ചരക്കുലോറി മറിഞ്ഞ് റോഡില്‍ പൊട്ടിയൊഴുകി നശിച്ചത് ഒന്നര ലക്ഷത്തോളം മുട്ടകള്‍: കേസെടുത്ത് പൊലീസ്
കണ്ണൂര്‍: തലശേരി- കണ്ണൂര്‍ ദേശീയ പാതയിലെമുഴപ്പിലങ്ങാട് മഠം റെയില്‍വെ മേല്‍പ്പാലത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും മുട്ടകയറ്റിക്കൊണ്ടുവന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തില്‍ ഒന്നരലക്ഷത്തോളം കോഴിമുട്ടകള്‍ റോഡില്‍വീണു പൊട്ടി. ഇതേ തുടർന്ന് പ്രദേശവാസികള്‍ക്ക് ദുര്‍ഗന്ധമുണ്ടാക്കിയെന്ന പരാതിയില്‍ എടക്കാട് പൊലിസ് നാമക്കല്‍ സ്വദേശിയായ ലോറി ഡ്രൈവര്‍ക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിന് കേസെടുത്തു.
മുഴപ്പിലങ്ങാട് മഠം റെയില്‍വേ മേല്‍പ്പാലത്തിലാണ് കോഴിമുട്ടയുമായി തലശേരി ഭാഗത്തു നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ചരക്കു ലോറി നിയന്ത്രണം വിട്ടു മറിഞ്ഞത്. ഞായറാഴ്ച്ച രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. ഒന്നരലക്ഷത്തോളം കോഴിമുട്ടകള്‍ റോഡില്‍ വീണുടഞ്ഞു. മുട്ട റോഡില്‍ തെറിച്ച് ഗതാഗതം ദുഷ്‌കരമായി. ഏറെ നേരം ഇതുവഴിയുള്ള ഗതാഗതവും മണിക്കൂറുകളോളം മുടങ്ങി. ലോറിയിലുണ്ടായിരുന്ന ജീവനക്കാര്‍ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇവര്‍ തലശേരി ജനറല്‍ആശുപത്രിയില്‍ ചികിത്‌സ തേടിയിട്ടുണ്ട്.

തലശ്ശേരിയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി റോഡില്‍ വെള്ളം ചീറ്റി റോഡിന്റെ ഉപരിതലത്തിലുണ്ടായ മുട്ടയുടെ വഴുക്കല്‍ മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. എടക്കാട് പോലീസും സ്ഥലത്തെത്തിയിരുന്നു. ക്രെയിന്‍ കൊണ്ടുവന്ന് ലോറി റോഡില്‍ നിന്ന് ഫയര്‍ഫോഴ്‌സും പൊലിസും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളുടെ ശ്രമഫലമായാണ് മാറ്റിയത്. കോഴിമുട്ട റോഡില്‍ വീണുടഞ്ഞതു കാരണം പ്രദേശത്ത് കടുത്ത ദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് ഉടമ നല്‍കുന്ന വിവരം. കണ്ണൂര്‍ ജില്ലയിലെവിവിധ മാര്‍ക്കറ്റുകളില്‍ മുട്ട തരണത്തിനെത്തിയതായിരുന്നു ചരക്കുലോറി.












Click it and Unblock the Notifications