കത്തുന്ന വേനൽ: കുടിവെള്ളം ഉറപ്പാക്കാൻ ജില്ലാഭരണകൂടം, യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് കളക്ടർ
കോഴിക്കോട്: വേനൽ കനക്കവേ കുടിവെള്ളലഭ്യത ഉറപ്പാക്കാനും വരൾച്ച പ്രതിരോധിക്കാനും നടപടികളുമായി ജില്ലാ ഭരണകൂടം. ഇതുസംബന്ധിച്ച പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ എസ്. സാംബശിവ റാവുവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. റവന്യു, ജലവിഭവം, ആരോഗ്യം, തദ്ദേശ സ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
വോട്ട് ചോദിച്ച് ഹോളി ആഷോഷിച്ച് ഹൈബി:യാത്ര തുടങ്ങിയത് മെട്രോയില്‍, ലീലാവതി ടീച്ചറുടെ അനുഗ്രഹം വാങ്ങി
യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ കുടിവെള്ള വിതരണത്തിന് നേതൃത്വം നൽകാൻ ചാർജ്ജ് ഓഫീസറെ നിയമിക്കാൻ നിർദേശം നൽകി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കിണറുകൾ, കുളം, ചെക്ക് ഡാം എന്നിവയുടെ പുനരുജ്ജീവനവും കിണർ റീച്ചാർജ്ജ് തുടങ്ങിയ പ്രവർത്തനങ്ങളും നടത്തും.

തദ്ദേശസ്വയംഭരണതല മിഷനുകളുടെയും ഹരിത കേരള മിഷന്റെയും ജലസാങ്കേതിക സമിതികളുടെയും യോഗം ചേർന്ന് പ്രചാരണ പ്രവർത്തനങ്ങൾ നടത്തും. ഹരിത കേരള മിഷൻ കുടുംബശ്രീയുമായി സഹകരിച്ച് അയൽക്കൂട്ട ജലസഭകൾ ഈ മാസം 31നകം ചേരും. ജില്ലയുടെ ഗ്രാമീണമേഖലകളിൽ മിക്കയിടത്തും പുഴകളിലെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. പ്രളയകാലത്ത് കരകവിഞ്ഞ നദികൾ പോലും നീർച്ചാലുകളായി മാറി.
സംസ്ഥാനത്തു മാർച്ച് മുതൽ മേയ് വരെയുള്ള കാലയളവിലാണ് വേനൽ കനക്കുന്നത്. ഫെബ്രുവരി മുതൽ തന്നെ വരൾച്ചാ ലക്ഷണങ്ങൾ പ്രകടമാകാറുമുണ്ട്. വരൾച്ച പ്രതിരോധത്തിനായി വിപുലമായ നടപടികളാണ് ജലവിഭവമടക്കമുള്ള വകുപ്പുകളുടെ മേൽനോട്ടത്തിൽ കൈക്കൊള്ളുന്നത്. ജലം ജീവാമൃതം എന്ന പേരിൽ പ്രത്യേക ബോധവത്കരണ കാമ്പയിൻ ജലവിഭവ വകുപ്പ് നടപ്പാക്കുന്നുണ്ട്.
വാട്ടർ അഥോറിറ്റി, ജലസേചന വകുപ്പ്, ഭൂജല വകുപ്പ്, ജലനിധി എന്നിവ സംയുക്തമായാണ് ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. ഹരിതകേരളം മിഷൻ പോലുള്ള സംവിധാനങ്ങളെയും ജലസംരക്ഷണ, വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. പൊതുജനങ്ങളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ താഴേ തട്ടിലെത്തിക്കുന്നത്.












Click it and Unblock the Notifications