കണ്ണൂര്‍-പയ്യന്നൂര്‍ റൂട്ടിലെ മിന്നല്‍ പണിമുടക്കില്‍ യാത്രക്കാര്‍ വലഞ്ഞു
കണ്ണൂര്‍: വിദ്യാര്‍ത്ഥികള്‍ ബസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ കണ്ണൂര്‍- പയ്യന്നൂര്‍ റൂട്ടില്‍ നടത്തിയ സ്വകാര്യബസ് മിന്നല്‍ പണിമുടക്കില്‍ യാത്രക്കാര്‍വലഞ്ഞു. സമരം ശക്തമായതോടെ കണ്ണൂരില്‍ നിന്നുള്ള വിവിധ റൂട്ടിലേക്കും ബസോട്ടം നിലച്ചു.
ബുധനാഴ്ച്ച രാവിലെ മുതാലാണ് മിന്നല്‍ പണിമുടക്ക് നടത്തിയത്. വ്യാഴാഴ്ച്ച രാവിലെ മുതല്‍ സ്വകാര്യബസുകള്‍ സാധാരണ നിലയില്‍ സര്‍വീസ് നടത്തണമെന്ന് എസിപി ടികെ രത്നകുമാര്‍ ആവശ്യപ്പെട്ടുവെങ്കില്‍ ജീവനക്കാര്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

ബസ് ഉടമ- തൊഴിലാളി വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് എ.സി.പി അറിയിച്ചു. സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് പൊലിസ് സംരക്ഷണം നല്‍കും. തടയാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കണ്ണൂര്‍ പഴയബസ് സ്റ്റാന്‍ഡില്‍ ബസില്‍ വിദ്യാര്‍ത്ഥികളെ കയറ്റാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധമുണ്ടായത്.
വിദ്യാര്‍ത്ഥികള്‍ സ്വകാര്യബസുകള്‍ തടഞ്ഞതിനെ തുടര്‍ന്നാണ് കണ്ണൂര്‍-പയ്യന്നൂര്‍ റൂട്ടില്‍ ബസ് സമരമാരംഭിച്ചത്. ബുധനാഴ്ച്ച രാവിലെ ഒന്‍പതുമണിയോടെയാണ് സംഭവം. ബസില്‍ വിദ്യാര്‍ത്ഥികള്‍ കയറുന്നതിന് മുന്‍പേ വാതില്‍ അടച്ചു ബസ് മുന്‍പോട്ടെടുത്തതോടെ വിദ്യാര്‍ത്ഥികള്‍ ബസ് തടയുകയായിരുന്നു. കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന പിലാക്കുന്നുമ്മേല്‍ ബസാണ് തടഞ്ഞത്.
തുടര്‍ന്ന് പഴയബസ് സ്റ്റാന്‍ഡിലെത്തിയ തളിപറമ്പ്, പയ്യന്നൂര്‍, തലശേരി, കൂത്തുപറമ്പ് റൂട്ടിലടക്കം സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ വിദ്യാര്‍ത്ഥികള്‍ തടയുകയായിരുന്നു. നാലുവിദ്യാര്‍ത്ഥികള്‍ ബസില്‍ കയറാന്‍ നിന്നിരുന്നുവെന്നും എന്നാല്‍ രണ്ടു വിദ്യാര്‍ത്ഥികളെ മാത്രമേ കയറ്റിയിട്ടുള്ളുവന്നും കണ്ടക്ടര്‍.
വാതില്‍ അടച്ചു ബസ് മുന്‍പോട്ടെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കണ്ണൂര്‍ ടൗണ്‍ പൊലിസെത്തിയാണ് വിദ്യാര്‍ത്ഥികളെ പിരിച്ചുവിട്ടത്. വിദ്യാര്‍ത്ഥികളെ കയറ്റാതെ പോയ ബസും പൊലിസ്് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബസ്ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള സംഘര്‍ഷം പതിവാകുന്നതോടെ പെരുവഴിയിലാകുന്നത് യാത്രക്കാരാണ്. വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയില്‍ സ്വകാര്യബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ പെരുവഴിയിലാകുന്നത് സാധാരണക്കാരായ യാത്രക്കാരാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മട്ടന്നൂര്‍, തലശേരി, ഇരിട്ടി, ശ്രീകണ്ഠാപുരം നഗരങ്ങളില്‍ ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
ഇവിടങ്ങളിലും ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു. ബസുകള്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിടുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ സീറ്റില്‍ കയറി ഇരിക്കുന്നതാണ് പ്രശ്നകാരണമെന്ന് ബസ് തൊഴിലാളികള്‍ പറയുന്നു. ബസുകള്‍ പോകാന്‍ സ്റ്റാര്‍ട്ടു ചെയ്യുമ്പോള്‍ മാത്രം വിദ്യാര്‍ത്ഥികള്‍ കയറണമെന്ന ധാരണ തെറ്റിക്കുന്നതാണ് സകല പ്രശ്നങ്ങള്‍ക്കും കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. ഇതിനെ വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്യുന്നത് സംഘര്‍ഷത്തിലേക്ക് നയിക്കുകയാണ്.
ഇതുകൂടാതെ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറരുതെന്നു ജീവനക്കാര്‍ ശാഠ്യം പിടിക്കുന്നതും തര്‍ക്കത്തിനിടയാക്കുന്നുണ്ട്. ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള പ്രശ്നങ്ങള്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ഏറ്റെടുക്കുമ്പോള്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയാണ് പതിവ്.












Click it and Unblock the Notifications