• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കല്ലച്ചിൽ നിന്നും ഓൺലൈൻ മൊബൈൽ വേർഷനുകളിലെക്കുള്ള മാധ്യമങ്ങളുടെ വളർച്ച വിസ്മയാവഹം: മുഖ്യമന്ത്രി

  • By Desk

കണ്ണൂർ: കല്ലച്ചിൽ നിന്നും ഡെസ്ക്ടോപ്പിലും പിന്നീട് മൊബെൽവേർഷനുകളിലേക്കും മാധ്യമ സാങ്കേതികവിദ്യ വളർന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ്ബ് സുവർണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം കണ്ണൂർ ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരിച്ചവരെക്കുറിച്ച് ദോഷം പറയരുത് എന്നാണ്, പക്ഷേ..; പി പരമേശ്വരനായി മാറ്റിവച്ച ഇടം ഞെട്ടിക്കുന്നത്

170 വർഷത്തെ ചരിത്രമുണ്ട് മലയാള പത്രപ്രവർത്തന രംഗത്തിന്. നാടിന്റെ വളർച്ച ലക്ഷ്യമിട്ടാണ് പഴയ കാല മാധ്യമ പ്രവർത്തകർ തങ്ങളുടെ ജോലി ചെയതിരുന്നത്. കണ്ണൂരിനെ സംബന്ധിച്ചിടുത്തോളം മാധ്യമ പ്രവർത്തന രംഗത്ത് പ്രത്യേകസ്ഥാനമുണ്ട്. മലയാളത്തിലെ ആദ്യ വർത്തമാനപത്രമായ രാജ്യ സമാചാരം ഹെർമൻ ഗുണ്ടർട്ട് പ്രസിദ്ധീകരിച്ചത് തലശേരിയിലെ ഇല്ലിക്കുന്നിൽ വെച്ചാണ്. രണ്ടാമത്തെ പത്രമായ പശ്ചിമോദയവും പ്രസിദ്ധീകരിച്ചത് തലശേരിയിൽ നിന്നു തന്നെയാണ്. ഒട്ടേറെ പ്രതിഭാധനന്മാരുടെ പ്രവർത്തന കേന്ദ്രമായിരുന്നു കണ്ണൂർ പ്രസ് ക്ലബ്ബ്. ഇവരൊക്കെ നാടിന്‍റെ താൽപര്യം മുൻനിർത്തിയാണ് എന്നും പ്രവർത്തിച്ചിരുന്നത്. പൊതുവികസനത്തിനു ക്രിയാത്മകമായ നിർദേശങ്ങൾ മുന്നോട്ടുവച്ചു മാതൃകാപരമായ പ്രവർത്തനമാണു കണ്ണൂരിലെ മാധ്യമപ്രവർത്തകർ പിന്തുടരുന്നത്.

കല്ലച്ചിൽ നിന്നും ഓൺലൈൻ പത്രപ്രവർത്തനത്തിലേക്കുള്ള വളർച്ച വിസ്മയാവഹമാണ്. സാങ്കേതിക പുരോഗതിയിൽ വലിയ മാറ്റങ്ങളാണു പത്രരംഗത്തുണ്ടായിരിക്കുന്നത്. പത്രങ്ങൾ കൂടുതൽ പ്രഫഷണലായി. എല്ലാ നിലയ്ക്കും ആധുനികവും ആകർഷവുമായി. എന്നാൽ, സാങ്കേതിക കാര്യങ്ങളിൽ അത്ഭുതാവഹമായ പുരോഗതി നേടുമ്പോഴും അത് ഉള്ളടക്കത്തിന്‍റെ കാര്യത്തിൽ ഉണ്ടായിട്ടുണ്ടോയെന്ന സംശയം ബാക്കിനിൽക്കുന്നു. സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഘട്ടങ്ങളിൽ പത്രപ്രവർത്തനം സാമൂഹിക ലക്ഷ്യത്തോടെയുള്ള സേവനമായിരുന്നു.

ദേശീയപ്രസ്ഥാനം ശക്തിപ്പെട്ടുവന്നപ്പോൾ സ്വാതന്ത്ര്യസമരത്തിനായി ജനങ്ങളെ സദാ സജ്ജരാക്കുകയായിരുന്നു പത്രപ്രവർത്തനത്തിന്‍റെ ലക്ഷ്യം. പത്രപ്രവർത്തനത്തിനു തുടക്കം മുതൽ തന്നെ ഒരു സന്ദേശവും വ്യക്തമായ ലക്ഷ്യവുമുണ്ടായിരുന്നു. ഇപ്പോൾ നാം ആധുനിക പത്രപ്രവർത്തനഘട്ടത്തിൽ എത്തി നിൽക്കുകയാണ്. ഈ സന്ദേശവും ലക്ഷ്യവും വഴിക്കെവിടയോ വച്ചു നഷ്ടമായില്ലേ. സന്ദേശവും ലക്ഷ്യവും വച്ചു പത്രപ്രവർത്തനം നടത്തുകയെന്നതു ശരിയല്ലെന്ന് കരുതുന്നവരുണ്ടാകും. അങ്ങനെ കരുതുന്നവരിൽ പലരും സാഹസികാംവിധം പത്രപ്രവർത്തനം നടത്തുന്നതിൽ നിന്നും ഒഴിഞ്ഞുനില്ക്കാൻ താൽപര്യപ്പെടുന്നവരാണ്. സന്ദേശവും ലക്ഷ്യവും മുൻനിർത്തി പത്രപ്രവർത്തനം നടത്തിയവർ എന്നും സാഹസികതയുടെ പാതയിലൂടെയാണു സഞ്ചരിച്ചിട്ടുള്ളത്. ആ വഴിക്കു നീങ്ങിയതുകൊണ്ടാണു സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള നാടുകടത്തപ്പെട്ടതും അദ്ദേഹത്തിന്‍റെ പ്രസ് കണ്ടുകെട്ടപ്പെട്ടതും. ദേശീയപ്രസ്ഥാനത്തിന്‍റെ ഭാഗമായി രൂപം കൊണ്ട പല പത്രങ്ങൾക്കും ആദ്യകാലത്ത് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പത്രങ്ങളും പത്രാധിപന്മാരും കടുത്ത വെല്ലുവിളികളേയും പ്രതിസന്ധികളേയും നേരിട്ടാണു സ്വാതന്ത്ര്യസമര കാലത്തു പത്രപ്രവർത്തനം നടത്തിയത്. ആ കാലഘട്ടത്തിലെ പത്രപ്രവർത്തനത്തിന്‍റെ പൊതുവായ ഉള്ളടക്കം നാടിനോടും ജനങ്ങളോടുമുള്ള പ്രതിബന്ധതയായിരുന്നു.

സ്വാതന്ത്ര്യലബ്ദിയെ തുടർന്നുള്ള ഘട്ടത്തിൽ ഈ ഉള്ളടക്കം നേർത്തു നേർത്തുവരുന്നതായാണു കാണാൻ സാധിച്ചത്. മുഖ്യധാരാ മാധ്യമങ്ങൾ പൊതുവിൽ അനീതിക്കും അധർമത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിൽ നിന്നു പിന്നോട്ടു പോവുകയാണുണ്ടായത്. ജനങ്ങളുടെ സ്വീകാര്യത ഉറപ്പിക്കാൻ ബദൽമാർഗങ്ങൾ മുഖ്യധാരാ മാധ്യമങ്ങൾ തേടുന്നതും സൂക്ഷ്മമായി പരിശോധിച്ചാൽ മനസിലാക്കാനാകും. വായനാസുഖമുള്ള ഇനങ്ങൾ കൊടുക്കുക, വാർത്തകളെ സെൻസേഷനലൈസ് ചെയ്യുക, ഗൗരവകരമായ ജനജീവിത പ്രശ്നങ്ങളെ നിസാരകങ്ങളായ കൗതുകവാർത്തകൾ കൊണ്ടു പകരം വയ്ക്കുക ഇത്തരത്തിലുള്ള ബദൽ മാർഗങ്ങളിലൂടെ പ്രഫഷണലൈസേഷൻ എന്നവഴിക്കാണു പലരും നീങ്ങിയത്.

ഈ പൊതുനിഗമനത്തിനു ചില മറുവാദങ്ങൾ ഇല്ലായെന്നില്ല. രാജ്യത്തെ പിടിച്ചുലച്ച വലിയ കുംഭകോണങ്ങളും കർഷക ആത്മഹത്യകളും പുറത്തുകൊണ്ടു വന്ന മാധ്യമ പ്രവർത്തകരുണ്ട്. പക്ഷെ, മുഖ്യധാരാ മാധ്യമങ്ങൾ പൊതുവേ സാഹസികതയുടെ വഴി ഉപേക്ഷിച്ചതായി കാണുന്നു. ഒറ്റപ്പെട്ട നിലയിലാണെങ്കിൽ‌ പോലും മൂല്യവത്തും അന്വേഷണാത്മകവുമായ പത്രപ്രവർത്തനം പിന്തുടർന്നവർ അങ്ങിങ്ങായി ഉണ്ടായിട്ടുണ്ട്. അവർക്ക് വലിയ വില നല്കേണ്ടതായും വന്നിട്ടുണ്ട്.

കഴിഞ്ഞവർഷം പുറത്തിറങ്ങിയ ഗ്ലോബൽ പ്രസ് ഫ്രീഡം ഇൻഡക്സിൽ 180 രാജ്യങ്ങളുണ്ട്. ഇതിൽ 140 ാം സ്ഥാനത്തു മാത്രമാണു നമ്മുടെ രാജ്യം. പത്രസ്വാതന്ത്ര്യത്തിന്‍റെ കാര്യത്തിൽ എത്രപിന്നിലാണു നാമെന്ന് ഓർത്തുനോക്കുക. അതിന് അടിവരയിടുന്ന വസ്തുതയാണ് ഇന്ത്യയിൽ മാധ്യമപ്രവർത്തകർക്കു നേരേ അക്രമങ്ങൾ പെരുകുന്നുവെന്നതും പലയിടങ്ങളിലും അതിനു ഭരണവർഗത്തിന്‍റെ പിന്തുണയുണ്ടെന്നതും. വലിയ മുഖ്യധാരാ മാധ്യമങ്ങൾ ഏതൊക്കെ വിഷയങ്ങൾക്കു നേർക്കു കണ്ണടയ്ക്കുന്നുവോ ആ വിഷ‍യങ്ങൾ മുഖ്യധാരയിലേക്കു കൊണ്ടു വരാൻ ശ്രമിക്കുന്നവർ അതിഭീകരമായി വേട്ടയാടപ്പെടുന്നുവെന്നതാണ് ഇതിൽ നിന്നും മനസിലാക്കുന്നത്. അഴിമതി മുതൽ വർഗീയത വരെയുള്ള വിഷയങ്ങൾ ഇതിൽപ്പെടും. മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചതിനാണു ഗൗരി ലങ്കേഷ് സ്വന്തം വീട്ടിൽ വെടിയേറ്റുമരിച്ചത്.

രാജ്യത്തു വ്യാപകമായ അസഹിഷ്ണുതയുടെ അന്തരീക്ഷം രൂപപ്പെടുന്പോൾ അതിന്‍റെ ഭീകരതയിൽ നിന്നും മാധ്യമപ്രവർത്തകർക്കും ഒഴിഞ്ഞുനില്ക്കാനാകില്ല. പത്രപ്രവർത്തനമെന്നതു സൂക്ഷ്മമായ അർഥത്തിൽ നോക്കിയാൽ ഒരു സാംസ്കാരിക പ്രവർത്തനമാണ്. സാംസ്കാരിക പ്രവർത്തനമാകട്ടെ നമ്മുടെ സാമൂഹ്യ ജീവിതത്തിന്‍റെ മേൽക്കൂരയാണ്. മേൽക്കൂര ഉറച്ചുനിൽക്കണമെങ്കിൽ താഴെ ഒരു അടിത്തറവേണം. അടിത്തറ ഭൗതികജീവിത സാഹചര്യത്തിന്‍റേതാണ്. ആ അടിത്തറ തകർന്നാൽ മേൽക്കൂരയ്ക്കു മാത്രമായി നിലനിൽപ്പില്ല. ഈ അടിത്തറയെ രൂപപ്പെടുത്തുന്നത് സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത തുടങ്ങിയ അടിസ്ഥാനസാമൂഹ്യ മൂല്യങ്ങളാണ്. ഇവ അപകടപ്പെട്ടാൽ മാധ്യമസ്വാതന്ത്ര്യത്തിനു വേറിട്ടു നിലനിൽക്കാനാകില്ല. ഈ സത്യം എത്ര മാധ്യമങ്ങളും മാധ്യമപ്രവർത്തകരും തിരിച്ചറിയുന്നുണ്ട്?. തിരിച്ചറിയുന്നവർപോലും ഇതറിഞ്ഞമട്ടിലല്ല പലപ്പോഴും പ്രവർത്തിക്കുന്നത്. ഭരണഘടനാമൂല്യങ്ങളായ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും എതിരേ ഉയരുന്ന ഭീഷണികളെ തുറന്നുകാട്ടാനും അവയെ ചെറുക്കാനും എത്രപേർ ജാഗ്രത പുലർത്തുന്നുണ്ട്. മതനിരപേക്ഷവും ജനാധിപത്യവും സ്വതന്ത്രവുമായ ഒരു സമൂഹം നിലനിന്നാൽ മാത്രമേ ശരിയായ പത്രപ്രവർത്തനത്തിനുള്ള അവസരമുണ്ടാകൂവെന്ന് തിരിച്ചറിയുന്നുണ്ടെങ്കിൽ ഈ രംഗത്തു നിസംഗത പാലിക്കാൻ കഴിയില്ല. കേരളത്തിലെ മാധ്യമങ്ങൾ ഇക്കാര്യത്തിൽ കുറേക്കൂടി മെച്ചപ്പെട്ട നിലപാട് സ്വീകരിക്കുന്നുണ്ടെങ്കിൽ കൂടി ദേശീയമാധ്യമങ്ങളുടെ സ്ഥിതി അത്തരത്തിലാണെന്നു പറയാൻ കഴിയില്ല. ഭരണഘടനാ മൂല്യങ്ങളെ തകർക്കാനും ജനാധിപത്യത്തെ അട്ടിമറിക്കാനും നടത്തുന്ന ശ്രമങ്ങൾക്കു കുടപിടിക്കുന്നവരായി പല മാധ്യമസ്ഥാപനങ്ങളും മാധ്യമപ്രവർത്തകരും മാറിയിട്ടുണ്ടെന്ന വസ്തുത മറക്കരുത്. ഇതിനെതിരേ മാധ്യമപ്രവർത്തകരുടെ ഭാഗത്തുനിന്നു തന്നെ പ്രതിഷേധവും ചെറുത്തുനില്പ്പും ഉയരേണ്ടതുണ്ട്. ഭരണഘടനയെ സംരക്ഷിക്കേണ്ടതു പത്രസ്വാതന്ത്ര്യം നിലനിൽക്കുന്നുവെന്ന് ഉറപ്പുവരുത്താൻ അത്യന്താപേക്ഷിതമാണ്. പൗരനു നഷ്ടപ്പെടുന്നതെന്തും മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും നഷ്ടപ്പെടും. മതനിരപേക്ഷത എന്നതു ഭരണഘടനാമൂല്യമാണ്. അതിനെ സംരക്ഷിക്കാൻ പൊരുതുന്നവരേയും നശിപ്പിക്കാൻ വേണ്ടി അക്രമം നടത്തുന്ന വർഗീയ ശക്തികളേയും ഒരേകണ്ണുകൊണ്ടല്ലേ രാജ്യത്ത് പല മാധ്യങ്ങളും കാണുന്നത്. മതനിരപേക്ഷതയും വർഗീയതയും ഏറ്റുമുട്ടുന്പോൾ നിഷ്പക്ഷരാവുകയല്ല, മതനിരപേക്ഷതയുടെ പക്ഷം ചേരുകയാണു വേണ്ടത്. മതനിരപേക്ഷത നിലനിന്നാലേ മാധ്യമസ്വാതന്ത്ര്യവും നിലനില്ക്കൂവെന്നു തിരിച്ചറിയാൻ കഴിയണം. രാജ്യം നേരിടുന്ന ഭീഷണികൾ തിരിച്ചറിഞ്ഞുകൊണ്ടുള്ള ഇടപെടലുകളാണ് ഇന്നു മാധ്യമങ്ങളുടെ ഭാഗത്തു നിന്നു വേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കണ്ണൂർ പ്രസ്ക്ലബ്ബ് സുവർണജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ സുമാ ബാലകൃഷ്ണൻ, എംപിമാരായ കെ.സുധാകരൻ, കെ.കെ.രാഗേഷ്, എംഎൽഎമാരായ സണ്ണിജോസഫ്, ടി.വി.രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി.സുമേഷ്, കേരള പത്രപ്രവർത്തക യൂണിയൻ കെ.പി.റെജി, ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷ് എന്നിവർ പ്രസംഗിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് എ.കെ. ഹാരിസ് ആമുഖ പ്രഭാഷണം നടത്തി. പ്രസ്ക്ലബ്ബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും ട്രഷറർ സിജി ഉലഹന്നാൻ നന്ദിയും പറഞ്ഞു. ജില്ലാ കളക്ടർ ടി.വി.സുഭാഷ് നയിച്ച ഗസൽ സന്ധ്യയും നടന്നു.

English summary
Chief minister Pinarayi Vijayan about evolution of media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X