ജ്വല്ലറിയിൽ നിന്ന് മുൻ ജീവനക്കാരി നിന്ന് ഏഴര കോടി തട്ടിയ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു
കണ്ണൂർ: കണ്ണൂരിലെ കൃഷ്ണ ജ്വല്ലറിയിൽ മുൻ ജീവനക്കാരി നിന്ന് ഏഴര കോടി തട്ടിയ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കേസ് ഇനി അന്വേഷിക്കുക. കേസിൽ സ്ഥാപനത്തിലെ മുൻചീഫ് അക്കൗണ്ടന്റായിരുന്ന ചിറക്കലിലെ കെ സിന്ധുവിനെ ചോദ്യം ചെയ്ത് ടൗൺ പൊലീസ് ഹൈകോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. സാമ്പത്തിക ക്രമക്കേട് നടന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നാണ് വിവരം. ഭീമമായ തുകയുടെ ക്രമക്കേടായതിനാലാണ് കൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കേസ് കൈമാറിയത്.

സ്ഥാപനത്തിൽ നിന്ന് 7,55,30,644 രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു മാനേജിങ് പാർട്‌ണർ സി വി രവീന്ദ്രനാഥിന്റെ പരാതിയിലുള്ളത്. കണക്കുകളിൽ കൃത്രിമം നടത്തിയത് കണ്ടുപിടിക്കാൻ മാനേജ്‌മെന്റ് നിയമിച്ച ഓഡിറ്ററെ സിന്ധു ഭീഷണി പ്പെടുത്തിയിരുന്നതായും പരാതിയുണ്ടായിരുന്നു. കണ്ണൂർ ടൗൺ സി.ഐ പി എ ബിനുമോഹന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസിലെ പ്രതിയായ ചിറക്കൽ സ്വദേശിനി സിന്ധുവിനെ ചോദ്യം ചെയ്തത്. ജ്വല്ലറി മാനേജിങ് പാർട്ട്ണർ പൊലിസിൽ പരാതി നൽകിയതിനു ശേഷം ഇവർ ദുബായിയിലേക്ക് കടന്നിരുന്നു. ഇതിനു ശേഷം ഹൈക്കോടതി മുഖേനെ മുൻകൂർ ജാമൃത്തിന് ശ്രമിച്ചുവെങ്കിലും കോടതി അനുവദിച്ചില്ല. അറസ്റ്റു തടഞ്ഞു കൊണ്ടു പൊലിസിന് മുൻപിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി നിർദ്ദേശിച്ചതിനെ തുടർന്നാണ് സിന്ധു മൂന്ന് ദിവസം കണ്ണൂർ ടൗൺ പൊലിസിൽ ഹാജരായത്. എന്നാൽ താൻ ജ്വല്ലറിയിൽ നിന്നും പണം തട്ടിയെടുത്തിട്ടില്ലെന്നായിരുന്നു ഇവരുടെ വാദം. വിദേശത്തേക്ക് കടന്ന കാര്യവും ഇവർ നിഷേധിച്ചു.
2014 മുതലാണ് കൃഷ്ണ ജ്വല്ലറിയിൽ നിന്നും ഇവർ പണം തട്ടിയെടുക്കാൻ തുടങ്ങിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്വന്തം പേരിലും മാതാവിന്റെയും ഭർത്താവിന്റെയും പേരിലുമ്മള്ള അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications