ബസിൽ വച്ച് ഉപദ്രവിച്ചു, പ്രതിയെ ഓടിച്ച് പിടികൂടി ആരതി
കണ്ണൂർ: ബസിൽ യാത്ര ചെയ്യുന്ന സമയത്ത് ഉപദ്രവിച്ചയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് യുവതി. പുതിയ പോരാട്ടത്തിന്റെ നാളുകളിൽ മാതൃകയാകുകയാണ് കരിവെള്ളൂർ സ്വദേശിയായ ഈ യുവതി. പി. തമ്പാന്‍ പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി. ആരതിയാണ് ഉപദ്രവിച്ചയാളെ ഓടിച്ച് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. കരിവെള്ളൂരില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യുമ്പോഴാണ് ആരതിക്ക് ദുരനുഭവം ഉണ്ടായത്.

കഴിഞ്ഞ ദിവസമാണ് സംഭവം. സ്വകാര്യബസ് പണിമുടക്കിനെ തുടർന്ന് അന്നേ ദിവസം ബസിൽ നല്ല തിരക്കായിരുന്നു. ബസ് നീലേശ്വരത്ത് എത്തിയപ്പോള്‍ മുതൽ ലുങ്കിയും ഷര്‍ട്ടും ധരിച്ച ഒരാള്‍ ആരതിയെ ശല്യം ചെയ്യാന്‍ തുടങ്ങി. പല തവണ ആരതി ഇയാളോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും അയാള്‍ ശല്യം ചെയ്യുന്നത് തുടർന്നുകൊണ്ടിരുന്നു. വിഷയം ശ്രദ്ധയിൽപെട്ടിട്ടും ബസിലുള്ള ആരും തന്നെ ഒന്നും പ്രതികരിച്ചില്ലെന്നും ആരതി പറയുന്നു. ഉപദ്രവം തുടര്‍ന്നതോടെ പിങ്ക് പൊലീസിനെ വിളിക്കാനായി ബാഗില്‍നിന്ന് ഫോണെടുത്തു. അപ്പോഴേക്കും ബസ് കാഞ്ഞങ്ങാട്ടെത്തിയിരുന്നു. ഇതിനിടയില്‍ അയാള്‍ ബസില്‍നിന്ന് ഇറങ്ങിയോടി.

എന്തുതന്നെയായാലും വിടില്ലെന്നുറപ്പിച്ച് ആരതിയും പിന്നാലെ ഓടി. കാഞ്ഞങ്ങാട് ടൗണിലൂടെ നൂറുമീറ്ററോളം ദൂരം പിറകെ ഓടി പിടികൂടുകയായിരുന്നു. ഇയാളെങ്ങാനും രക്ഷപ്പെട്ടാല്‍ പരാതി നല്‍കുമ്പോള്‍ ഒപ്പം ചേര്‍ക്കാന്‍ അയാളുടെ ഒരു ഫോട്ടോയുമെടുത്തു. അവസാനം അയാള്‍ ലോട്ടറി സ്റ്റാളില്‍ കയറി ലോട്ടറിയെടുക്കാനെന്ന ഭാവത്തില്‍ നിന്നപ്പോള്‍ ആരതി സമീപത്തെ കടക്കാരോട് വിവരം പറയുകയായിരുന്നു. തുടർന്ന് ഇവരെല്ലാം ചേർന്ന് അയാളെ തടഞ്ഞുവച്ചു. ആരതി പിങ്ക് പൊലീസിനെ വിളിച്ചും വിഷയം ധരിപ്പിച്ചു. ഉടനെ സ്ഥലത്തെത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

52കാരനായ മാണിയാട്ട് സ്വദേശി രാജീവനാണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമത്തിലൂടെ ഇക്കാര്യം പങ്കുവച്ചതിലൂടെയാണ് പുറം ലോകം ഇക്കാര്യം അറിയുന്നത്. കഴിഞ്ഞവര്‍ഷം കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍നിന്ന് ആരതി ബിരുദപഠനം പൂര്‍ത്തിയാക്കിയിരുന്നു. കോളജിലെ എന്‍.സി.സി. സീനിയര്‍ അണ്ടര്‍ ഓഫീസർ കൂടിയായിരുന്നു ആരതി. ഇതിനു മുന്‍പും ബസില്‍ വെച്ച് ആരതിക്ക് ദുരനുഭവം ഉണ്ടായിട്ടുണ്ട്. എന്നാൽ പൊലീസിൽ പരാതിപ്പെടാനായി ബസിൽ നിന്ന് ഇറങ്ങിയപ്പോള്‍ പ്രതി ബസില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.












Click it and Unblock the Notifications