ബോംബുകള്‍ റോഡിലെറിഞ്ഞ് പൊട്ടിച്ചു; പൊലീസ് നേതൃത്വത്തില്‍ സര്‍വ്വകക്ഷി സമാധാന യോഗം
ചക്കരക്കല്ല്: ബോംബ് സ്ഫോടനം നടന്ന ചക്കരക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ പാര്‍ട്ടികള്‍ സമാധാന യോഗം ചേര്‍ന്നു. പ്രദേശത്ത് സമാധനം നിലനിര്‍ത്താന്‍ പൊലിസ് സ്റ്റേഷനില്‍ ചേര്‍ന്ന സമാധാന യോഗത്തില്‍ തീരുമാനിച്ചു. രണ്ട് ഐസ്‌ക്രീം ബോംബുകളാണ് റോഡില്‍ പൊട്ടിയ നിലയില്‍ കണ്ടെത്തിയത്. ചക്കരക്കല്‍ ബാവോട് പരിവാരത്താണ് സംഭവമുണ്ടായത്.
തിങ്കളാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ബോംബ് റോഡില്‍ എറിഞ്ഞു പൊട്ടിക്കുകയായിരുന്നു. ആളപായമോ മറ്റ് നാശനഷ്ടമോ ഉണ്ടായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് സിപിഎം- ബിജെപി സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. അതിനാല്‍ പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു. അതിനിടെയാണ് ബോംബ് സ്ഫോടനമുണ്ടായത്.

ബോംബ് പൊട്ടിച്ചത് ആരാണ് എന്നതിനേക്കുറിച്ച് അറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിക്കും. എതിരാളികളെ പേടിപ്പിക്കാനോ ശക്തി തെളിയിക്കാനോ വേണ്ടിയാകാം സ്ഫോടനം നടത്തിയത് എന്നാണ് പൊലീസിന്റെ നിഗമനം. സംഭവസ്ഥലത്ത് പൊലീസും ബോംബ് സ്‌ക്വാഡും ഉള്‍പ്പടെയുള്ളവര്‍ പരിശോധന നടത്തി.
ഇതിനിടെ വിശ്വാസികളുടെ ആരാധനാസ്വാതന്ത്ര്യം പോലും ഹനിക്കുന്ന തരത്തില്‍ ഉല്‍സവസ്ഥലങ്ങള്‍ സിപിഎമ്മും ബിജെപിയും ഭീതിയുടെ കേന്ദ്രങ്ങളാക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു. ചക്കരക്കല്‍ പോലീസ് സ്റ്റേഷനതിര്‍ത്തിയില്‍ ബാവോട് പൊലീസ് പട്രോളിംഗിനിടെയാണ് ബോംബേറുണ്ടായത്. ഉത്സവ സ്ഥലത്തെ സിപിഎം-ബിജെപി സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു അക്രമമുണ്ടായത്.
ഭാഗ്യമൊന്നു കൊണ്ടു മാത്രമാണ് ആര്‍ക്കും പരിക്കേല്‍ക്കാതിരുന്നത്. ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ പോലും ആധിപത്യമുറപ്പിക്കാനുള്ള സിപിഎം-ബിജെപി മല്‍സരമാണ് ജില്ലയിലെങ്ങും നടക്കുന്നത്. ഉത്സവത്തിന്റെ ഭാഗമായുള്ള ചടങ്ങുകളെ രാഷ്ട്രീയശക്തി തെളിയിക്കാനുള്ള അവസരമാക്കി മാറ്റുന്നത് ശരിയായ പ്രവണതയല്ല. ജില്ലയില്‍ പലയിടങ്ങളിലും ബോംബ്നിര്‍മാണം വ്യാപിക്കുകയാണ്.
പൊലീസ് ഇക്കാര്യത്തില്‍ കാര്യമായ റെയ്ഡുകളോ നടപടിയോ സ്വീകരിക്കുന്നില്ല. ഇക്കാര്യത്തില്‍ അമാന്തം തുടരുന്ന അധികൃതരുടെ സമീപനം അങ്ങേയറ്റം ആശങ്കാജനകമാണെന്ന് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.












Click it and Unblock the Notifications