ചിറക്കല്‍ ചാമുണ്ഡിക്കൊട്ടം പെരുങ്കളിയാട്ടം, ഊട്ടുപുര പ്രവേശനം ഏപ്രില്‍ നാലിന്
വളപട്ടണം: ചിറക്കല്‍ കോവിലകം ചാമുണ്ഡി കോട്ടം പെരും കളിയാട്ടം ഊട്ടുപുര പ്രവേശം ചൊവ്വാഴ്ച രാവിലെ എട്ടിന് .പെരികമന കൃഷ്ണപ്രസാദ് നമ്പൂതിരി പാവന്നൂരിന്റെ കാര്‍മ്മികത്വത്തിലാണ് ചടങ്ങ്. പുണ്യാഹം, അഷ്ടദ്രവ്യ ഗണപതി ഹോമം എന്നിവയ്ക്കു ശേഷമാണ് ഊട്ടുപുര പ്രവേശവും പാലുകാച്ചലുമെന്ന് സംഘാടക സമിതി കണ്‍വീനര്‍ സി.കെ.സുരേഷ് വര്‍മ്മ അറിയിച്ചു.
പ്രസിദ്ധ പാചക കലാകാരന്‍ പയ്യന്നൂര്‍ ദാമോദര പൊതുവാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഞ്ചു ദിനങ്ങളിലായി നടക്കുന്ന പെരും കളിയാട്ടത്തിന് അന്ന പ്രസാദമൊരുക്കുന്നത്. ഒരു നേരം അമ്പതിനായിരം പേര്‍ക്ക് ഊട്ടുനല്കാനുള്ള സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്

ഇതിനിടെ ചിറക്കല്‍ കോവിലകം ചാമുണ്ഡി കോട്ടം പെരും കളിയാട്ടത്തിനു വേണ്ട ഓല ചൂട്ടുകള്‍ ഒരുങ്ങിയിട്ടുണ്ട്. ചാമുണ്ഡി കോട്ടം മാതൃ സമിതിയുടെ നേതൃത്വത്തിലാണ് ചൂട്ടുകള്‍ ഒരുക്കുന്നത്. മാതൃ സമിതിയിലെ
62 അംഗങ്ങള്‍ വീടുകളിലും ചാമുണ്ഡി കോട്ടത്തു കേന്ദ്രീകരിച്ചുമാണ് ചൂട്ടകള്‍ കെട്ടുന്നത്
. മാതൃ സമിതി പ്രസിഡന്റ് ഷീന ഷാജി സെക്രട്ടറി പ്രീത വര്‍മ്മ എന്നിവരാണ് നേതൃത്വം . അഞ്ചു ദിവസങ്ങളിലേക്ക് ആവശ്യമായ ചൂട്ടകള്‍ ചൊവ്വാഴ്ചയോടെ സംഭരിക്കാന്‍ പറ്റുമെന്ന് പ്രീത വര്‍മ്മ പറഞ്ഞു.
ഇതിനിടെ ചിറക്കല്‍ ചാമുണ്ഡിക്കോട്ടം പെരിങ്കളിയാട്ട മഹോത്സവത്തിന് ആശംസ നേര്‍ന്നുകൊണ്ടു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തുവന്നത് കണ്ണൂരിലെ ജനങ്ങളെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ഭക്തിയും കലയും സംഗമിക്കുന്ന അപൂര്‍വ്വതയാണ് തെയ്യങ്ങളെന്ന് പ്രധാനമന്ത്രി സംഘാടകര്‍ക്ക് അയച്ച ഇ മെയില്‍ സന്ദേശത്തില്‍പറഞ്ഞു.
നാലരപതിറ്റാണ്ടിനുശേഷം ചിറക്കല്‍ ചാമുണ്ഡിക്കോട്ടത്ത് വീണ്ടും പെരുങ്കളിയാട്ടം സംഘടിപ്പിക്കുന്നതിലൂടെ പുതുതലമുറയ്ക്കു നാടിന്റെ ആചാരപെരുമ മനസിലാക്കാനുളള അവസരമാണ് ഒരുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ നാനാതുറകളിലുളളവര്‍ക്ക് ഒരുമിച്ചു പങ്കെടുക്കാനും സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാനും പെരുങ്കളിയാട്ടം സഹായിക്കുന്നുമെന്നും സംഘാടക സമിതി കണ്‍വീനര്‍ ചിറക്കല്‍ കോവിലകത്തെ സുരേഷ് വര്‍മ്മയ്ക്ക് അയച്ച ഇ മെയില്‍ സന്ദേശത്തില്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
നാലരപതിറ്റാണ്ടിനു ശേഷം ഏപ്രില്‍ അഞ്ചുമുതല്‍ ഒന്‍പതുവരെ നടക്കുന്ന പെരുങ്കളിയാട്ടം വടക്കന്‍ കേരളത്തിന്റെ തന്നെമഹോത്സവമായി മാറിയിരിക്കുകയാണ്. വിദേശികള്‍ ഉള്‍പ്പെടെയുളള നിരവധി വിനോദസഞ്ചാരികള്‍ ഇതിനകം തന്നെ ചിറക്കലില്‍ എത്തികഴിഞ്ഞു. ആചാരപരമായ ചടങ്ങുകള്‍ക്കു പുറമേ പ്രൗഡഗംഭീരമായ കലാസാംസ്‌കാരിക സദസും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം ഗോവന്‍ ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിളള നിര്‍വഹിക്കും. അഞ്ചിന് വൈകുന്നേരം ആറരമുതല്‍നടക്കുന്ന കലാസംഗമത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികളിലെ യുവപ്രതിഭകള്‍ മാറ്റുരയ്ക്കും. രാത്രി എട്ടുമണിമുതല്‍ ചലച്ചിത്ര താരം നിര്‍മല്‍ പാലാഴിയും മറ്റു ടി.വി താരങ്ങളും അണിനിരക്കുന്ന കോമഡിഷോയുണ്ടാകും. ആറിന് വൈകുന്നേരം ഏഴുമണി മുതല്‍ സംഗീത സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി നയിക്കുന്ന സംഗീത നിശ നടക്കും. പ്രശസ്ത പിന്നണിഗായകര്‍ അണിനിരക്കും.
ഏഴിന് വൈകുന്നേരം അഞ്ചുമണിമുതല്‍ മാനസ ജപലഹരി, മട്ടന്നൂര്‍ ശ്രീകാന്ത് മാരാര്‍, മട്ടന്നൂര്‍ ശ്രീരാജ്മാരാര്‍, ചിറക്കല്‍ നിധീഷ് മാരാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 101 വാദ്യകലാകാരന്‍മാര്‍ അണി നിരക്കുന്ന പാണ്ടിമേളം,7.30 മുതല്‍ നടക്കും. തുടര്‍ന്ന് കൈരളി ചാരിറ്റബിള്‍ ആന്‍ഡ് കള്‍ച്ചറല്‍ സൊസെറ്റിയുടെസാമൂഹിക നാടകം അരങ്ങേറും.
എട്ടിന് വൈകുന്നേരം അഞ്ചരയ്ക്ക് സാംസ്‌കാരി സമ്മേളനം ഏഴിന് കേരളത്തിലെ വിവിധ നാടന്‍ കലാരൂപങ്ങളുടെ നേര്‍ക്കാഴ്ച്ച എന്നിവയുമുണ്ടാകും. നാലരലക്ഷമാളുകളെയാണ് ഇക്കുറി ചിറക്കല്‍ ചിറയുടെ തീരത്തുളള ചാമുണ്ഡിക്കാവില്‍ പെരുങ്കളിയാട്ടത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടക സമിതി കണ്‍വീനര്‍ സുരേഷ് വര്‍മ്മ പറഞ്ഞു.












Click it and Unblock the Notifications