പോലിസുകാരെ ടിപ്പര്‍ ലോറിയിടിച്ചു വധിക്കൻ ശ്രമിച്ച കേസ്; മണല്‍മാഫിയ തലവന്‍ അറസ്റ്റിൽ
വളപട്ടണം: അനധികൃത മണല്‍ക്കടത്ത് തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ടിപ്പര്‍ ലോറി ഇടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ അറസ്റ്റു ചെയ്തു. പാപ്പിനിശേരിയിലെ കെ.പി മുഹമ്മദ് ജാസിഫിനെയാണ് (38)വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ പാപ്പിനിശേരിയിലെ വീട്ടില്‍ നിന്നായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പ്രതികളെ സഹായിച്ച രണ്ടു പേരെ കഴിഞ്ഞ ദിവസം വളപട്ടണം പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ജൂലായ് 25-ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പാപ്പിനിശേരിയിലെ പാറക്കടവില്‍ നിന്നും പോലീസിനെതിരെ വധശ്രമമുണ്ടായത്. പാപ്പിനിശേരി മേഖലയിലെ വിവിധ കടവുകളില്‍ നിന്നും മണല്‍കടത്തിന് നേതൃത്വം നല്‍കുന്നയാളാണ് മുഹമ്മദ് ജാസിഫ്. മണല്‍കടത്ത് പിടികൂടാനെത്തിയ വളപട്ടണം എസ്. ഐ ടി. എം വിപിന്‍, സി.പി.ഒ കിരണ്‍ എന്നിവരെയാണ് മണല്‍ ലോറി ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സ്‌കൂട്ടറില്‍ വേഷം മാറി മണല്‍ കടത്ത് പിടികൂടാനെത്തിയ എസ്ഐയേയും പോലിസുകാരനെയും തിരിച്ചറിഞ്ഞ ജാസിഫ് മണല്‍ കടത്ത് സംഘത്തിന് നേതൃത്വം നല്‍കിയ ആളോട് ഇടിച്ചു കൊല്ലിനെടാ എന്ന് ആക്രോശിക്കുകയായിരുന്നത്രേ. ഇതോടെ പൊലിസുകാര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ ഇടിച്ചു തെറിപ്പിച്ചു. .പരുക്കേറ്റ പൊലിസുകാർ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്‌സ തേടിയിരുന്നു.

ഇടിച്ച വാഹനവുമായി രക്ഷപ്പെട്ട മണല്‍കടത്തുകാരെ പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ അറസ്റ്റു ചെയ്തു. മണല്‍കടത്തുകാരന്‍ റസാഖിനെയും ലോറി ഡ്രൈവറെയുമാണ് വളപട്ടണം പൊലിസ് അറസ്റ്റു ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. അതിനിടെയാണ് നാട്ടില്‍ നിന്നും മുങ്ങിയ ജാസിഫ് തിരിച്ചെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലിസ് പാപ്പിനിശേരിയില്‍ നിന്നും അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ വധശ്രമത്തിനും പോലിസുകാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തത്.
പ്രതിയെ ചോദ്യം ചെയ്തതിനു ശേഷം കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പാപ്പിനിശേരി, അഴീക്കല്‍ ഭാഗങ്ങളിലെ കടവുകളില്‍ മണല്‍ മാഫിയ പിടിമുറുക്കിയിട്ടും പോലിസ് നടപടിയെടുക്കുന്നില്ലെന്നപരാതിയുമായി നേരത്തെ പ്രദേശവാസികള്‍ രംഗത്തുവന്നിരുന്നു. പോലീസുകാരിലെ ചിലര്‍ മണല്‍മാഫിയക്ക് റെയ്ഡു വിവരം ചോര്‍ത്തി നല്‍കുകയും ഇവരില്‍ നിന്നും പണം കൈപ്പറ്റുന്നതായും ആരോപണവും ഉയര്‍ന്നിരുന്നു. ഇതു സാധൂകരിച്ചുളള തെളിവുകള്‍ വളപട്ടണം പോലിസ് സ്‌റ്റേഷനില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നേരത്തെയുണ്ടായിരുന്ന എസ്. ഐയുള്‍പ്പെടെ മൂന്ന് പേരെ സ്ഥലം മാറ്റിയിരുന്നു. ഇതിനു ശേഷം പൊലിസ് മണല്‍കടത്തിനെതിരെ നടപടി ശക്തമാക്കിയതില്‍ പ്രകോപിതരായ മണല്‍ മാഫിയ സംഘം അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.












Click it and Unblock the Notifications