ചെറുപുഴ ചെക്ക് ഡാം റോഡ് അപകടക്കെണിയായി, ടൂറിസം സാധ്യതകള്‍ മങ്ങുന്നതായി പ്രദേശവാസികള്‍
ചെറുപുഴ: മഴപെയ്തു തുടങ്ങിയതോടെ ചെറുപുഴ ചെക്ക്ഡാമിന്റെ സമീപത്തുകൂടി ബസ്റ്റാന്‍ഡിലേക്കെത്തുന്ന റോഡ് അപകടക്കെണിയായി. റോഡിലെ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതാണ് ഇരുചക്രവാഹനയാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും ഭീഷണിയായിട്ടുള്ളത്. ചെക്ക്ഡാമിന് സമീപം പഞ്ചായത്ത് നിര്‍മിച്ച പാര്‍ക്കിന് സമീപത്താണ് റോഡ് ഏറ്റവും ശോചനീയമായ നിലയിലുള്ളത്. കമ്പല്ലൂര്‍, കടുമേനി, തവളക്കുണ്ട് ഭാഗങ്ങളില്‍ നിന്നും ചെറുപുഴയിലേക്ക് വരുന്ന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്നതാണ് ചെറുപുഴ
ചെക്ക്ഡാം ബസ്റ്റാന്റ് റോഡ്. ടൗണിലേക്ക് എത്തിപ്പെടാനുള്ള ഈ റോഡിന്റെ പലഭാഗത്തും ടാറിംഗ് ഇളകി താറുമാറായിട്ട് നാളുകളായി. കഴിഞ്ഞദിവസങ്ങളില്‍ മഴ പെയ്തതോടെ ഈ ഭാഗത്ത് വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിട്ടുള്ളത്. വെള്ളക്കെട്ടിലൂടെ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ ഏറെ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്.

ടൗണിലെ പോക്കറ്റ് റോഡുകള്‍ നവീകരിക്കാന്‍ ഫണ്ട് മാറ്റിവെച്ചിട്ടുണ്ടെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും നടപടികള്‍ മാത്രം ഉണ്ടാകുന്നില്ല. റോഡിലെ കുഴികളില്‍ വീണ് അപകടത്തില്‍പ്പെടാതിരിക്കാന്‍ ഓട്ടോറിക്ഷകളും മറ്റും ഇപ്പോള്‍ തീയേറ്റര്‍ റോഡ് വഴിയാണ് ബസ്റ്റാന്റ് ഭാഗത്തേക്ക് വരുന്നത്. മഴവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കുഴികള്‍ മനസിലാകുന്നില്ലെന്നാണ് ഓട്ടോതൊഴിലാളികള്‍ പറയുന്നത്.
റോഡിനോട് ചേര്‍ന്നുള്ള പാര്‍ക്കില്‍ ഉല്ലസിക്കാന്‍ നിരവധി പേരാണ് എത്താറുള്ളത്.റോഡിലെ കുഴിയിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ചെളിവെള്ളം പാര്‍ക്കിനുള്ളിലേക്ക് തെറിക്കാറുണ്ട്. മഴവെള്ളം ഒഴുകിപ്പോകാന്‍ ഈ ഭാഗത്ത് ഓവുചാലില്ലാത്തതിനാല്‍ മഴ പെയ്യുന്ന സമയം റോഡിന്റെ മീറ്ററുകളോളം ദൂരം വെള്ളക്കെട്ടായി മാറും.
പഞ്ചായത്ത് വക പാര്‍ക്കില്‍ നിന്നും അല്‍പം മാറി കുട്ടികളുടെ പാര്‍ക്കും തുറന്നുകൊടുത്തിട്ടുണ്ട്. ഇതോടെ ഈഭാഗത്ത് ആള്‍സഞ്ചാരം വര്‍ധിക്കും. ഉല്ലാസത്തിനായി കുടുംബസമേതം എത്തുന്നവരുടെയും പതിവ് വാഹനയാത്രക്കാരുടെയും സുരക്ഷയെ കരുതി അടിയന്തിര പ്രാധാന്യത്തോടെ ഈ റോഡിന്റെ അറ്റകുറ്റപ്പണി നടത്തമമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
ഇതിനിടെ കുട്ടികള്‍ക്ക് കളിച്ചുല്ലസിക്കാന്‍ കാര്യങ്കോട് പുഴയോരത്ത് ചെറുപുഴ ചെക്ക് ഡാമിനോട് ചേര്‍ന്ന് ഗ്രാമീണ വായനശാല നിര്‍മിച്ച പാര്‍ക്ക് തുറന്നുകൊടുത്തു. ചെക്ക് ഡാമിന് സമീപം പുഴയ്ക്ക് അഭിമുഖമായി 7 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഗ്രാമീണ വായനശാല പാര്‍ക്ക് നിര്‍മിച്ചത്. കുട്ടികളുമായി വരുന്ന രക്ഷിതാക്കള്‍ക്ക് വിശ്രമിക്കാനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്.കുട്ടികള്‍ക്ക് കളിച്ചുല്ലസിക്കാന്‍ കാര്യങ്കോട് പുഴയോരത്ത് ചെറുപുഴ ചെക്ക് ഡാമിനോട് ചേര്‍ന്ന് ഗ്രാമീണ വായനശാല നിര്‍മിച്ച പാര്‍ക്ക് തുറന്നുകൊടുത്തു.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉദ്ഘാടന പരിപാടി ഒഴിവാക്കി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്‌സാണ്ടര്‍, പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ കെ.കെ. ജോയി, വായനശാല പ്രസിഡന്റ് വി. കൃഷ്ണന്‍, സെക്രട്ടറി കെ. ദാമോദരന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പാര്‍ക്ക് തുറന്നു. പുഴയോട് ചേര്‍ന്ന് പാര്‍ക്കിന് സുരക്ഷാവേലിയും, പാര്‍ക്കില്‍ വെളിച്ചം ലഭ്യമാക്കുന്നതിന് സോളാര്‍ സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്.
പാര്‍ക്കിലേക്ക് കുട്ടികളെ സ്വാഗതം ചെയ്യുന്നത് കങ്കാരുവിന്റെ ശില്പമാണ്. ഇതിനടുത്ത് തന്നെ സെല്‍ഫി പോയിന്റും, വിവിധ കളിയുപകരണങ്ങളും ഇരിപ്പിടങ്ങളും വെള്ളം ഒഴുകിപ്പോകാന്‍ ഓവുചാലുമുണ്ട്. ചെറുപുഴയിലെത്തുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കാര്യങ്കോട് പുഴയുടെ സൗന്ദര്യം ആസ്വദിച്ച് പുഴതീരത്ത് വിശ്രമിക്കാന്‍ പാര്‍ക്ക് പ്രയോജനപ്പെടും. നിലവില്‍ ഇവിടെ നിന്നും മീറ്ററുകള്‍ മാറി പഞ്ചായത്ത് നിര്‍മിച്ച പാര്‍ക്കുമുണ്ട്.ഔപചാരികമായി തുറന്നിട്ടില്ലെങ്കിലും ഈ പാര്‍ക്കിലും സന്ദര്‍ശകര്‍ എത്തുന്നുണ്ട്.












Click it and Unblock the Notifications