കണ്ണൂരില്‍ ബജറ്റിന് സമ്മിശ്രപ്രതികരണം: വെറും വാചക കസര്‍ത്ത് മാത്രമാണെന്ന് ഡോ. ടി ശിവദാസന്‍ എം പി
കണ്ണൂര്‍: ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയതിന്റെ ക്രെഡിറ്റ് കൂടി നരേന്ദ്രമോഡി സര്‍ക്കാര്‍ എടുത്തില്ലെന്ന് ആശ്വാസകരമാണെന്ന് കേന്ദ്രബഡ്ജറ്റിനെതിരെ വിമര്‍ശനവുമായി ഡോ.ടി.ശിവദാസന്‍ എം.പി 142 കോടി ജനങ്ങളുമായി ചൈനയെ മറികടന്നു ലോകത്ത് ഇന്ത്യ ഒന്നാമതെത്തിയെന്നും ഈ ചരിത്രനേട്ടം മാനനീയ പ്രധാനമന്ത്രിയുടെ ഭരണം കൊണ്ടാണെന്നും പറയാഞ്ഞത് വലിയ ഭാഗ്യമാണ് എന്നാണ് ബജറ്റ് അവതരണം കേട്ടപ്പോള്‍ തോന്നിയതെന്നും അദ്ദേഹം പരിഹസിച്ചു.
കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാസീതാരാമന്‍ അവതരിപ്പിച്ച ബഡ്ജറ്റ് പ്രസംഗം മുഴുവന്‍ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച മറച്ചു വെക്കാനുള്ള വാചകക്കസര്‍ത്താണ്. ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി എന്ന് വീമ്പിളക്കുമ്പോള്‍, പ്രതിശീര്‍ഷ വരുമാനത്തില്‍ നാം എവിടെ നില്‍ക്കുന്നുവെന്ന കാര്യം വസ്തുനിഷ്ഠമായി പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നു ശിവദാസന്‍ ആരോപിച്ചു.

കേവലം സമ്പദ് വ്യവസ്ഥയുടെ വലുപ്പമാണ് മാനദണ്ഡം എങ്കില്‍ പാകിസ്താനും ബംഗ്‌ളാദേശും, ഫിന്‍ലന്‍ഡ് നേക്കാളും ന്യൂസീലാന്‍ഡിനെക്കാളുമൊക്കെമെച്ചമാണ് എന്ന് പറയേണ്ടി വരും. എന്നാല്‍ മനുഷ്യവികസന സൂചിക നോക്കുമ്പോള്‍, ഫിന്‍ലാന്‍ഡ് പതിനൊന്നാമതാണ്. പാകിസ്ഥാന്‍ 161 മതും. എന്നാല്‍ ബിജെപി സര്‍ക്കാറിന്റെ കണക്കില്‍ പാക്കിസ്ഥാന്‍ ഫിന്‍ലന്‍ഡിനേക്കാള്‍ മികച്ചതാണ് എന്ന് പറയേണ്ടി വരും.
ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം , 2004 ല്‍ 624 ഡോളര്‍ ആയിരുന്നു . ഇത് 2014 ല്‍ 1438 ഡോളര്‍ ആയി വളര്‍ന്നു. അതായത് ഏകദേശം 2.3 മടങ്ങായി വളര്‍ന്നു.എന്നാല്‍ 2022 ല്‍പ്രതിശീര്‍ഷ വരുമാനം 2389 ഡോളറാണ്.. അതായത് 1.66 മടങ്ങു മാത്രമാണ് വളര്‍ന്നത്. എന്നാല്‍ ഇതേ കാലയളവില്‍ , നമ്മുടെ തൊട്ടപ്പുറത്ത് കിടക്കുന്ന ദരിദ്ര രാജ്യം വിശേഷിക്കപ്പെട്ടിരുന്ന ബംഗ്ലാദേശിന്, 2014 ല്‍ പ്രതിശീര്‍ഷവരുമാനം 974 ഡോളര്‍ മാത്രമായിരുന്നു . എന്നാല്‍ 2022 ല്‍ അത് 2688 ഡോളര്‍ ആയി . അതായത് 2.75 മടങ്ങു വര്‍ധനയാണുള്ളത്.
എന്തുകൊണ്ടാണ് ഇന്ത്യ പിന്നോക്കം പോയത് എന്ന് ചോദിക്കേണ്ടതിന് പകരം, പരാജയം മറച്ചു വെച്ച് ആഘോഷിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ശിവദാസന്‍ കുറ്റപ്പെടുത്തി.ഇതിനിടെ കേന്ദ്രബഡ്ജറ്റിനെ സ്വാഗതം ചെയ്തു നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ രംഗത്തുവന്നു.
ചുരുങ്ങിയ സമയംകൊണ്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച 2024 - ലെ കേന്ദ്ര ബഡ്ജറ്റ് സ്ത്രീ ശാക്തീകരണത്തിന് ഏറെ പ്രാധാന്യം നല്‍കി നിരവധി പദ്ധതികള്‍ വനിതകള്‍ക്ക് വേണ്ടി പ്രഖ്യാപിച്ചത് അഭിനന്ദനാര്‍ഹമാണെന്നു ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു.
വ്യക്തിഗത ആദായ നികുതി സ്ലാബില്‍ മാറ്റമില്ലാതെ തുടരുമ്പോഴും സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കും എന്ന പ്രഖ്യാപനവും കോര്‍പറേറ്റ് നികുതി വെട്ടിക്കുറച്ചതും വ്യാപാര വാണിജ്യ മേഖലയ്ക്ക് ഉണര്‍വും ഊര്‍ജ്ജവും പകരാന്‍ സഹായിക്കുമെന്ന് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡണ്ട് ടി കെ രമേഷ് കുമാര്‍, ഓണററി സെക്രട്ടറി സി അനില്‍ കുമാര്‍ എന്നിവര്‍ പറഞ്ഞു.
കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ യാഥാര്‍ഥ്യമാക്കുന്നതും, അതിനായി പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കുന്നതും ആരോഗ്യ വിദ്യാഭ്യാസ മേഖലക്ക് കുതിപ്പേകും.
1000 പുതിയ വിമാനങ്ങള്‍ ഇറക്കുവാനുള്ള തീരുമാനം നമ്മുടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ വികസനത്തിനും യാത്രക്കാരുടെ പ്രതീക്ഷകള്‍ക്കും കരുത്ത് പകരും .
നിലവിലുള്ള റെയില്‍വേ കമ്പാര്‍ട്ട്‌മെന്റുകള്‍ മാറ്റി 40,000 വന്ദേഭാരത് നിലവാരത്തിലുള്ള ബോഗികള്‍ പണിയാനുള്ള തീരുമാനം റെയില്‍വേ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടും.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കി പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാനുള്ള തീരുമാനവും , ഒരുകോടി വീടുകളില്‍ സൗജന്യ സോളാര്‍ പാനല്‍ സ്ഥാപിക്കാനുള്ള തീരുമാനവും വികസനത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചേംബര്‍ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications