ഷെയർ ട്രേഡിങ്ങിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ കേസ്; ഇടനിലക്കാരായ 2 പേർ പിടിയിൽ
കണ്ണൂര്‍: ഷെയര്‍ ട്രേഡിങ് ആപ്പുവഴി നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ ഇടനിലക്കാരായ രണ്ടു പേർ അറസ്റ്റിൽ. കോഴിക്കോട് കെടാവൂര്‍ സ്വദേശികളായ മണ്ണാത്തി ഏറ്റുമ്മല്‍ സുരേഷ്, പുല്ലാടി സക്കറിയ എന്നിവരെയാണ് കണ്ണൂര്‍ സൈബര്‍ പോലീസ് സിഐ ബിജു പ്രകാശിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത് കുമാര്‍, അഡീഷനല്‍ എസ്.പി കെ.വി വേണുഗോപാല്‍ എന്നിവരുടെ മേല്‍നോട്ടപ്രകാരം നടത്തിയ അന്വേഷണത്തിലാണ് സൈബര്‍ പോലീസ് പ്രതികളെ പിടികൂടിയത്.
മംഗ്‌ളൂരില്‍ ബി.സി. എ വിദ്യാര്‍ത്ഥിയായ വിഘ് നേഷിന്റെ 51.65 ലക്ഷം രൂപ ഷെയര്‍ ട്രേഡിങിലൂടെ ഓണ്‍ലൈന്‍ തട്ടിപ്പുസംഘം തട്ടിയെടുത്തുവെന്ന പരാതിയില്‍ സൈബര്‍ പൊലിസ് നടത്തിയ അന്വേഷണമാണ് പ്രതികളിലെക്കെത്തിയത്. ഇതില്‍ നാലു ലക്ഷം രൂപ സുരേഷിന്റെ അക്കൗണ്ടിലെത്തിയതായി പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സുരേഷിന്റെ സുഹൃത്തായ സക്കറിയയുടെ നിര്‍ദ്ദേശപ്രകാരം സുരേഷിന്റെ പേരില്‍ വയനാട് പടിഞ്ഞാറെത്തറ സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയില്‍ അക്കൗണ്ട് തുറക്കുകയും പലരെയും അതിലേക്ക് പണമയപ്പിക്കുകയുമായിരുന്നു. താമരശേരി സ്വദേശി ലത്തീഫിന്റെ നേതൃത്വത്തിലുളള സംഘമാണ് ഇതിന് തങ്ങൾക്ക് പ്രതിഫലം നല്‍കിയതെന്ന് പ്രതികള്‍ മൊഴിനല്‍കിയിട്ടുണ്ട്.

അക്കൗണ്ടില്‍ വരുന്ന പണം മുഴുവന്‍ സുരേഷ് സക്കറിയയക്ക് സെല്‍ഫ് ചെക്ക്‌വഴി കൈമാറുകയാണ് പതിവ്. ഇതേ തുടര്‍ന്നാണ് തട്ടിപ്പുനടത്തിയ പണത്തില്‍ നിന്നും ഒരുഭാഗം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് സൈബര്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇവരുടെ അക്കൗണ്ട് വിശദവിവരങ്ങളും ബാങ്കിങ് ഇടപാടുകളും പരിശോധിച്ച ശേഷം പൊലിസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റു രേഖപ്പെടുത്തുകയുമായിരുന്നു. ഓണ്‍ ലൈന്‍ തട്ടിപ്പിന് നേതൃത്വം നല്‍കിയവരെ കുറിച്ചു വ്യക്തമായ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും സമാനമായി ലഭിച്ച മറ്റു പരാതികളും പരിശോധിച്ചുവരികയാണെന്നും കണ്ണൂര്‍ സൈബര്‍ പൊലിസ് അറിയിച്ചു.












Click it and Unblock the Notifications