പ്രചാരണത്തിന് മുഖ്യമന്ത്രി വീണ്ടും കണ്ണൂരിലേക്ക്: പ്രവർത്തകരിൽ ആവേശം പകരാൻ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കും
കണ്ണൂർ: സംസ്ഥാനമാകെ പ്രചാരണം ഊർജ്ജിതമാക്കി എൽഡിഎഫിൻ്റെ താരാ പ്രചാരകനും ഭരണമുന്നണിയുടെ ക്യാപ്റ്റനുമായ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും സ്വന്തം തട്ടകമായ കണ്ണുരിലെത്തും.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മത്സരിക്കുന്ന കണ്ണുർ മണ്ഡലത്തിലാണ് രണ്ടാം വരവിൽ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുക. കണ്ണൂർ മണ്ഡലം നിലനിർത്താനുള്ള ചിട്ടയായ പ്രവർത്തനത്തിൽ പ്രവർത്തകരെ ആവേശത്തിലാക്കി കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ 29ന് ജില്ലയിലെത്തും.
വൈകുന്നേരം മൂന്ന് മണിക്ക് മാപ്പിളബേയിൽ നടക്കുന്ന എൽഡിഎഫ് കൂറ്റൻ ബഹുജനറാലിയിൽ പിണറായി പങ്കെടുക്കും. കണ്ണൂർ മണ്ഡലത്തിന്റെ മാനിഫെസ്റ്റോ ചടങ്ങിൽ പ്രകാശനം ചെയ്യും. ബുധാഴ്ച ഭഗത് സിംഗ് ദിനത്തിൽ ബൂത്ത് കേന്ദ്രീകരിച്ച് നൂറ് കണക്കിന് യുവജനങ്ങൾ കടന്നപ്പള്ളിക്ക് ഐക്യ ദാർഡ്യവുമായി പ്രകടനം നടത്തി. കണ്ണൂർ മണ്ഡലം നിലനിർത്താൻ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് നേതാക്കൾ.

ലോക്സഭയുടെ വോട്ട് കണക്കെടുത്താണ് യുഡിഎഫ് ജയിക്കുമെന്ന വാദം ഉയർത്തുന്നത്. എന്നാൽ കഴിഞ്ഞ പതിനഞ്ച് വർഷത്തെ വോട്ടിംഗ് കണക്കിൽ എൽഡിഎഫിന് കൂടുതൽ സ്വീകാര്യത മണ്ഡലത്തിലുടനീളം കൂടി വരുന്നതായി കാണാമെന്നും നേതാക്കൾ അവകാശപ്പെട്ടു. കോർപ്പറേഷൻ രൂപീകരിക്കുന്നതിന് മുന്നേയുള്ള എളയാവൂർ, ചേലോറ, എടക്കാട് പഞ്ചായത്തും മുണ്ടേരി പഞ്ചായത്തും എൽഡിഎഫാണ് ഭരിച്ചിരുന്നത്. മുൻസിപ്പാലിറ്റി മാത്രമാണ് യുഡിഎഫിനുണ്ടായിരുന്നത്. കോർപ്പറേഷൻ രൂപീകരിച്ചപ്പോഴും മുൻസിപ്പാലിറ്റി ഒഴികെ മറ്റ് സോണലുകളിൽ വോട്ടിംഗിൽ മുന്നിൽ നിൽക്കുന്നത് എൽഡിഎഫ് തന്നെയാണ്.
മൂന്ന് മാസം മുന്നേ നടന്ന ' തദേശ തെരഞ്ഞെടുപ്പിൽ മുണ്ടേരി പഞ്ചായത്തിൽ 1005 വോട്ടും എളയാവൂർ സോണലിൽ 2316 വോട്ടും എൽഡിഎഫിന് കൂടുതൽ ലഭിച്ചിരുന്നു. എൽഡിഎഫിന് നല്ല ഭൂരിപക്ഷം നൽകുന്ന ചേലോറ സോണലിൽ 455 വോട്ട് യുഡിഎഫിനായിരുന്നു കൂടുതൽ ലഭിച്ചത്. എടക്കാട് സോണലിൽ 63 വോട്ടും മുൻസിപ്പൽ സോണലിൽ 3124 വോട്ടുമാണ് യുഡിഎഫിന് കൂടുതൽ ലഭിച്ചത്. ഇതിൽ ചേലോറ സോണലിൽ എൽഡിഎഫിന് രണ്ടായിരത്തലധികം വോട്ട് ലഭിക്കുമെന്നതിൽ സംശയമില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.. വെൽഫെയർ പാർട്ടിയുടെ വോട്ടും താണ ഡിവിഷൻ ഒഴികെ യുഡിഎഫിനായിരുന്നു ലഭിച്ചിരുന്നത്. എസ്ഡിപിഐയും ഭൂരിഭാഗം ഡിവിഷനുകളിലും യുഡിഎഫിനാണ് വോട്ട് ചെയ്തത്. ബിജെപിക്ക് മണ്ഡലത്തിൽ 11882 വോട്ട് ലഭിച്ചിരുന്നു. സാധാരണ 15000 ത്തിലേറെ വോട്ട് ലഭിക്കാറണ്ട്.
ഇത്തവണ മൂന്ന് മുന്നണിക്കും പുറമെ എസ്ഡിപിഐക്കും ന്യൂ ലേബർ പാർട്ടിക്കും മണ്ഡലത്തിൽ സ്ഥാനാർത്ഥികളുണ്ട്. മൂന്ന് സ്വതന്ത്രൻമാരുമുണ്ട്.ഇ തൊക്കെ കണ്ണുർ മണ്ഡലം നിലനിർത്താൻ അനുകൂല സാഹചര്യമാണെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ. കണ്ണുർ മണ്ഡലത്തിൽ എം.എൽ.എയും മന്ത്രിയുമായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ജനകീയതയും വികസന പ്രവർത്തനങ്ങൾ നടത്തിയതിലുള്ള ശുഷ്കാന്തിയും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. എന്നാൽ കണ്ണുർ നഗരത്തിലെ ഗതാഗതക്കുരുക്കും വികസന മുരടിപ്പും ചുണ്ടിക്കാട്ടിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി സതീശൻ പാച്ചേനി വോട്ടു തേടുന്നത് കേന്ദ്ര പദ്ധതികൾ നടപ്പിലാക്കുന്നതിൽ കാണിച്ച വീഴ്ച്ചയാണ് എൻ.ഡി.എ സ്ഥാനാർത്ഥി അർച്ചന വണ്ടിച്ചാൽ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുന്നത്.












Click it and Unblock the Notifications