കൊടകര കുഴൽപണ കേസിൽ ഉപ്പു തിന്നവർ വെള്ളം കുടിക്കും: സി.കെ.പത്മനാഭൻ
കണ്ണൂർ: പരിസ്ഥിതി മാത്രമല്ല രാഷ്ട്രീയ രംഗവും മലീമസമായി മാറിയെന്ന് ബി.ജെ.പി മുതിർന്ന നേതാവ് സി.കെ.പത്മനാഭൻ അഭിപ്രായപ്പെട്ടു. ബി.ജെ.പിയിൽ പിടിമുറുക്കിയ കൊടകരകുഴൽപണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് ലഭിച്ച കെ.സുരേന്ദ്രനെതിരെ ഒളിയമ്പുമായാണ് ദേശീയ നിർവാഹക സമിതിയംഗം സി.കെ പത്മനാഭൻ രംഗത്തെത്തിയത്.

കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊടകര കുഴൽപ്പണ കേസുമായി തനിക്ക് ഒറ്റ കാര്യം മാത്രമേ പറയാനുള്ളു. 'അതു ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്നതാണ് ' അതു പ്രകൃതി നിയമമാണെന്നും അതിൽ നിന്നും ആർക്കും രക്ഷപ്പെടാനാവില്ലെന്നും സി.കെ.പത്മനാഭൻ പറഞ്ഞു
പരിസ്ഥിതി മാത്രമല്ല രാഷ്ട്രീയ രംഗവും മലീമസായിരിക്കുകയാണെന്നും പ്രകൃതിയോടൊപ്പം രാഷ്ട്രീയ, സാമൂഹിക രംഗങ്ങളും ശുദ്ധീകരികരിക്കപ്പെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിൽ പ്രതികരിക്കാൻ മറ്റു കാര്യങ്ങളൊന്നുമില്ല. രാഷ്ട്രീയത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയങ്ങൾ തിരുത്തി മുൻപോട്ടു പോകേണ്ടത് കാലത്തിൻ്റെ ആവശ്യമാണ്. രാഷ്ട്രീയത്തിലെ വിശുദ്ധി കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും സി.കെ.പി പറഞ്ഞു.
പരിസ്ഥിതിയെ മലിനമാക്കുന്നതാണ് ഏറ്റവും വലിയ രാജ്യദ്രോഹമാണ്. നാം ഓരോരുത്തരും നമ്മുടെ വീടും പരിസരവും മലിനീകരിച്ചതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി പിണറായി വിജയനെയുമൊക്കെ നാട് ശുചീകരിക്കാത്തതിന് കുറ്റം പറയുകയാണെന്നും സി.കെ.പി പറഞ്ഞു. വീടും പരിസരവും ശുചിയാക്കുകയെന്നത് ആർഷഭാരത സംസ്കാരമാണ്. ഭഗവാൻ ശ്രീകൃഷ്ണൻ ഭഗവദ് ഗീതയിലുടെ പറയുന്നതും ഇതു തന്നെയാണ്.
വൃക്ഷങ്ങളെയും പ്രകൃതിയെയും ആരാധിക്കുന്നവരാണ് ഭാരതീയർ. അതു കൊണ്ടു തന്നെ പരിസ്ഥിതി സംരക്ഷണമൊന്നത് നമ്മുടെ ഓരോരുത്തരുടെയും രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് 'ഭാരതത്തിൽ പ്രകൃതിസംരക്ഷണ സന്ദേശമുയർത്തിയ രാഷ്ട്രീയ നേതാവ് മഹാത്മ ഗാന്ധിയാണെന്നും സി.കെ.പി പറഞ്ഞു. പ്രകൃതി സ്നേഹത്തിൽ ഗാന്ധിജിയുടെ മാതൃക പിൻതുടരുകയാണ് നാം വേണ്ടത്. വികസനമെന്നാൽ മരങ്ങളും കുന്നുംപുഴയും നശിപ്പിച്ച് കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്നതല്ലെന്നായിരുന്നു ഗാന്ധിജിയുടെ വിചാരധാരാ 'നമ്മുടെ നാട്ടിൽ ആശുപത്രി ക ൾ കെട്ടിപ്പൊക്കുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടിരിന്നില്ല'ആശുപത്രികളില്ലാത്ത ലോകമാണ് അദ്ദേഹം സ്വപ്നം കണ്ടതെന്നും സി.കെ.പത്മനാഭൻ പറഞ്ഞു.
കണ്ണുർ ഹെഡ് പോസ്റ്റ് ഓഫിസിന് മുൻപിൽ വൃക്ഷതൈ നട്ടു കൊണ്ട് സി.കെ.പി ബി ജെ പി കണ്ണുർ ജില്ലാ കമ്മിറ്റിയുടെ പരിസ്ഥിതി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു.ജില്ലാ അദ്ധ്യക്ഷൻ എൻ.ഹരിദാസ്, യുവമോർച്ച ജില്ലാ പ്രസിഡൻ്റ് അരുൺ കൈതപ്രം ,ബിജെ പി നേതാക്കളായ പി.ആർ രാജൻ, കെ രതീഷ് എന്നിവർ പങ്കെടുത്തു.












Click it and Unblock the Notifications