച് മുന്നേറിയ റെഡ് വളണ്ടിയര്‍ മാര്‍ച്ച് വീക്ഷിക്കാന്‍ പാതയോരത്ത് പതിനായിരങ്ങള്‍ തമ്പടിച്ചു. 2000 വളണ്ടിയര്‍മാരാണ് വളണ്ടിയര്‍ മാര്‍ച്ചില്‍ അണിനിരന്നത്. ജില്ലാ വളണ്ടിയര്‍ ക്യാപ്റ്റനും സിപിഎം ഇരിട്ടി ഏരിയാ സെക്രട്ടറിമായ കെ വി സക്കീര്‍ ഹുസൈനും വൈസ് ക്യാപ്റ്റനും തലശേരി ഏരിയാകമ്മിറ്റി അംഗവുമായ എ കെ രമ്യയുമാണ് ചെമ്പടയെ നയിച്ചത്. 18 ഏരിയകളില്‍ 31 റെഡ് വളണ്ടിയര്‍മാര്‍ ഉള്‍പ്പടുന്ന രണ്ട് വീതം പുരുഷ-വനിത സ്‌ക്വാഡകളാണുണ്ടായിരുന്നത്. ഓരോ ഏരിയകളെയും സ്‌ക്വാഡുകളെയും പ്രത്യേക ലീഡര്‍മാരാണ് നയിച്ചത്.
ആറളം ഫാമിലെ ആദിവാസി സ്ത്രീകളുടെ വനിതാ സ്‌ക്വാഡ് മാര്‍ച്ചില്‍ പങ്കെടുത്തത് കാണികളില്‍ ആവേശമായി. പ്രഭാത് ജംങ്ഷന്‍, പ്ലാസ ജങ്ഷന്‍, മുനീശ്വരന്‍ കോവിലൂടെ പഴയ ബസ്റ്റാന്‍ഡ് വഴിയാണ് മാര്‍ച്ച് എകെജി നഗറില്‍ പ്രവേശിച്ചത്. റെഡ് വളന്‍ഡിയര്‍ മാര്‍ച്ചിനെ ജവഹര്‍ സ്റ്റേഡിയത്തിലും നഗരത്തിലും തമ്പടിച്ച ജനലക്ഷങ്ങള്‍ അഭിവാദ്യം ചെയ്തു. ഞായറാഴ്ച്ച ഉച്ചയോടെ തന്നെ പൊതുസമ്മേളനം നടക്കുന്ന കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞിരുന്നു.
ഇന്നലെ രാവിലെ മുതല്‍ തമിഴ്, കര്‍ണാടക, തെലങ്കാന എന്നിവടങ്ങള്‍ക്ക് പുറമേ ബംഗാള്‍, ത്രിപുര, മഹാരാഷ്ട്ര എന്നിവടങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരെത്തിയിരുന്നു .കുടുംബവുമായിട്ടാണ് പലരുമെത്തിയത്. ചുവപ്പു വളന്‍ഡിയര്‍ മാര്‍ച്ചിന് പിന്നാലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ തുറന്ന ജീപ്പില്‍ പ്രവര്‍ത്തകരെ കൈവീശി അഭിവാദ്യം ചെയ്തു കൊണ്ടു ജവഹര്‍ സ്റ്റേഡിയത്തില്‍ സജ്ജമാക്കിയ എ.കെ.ജി നഗറിലെത്തി.
ഇതിനു പിന്നാലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പി.ബി അംഗം പ്രകാശ് കാരാട്ട്, എന്നിവരും മറ്റു പി.ബി അംഗങ്ങളായ വൃന്ദാകാരാട്ട്, സുഭാഷിണി അലി, തുടങ്ങിയ 17 പി.ബി അംഗങ്ങളും കേന്ദ്രകമ്മിറ്റിയംഗങ്ങളുമെത്തി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ തുറന്ന വാഹനത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.












Click it and Unblock the Notifications