കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദില്ലിയിൽ കർഷർക്ക് പിന്തുണ: കേരളത്തിൽ അവഗണന പ്രതിസന്ധിയിൽ കശുവണ്ടി കർഷകർ

  • By Desk
Google Oneindia Malayalam News

ശ്രീകണ്ഠാപുരം: ദില്ലിയിൽ കർഷകർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ കേരളത്തിലെ കശുവണ്ടി കർഷകരെ അവഗണിക്കുന്നതായി പരാതി. സംസ്ഥാനത്തെ കശുവണ്ടി കർഷകർ പ്രതിസന്ധിയിൽ മുങ്ങി താഴുമ്പോഴും സംസ്ഥാന സർക്കാർ ഒരു കൈ സഹായവുമായി എത്തുന്നില്ലെന്നാണ് കർഷകർ പറയുന്നത്. മലയോര മേഖലയിൽ മാവു പൂത്ത് കശുവണ്ടി വിരിയാൻ തുടങ്ങിയിട്ടുണ്ട്. ഈ വിളവെടുപ്പിന് മുൻപെയെങ്കിലും കശുവണ്ടിക്ക് സര്‍ക്കാര്‍ തറവില നിശ്ചയിക്കുകയും പുതുതായി കര്‍ഷകരെ ഈ രംഗത്തേക്ക് സജീവമാക്കുന്നതിന് ആനുകൂല്യം നല്‍കുകയും ചെയ്യണമെന്നാണ് കശുവണ്ടി കര്‍ഷകരുടെ ആവശ്യം.

സംസ്ഥാനത്ത് ന്യൂട്രീഷന്‍ ക്ലിനിക്കുകള്‍ ആരംഭിച്ചു; പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് മന്ത്രി കെ കെ ശൈലജസംസ്ഥാനത്ത് ന്യൂട്രീഷന്‍ ക്ലിനിക്കുകള്‍ ആരംഭിച്ചു; പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് മന്ത്രി കെ കെ ശൈലജ

ഒരുകാലത്ത് കണ്ണൂർ ജില്ലയുടെ മലയോരത്ത് കശുമാവുകള്‍ തിങ്ങിനിറഞ്ഞിരുന്നു. റബറിന്റെ ഉയര്‍ന്ന വിലയില്‍ ആകൃഷ്ടരായ കര്‍ഷകര്‍ കശുമാവ് മുറിച്ചുമാറ്റി റബര്‍ കൃഷിയിലേക്ക് തിരിഞ്ഞു. ടാപ്പിംഗ് കൂലിക്കും ചെലവിനുമനുസരിച്ച് റബറിനും വിലയില്ലാതായതോടെ എന്തുചെയ്യണമെന്ന ആധിയിലാണ് കര്‍ഷകര്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കശുമാവ് കൃഷിയുള്ളത് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്. കൊല്ലം, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലെ കശുവണ്ടി ഫാക്ടറികളിലേക്ക് ഇടനിലക്കാര്‍ വഴിയാണ് മലയോര മേഖലയിലെ കശുവണ്ടികള്‍ കൊണ്ടുപോകുന്നത്. കശുവണ്ടി വികസന കോര്‍പറേഷന്‍ നേരിട്ട് കര്‍ഷകരില്‍നിന്ന് കശുവണ്ടി വാങ്ങാന്‍ തയ്യാറായാല്‍ സ്വകാര്യ കമ്പനിക്കാരുടെ ചൂഷണം അവസാനിപ്പിക്കാമെന്നാണ് കശുവണ്ടി കര്‍ഷകര്‍ പറയുന്നത്.

 farmer-160995

കൊവിഡ് തകര്‍ത്ത മലയോര കര്‍ഷകരുടെ ജീവിതത്തിന് പ്രതീക്ഷയേകി കശുമാവുകള്‍ പൂത്തു തുടങ്ങിയിട്ടുണ്ട്. രണ്ട് വര്‍ഷം തുടര്‍ച്ചയായി അനുഭവിക്കേണ്ടിവന്ന പ്രളയത്തിലൂടെയുള്ള കൃഷിനാശം മൂലവും കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ നേരിട്ടുകൊണ്ടിരിക്കുന്ന കൊവിഡിനെ തുടര്‍ന്നുണ്ടായ കൊടും ദുരിതത്തിലും തകര്‍ന്ന് സാമ്പത്തിക പരാധീനതകള്‍ മൂലം ജീവിതം തള്ളിനീക്കാനാകാത്ത മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് ഇനിയുള്ള മെയ് മാസം വരെയുള്ള അഞ്ചുമാസക്കാലം പ്രതീക്ഷയും അല്‍പം ആശ്വാസവും നല്‍കുന്നത് കശുവണ്ടി മേഖലയാണ്. കാലവര്‍ഷം അവസാനിച്ച് വെയിലിന് ചൂടുകൂട്ടുകയും തണുപ്പുകാലമാവുകയും ചെയ്തതോടെയാണ് ഉളിക്കല്‍, കോളിത്തട്ട്, മട്ടിണി, അറബി, പെരിങ്കരി, പേരട്ട, കാലാങ്കി, മാട്ടറ തുടങ്ങി മലയോര മേഖലയിലെങ്ങും കശുമാവുകള്‍ പൂവിട്ടു തുടങ്ങിയത്.

മലയോരത്തെ ആറളം, അയ്യന്‍കുന്ന്, ഉളിക്കല്‍ മേഖലയിലെ ചില ബഡ് കശുമാവ് തോട്ടങ്ങളില്‍ കശുവണ്ടിയും കായ്ച്ചു തുടങ്ങി. പുഴുശല്യം കാരണം കശുമാവ് വ്യാപകമായി നശിച്ചതും കശുവണ്ടിയുടെ വിലക്കുറവും നിരവധി കര്‍ഷകരെ ഇതിനകം കൃഷിയില്‍ നിന്ന് പിന്തിരിപ്പിച്ചിട്ടുണ്ട്. മലയോരത്തെ ചില പ്രദേശങ്ങളില്‍ ഈ മാസം രണ്ടാംവാരത്തോടെ കശുവണ്ടി വിളവെടുപ്പ് ആരംഭിക്കും.

കഴിഞ്ഞവര്‍ഷം തുടക്കത്തില്‍ കശുവണ്ടിക്ക് കിലോയ്ക്ക് 130 രൂപ ലഭിച്ചെങ്കിലും കൊവിഡും ലോക്ഡൗണും മൂലം പിന്നീടത് എഴുപതും എണ്‍പതും രൂപയിലേക്ക് താഴ്ന്നു. തുടര്‍ന്ന് കാലവര്‍ഷത്തിനു മുന്നോടിയായുള്ള കനത്ത മഴ പെയ്തതോടെ വീണ്ടും വില കുത്തനെയിടിഞ്ഞു. കോവിഡ് സാഹചര്യമായതോടെ വീടിന് പുറത്തിറങ്ങാന്‍ പറ്റാതെ കശുമാവ് തോട്ടത്തില്‍ നിന്ന് കശുവണ്ടി ശേഖരിക്കുന്നതിനോ മലഞ്ചരക്കുകടകള്‍ അടച്ചിട്ടതു മൂലം അത് വില്‍പ്പന നടത്തുന്നതിനോ കര്‍ഷകര്‍ക്ക് സാധിച്ചിരുന്നില്ല.

വീടിനടുത്തുള്ളവര്‍ക്ക് ഭാഗികമായി കശുവണ്ടി ശേഖരിക്കാനായെങ്കിലും അത് വില്‍പ്പന നടത്താനായില്ല. ലോക്ഡൗണ്‍ കാലത്ത് കശുവണ്ടി സീസണ്‍ തീരാനുള്ള അവസാന മാസം സഹകരണ ബേങ്ക് മുഖേന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ കശുവണ്ടി സംഭരണം നടത്തിയിരുന്നെങ്കിലും ഉള്‍നാടന്‍ പ്രദേശത്തെ കര്‍ഷകര്‍ക്ക് അതിന്റെ ഗുണം ലഭിച്ചിട്ടുമില്ല. പലരുടെയും കശുവണ്ടി വില്‍പ്പന നടത്താനാകാതെ വീട്ടില്‍ കൂട്ടിയിട്ട് നശിച്ചുപോകുകയായിരുന്നു. ദുരിതകാലത്ത് പട്ടിണി മാറ്റാമെന്ന മലയോര കര്‍ഷകരുടെ പ്രതീക്ഷയാണ് പ്രളയവും കൊവിഡും മൂലം കഴിഞ്ഞ മൂന്ന് വര്‍ഷം തകര്‍ന്നടിഞ്ഞത്. ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി പല രാജ്യങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതും കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

English summary
Cashew farmers in Kerala under crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X