Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ വരുമ്പോള്‍ നിശബ്ദമാകുന്നു: വിഡി സതീശന്‍

കണ്ണൂര്‍: നാനൂറ് സീറ്റുകളിലും വിജയിക്കുമെന്ന് പ്രഖ്യാപിച്ച മോദിയും ബി.ജെ.പിയും എത്രത്തോളം വെപ്രാളത്തിലാണെന്ന് വ്യക്തമാക്കുന്നതാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കണ്ണൂര്‍ ഡിസിസി ഓഫീസില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വെപ്രാളവും അനിശ്ചിതത്വവുമാണ് ഇന്ത്യ മുന്നണിയുടെ മുന്നേറ്റം സംഘപരിവാര്‍ ക്യാമ്പില്‍ ഉണ്ടാക്കിയിരിക്കുന്നത്. എങ്ങനെയും ഇന്ത്യ മുന്നണിയെ തകര്‍ക്കണമെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തത്.

vd-satheesan

പ്രവര്‍ത്തിക്കാന്‍ കഴിയാത്ത തരത്തില്‍ കോണ്‍ഗ്രസിന്റെ ഫണ്ട് മരവിപ്പിച്ച് കയ്യും കാലും കെട്ടിയിടാന്‍ ശ്രമിക്കുകയാണ്. മറുവശത്ത് കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് ബോണ്ട് വഴി കോടികളാണ് അഴിമതിയിലൂടെ ബി.ജെ.പി പിരിച്ചെടുത്തത്. ജനാധിപത്യ രാജ്യത്ത് ഏകാധിപത്യ ഫാഷിസ്റ്റ് ഭരണകൂടം അവസാനഘട്ടത്തില്‍ എന്നതു പോലെ അഴിഞ്ഞാടുകയാണ്.

അരവിന്ദ് കെജ്രിവാളിനെ ജയിലിലാക്കാനുള്ള ശ്രമത്തിനെതിരെ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ പ്രതിഷേധ സംഗമം 27 ന് കോഴിക്കോട് നടക്കും.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റു ചെയ്യുന്ന കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ വരുമ്പോള്‍ നിശബ്ദമാകുന്നു. സ്വര്‍ണക്കള്ളക്കടത്തും ലൈഫ് മിഷനും കരുവന്നൂരും മാസപ്പടിയുമൊക്കെ എവിടെ പോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

കേരളത്തിലെ സിപിഎം നേതൃത്വവും പിണറായി വിജയനും സംഘപരിവാര്‍ നേതൃത്വവും തമ്മിലുള്ള അവിഹിത ബാന്ധവത്തിന്റെ ഫലമായാണ് ഈ മൃദുസമീപനം കാട്ടുന്നത്. കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ബിജെപി കേരളത്തില്‍ പിണറായി വിജയനെ പിന്തുണയ്ക്കുകയാണ്.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ബിജെപി കേന്ദ്ര മന്ത്രിയും തമ്മിലുള്ള ബിസിനസ് പാര്‍ട്ണര്‍ഷിപ്പ് ചോദ്യം ചെയ്യാത്തതിന് കാരണവും ഇതുതന്നെയാണ്. ബി.ജെ.പിയെ ഭയന്നും പേടിച്ചുമാണ് കേരളത്തിലെ ഭരണകൂടം നിലകൊള്ളുന്നത്. സിപിഎം മുന്‍ എംഎല്‍എ ഡല്‍ഹിയില്‍ ബിജെപി നേതാവിനെ സന്ദര്‍ശിച്ച്, വാര്‍ത്ത കൊടുത്തിട്ടും സൗഹൃദ സന്ദര്‍ശനമെന്ന് വിശദീകരിക്കുന്ന അവസ്ഥയില്‍ സിപിഎം എത്തിയിരിക്കുകയാണ്. സീതാറാം യെച്ചൂരിയെയോ പ്രകാശ് കാരാട്ടിനെയോ ബൃന്ദാ കാരാട്ടിനെയോ കാണാനല്ല രാജേന്ദ്രന്‍ ഡല്‍ഹിയില്‍ പോയത്.

എകെജി ഭവനിലേക്കും പോകാതെ കേരളത്തിലെ ബി.ജെ.പി ചുമതലയുള്ള പ്രകാശ് ജാവദേദ്ക്കറുടെ വീട്ടിലേക്കാണ് രാജേന്ദ്രന്‍ പോയത്. അതിലൊന്നും സി.പി.എമ്മിന് ഒരു കുഴപ്പവുമില്ല. പാര്‍ലമെന്റിലെ ക്യാന്റീനില്‍ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് കാപ്പി കുടിക്കാന്‍ പോയ എന്‍.കെ പ്രേമചന്ദ്രനെ സംഘിയാക്കാന്‍ പരിശ്രമിച്ച സി.പി.എം നേതാക്കള്‍ അവരുടെ നാവ് ഇപ്പോള്‍ ഉപ്പിലിട്ട് വച്ചിരിക്കുകയാണോ? രാജേന്ദ്രന്‍ പ്രകാശ് ജാവദേദ്ക്കറുടെ വീട്ടില്‍ പോയിട്ടും കേരളത്തിലെ സിപിഎം നേതാക്കള്‍ക്ക് ഒരു അനക്കവുമില്ല.

കര്‍ണാടകത്തില്‍ ദേവഗൗഡയുടെ ജനതാദള്‍ എസ് ബിജെപിയുടെ എന്‍ഡിഎയില്‍ അംഗമായിട്ടും കേരളത്തില്‍ അവര്‍ എല്‍ഡിഎഫിലാണ്. എന്‍ഡിഎയില്‍ അംഗമായ ജനതാദള്‍ എസ്സിനെ എല്‍ഡിഎഫില്‍ നിന്ന് പുറത്താക്കാനും മന്ത്രി കൃഷ്ണന്‍കുട്ടിയോട് രാജി ആവശ്യപ്പെടാനുമുള്ള ധൈര്യം മുഖ്യമന്ത്രി പിണറായി വിജയനുണ്ടോയെന്ന് വെല്ലുവിളിക്കുന്നു.

ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് എന്‍ഡിഎ ഘടകകക്ഷിയെ കേരളത്തിലെ എല്‍ഡിഎഫില്‍ നിലനിര്‍ത്തുന്നത്. അയല്‍ സംസ്ഥാനത്ത് ബിജെപിക്കൊപ്പം മത്സരിക്കുന്ന പാര്‍ട്ടിയെ എല്‍ഡിഎഫില്‍ നിലനിര്‍ത്തുന്നവരാണ് ഇവിടെ വര്‍ഗീയതയ്‌ക്കെതിരെ പ്രസംഗിക്കുന്നത്. ബിജെപിയെ സിപിഎം എത്രത്തോളം ഭയപ്പെടുന്നു എന്നതിന്റെ ഉദാഹരങ്ങളാണിതെന്നും വിഡി സതീശന്‍ പറഞ്ഞു.

ലൈഫ് മിഷന്‍ കോഴയില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ പോയിട്ടും മിഷന്‍ ചെയര്‍മാനായ പിണറായി വിജയനെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ലെന്നു മാത്രമല്ല മൊഴിയെടുക്കാന്‍ പോലും വിളിപ്പിച്ചില്ല. നിയമവിരുദ്ധമായി പണം കൈമാറിയെന്ന് രണ്ട് സ്റ്റ്യാറ്റിയൂട്ടറി അതോറിട്ടികള്‍ കണ്ടെത്തിയിട്ടും മാസപ്പടിയില്‍ മുഖ്യമന്ത്രിയുടെ മകളുടെ മൊഴിയെടുക്കാന്‍ പോലും എസ്എഫ്എഒ തയാറാകാത്തത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രിക്കെതിരെയും ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലുണ്ട്.

പ്രതിപക്ഷം ചോദിച്ച ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി ഇതുവരെ മറുപടി നല്‍കിയിട്ടില്ല. കരുവന്നൂര്‍ ഇ.ഡി കേസുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കളെ ചോദ്യം ചെയ്‌തെങ്കിലും ആരെയും അറസ്റ്റ് ചെയ്തില്ല. സിപിഎം നേതാക്കളെ സമ്മര്‍ദ്ദത്തിലാക്കിയാണ് തൃശൂരില്‍ അവരെ പ്രവര്‍ത്തനരഹിതമാക്കാന്‍ ശ്രമിക്കുന്നത്.

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഇ.ഡി മുഖ്യമന്ത്രി ക്ഷണിച്ച് വരുത്തുകയായിരുന്നു. എന്നാല്‍ കൊടകര കുഴല്‍പ്പണ കേസില്‍ ഇതുണ്ടായില്ലല്ലോ? കുഴല്‍പ്പണ കേസ് ഇ.ഡിയും അന്വേഷിക്കുന്നില്ല ഇന്‍കം ടാക്‌സും അന്വേഷിക്കുന്നില്ല. ബി.ജെ.പി നേതാക്കള്‍ക്കെതിരെ തെളിവുണ്ടായിട്ടും ഏതെങ്കിലും നേതാവിനെതിരെ കേരള പൊലീസ് കേസെടുത്തോയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചോദിച്ചു.

സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന പുതിയ ഉത്തരവോട് കൂടി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ട്രഷറിയില്‍ ഒരു ബില്ലും സമര്‍പ്പിക്കാനാകത്ത അവസ്ഥയാണ്. നാളെ മുതല്‍ ബില്ലുകള്‍ ക്യൂവിലാകും. ഇന്ന് സോഫ്ട് വെയര്‍ കേടാണ്. സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളെ കഴുത്ത് ഞെരിച്ച് കൊല്ലുകയാണ്. ഒഗസ്റ്റില്‍ കൊടുക്കേണ്ട രണ്ടാം ഗഡുവിന്റെ കുറച്ച് തുക നല്‍കിയത് ഡിസംബറിലാണ്. ആ തുക ട്രഷറിയില്‍ നിന്നും പാസായി കിട്ടിയില്ല. എന്നിട്ടാണ് ഡിസംബറില്‍ കൊടുക്കേണ്ട മൂന്നാം ഗഡു ഇപ്പോഴും നല്‍കാതിരിക്കുന്നത്.

ഇനി കിട്ടിയാലും ബില്‍ പാസാകില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മാര്‍ച്ച് 31 പുലരുന്നത് വരെ ബില്ലുകള്‍ സ്വീകരിക്കുമായിരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ഇല്ലാത്തവിധം തദ്ദേശ സ്ഥാപനങ്ങളെ ഈ സര്‍ക്കാര്‍ തകര്‍ത്തു. മൂന്നിലൊന്നു പണം മാത്രമാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചത്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കിയെന്നും വിഡി സതീശന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+