അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് സികെ പത്മനാഭന്‍
കണ്ണൂര്‍: പിവി അന്‍വര്‍ എംഎല്‍എ എഡിജിപിക്കും ആഭ്യന്തര വകുപ്പിനുമെതിരെ ഗുരുതരമായ ആരോപണമുന്നയിച്ചിട്ടും വിഷയത്തെ ഗൗരവമായി പരിഗണിക്കാതെ ജനങ്ങളെ പരിഹസിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നതെന്ന് ബിജെപി ദേശീയസമിതിയംഗം സികെ പത്മനാഭന്‍. കണ്ണൂരില്‍ ബിജെപി മെംപര്‍ഷിപ്പ് ക്യാംപയിനെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്‍വറിന്റേത് കേവലം ഒരു ആരോപണം മാത്രമല്ല. മറിച്ച് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെയും ദേശീയ സുരക്ഷയെയും ബധിക്കുന്ന നിരവധി വിഷയങ്ങള്‍ അന്‍വറിന്റെ ആരോപണത്തിലുണ്ട്. പിണറായി വിജയനും അന്‍വറും തമ്മിലുള്ള സൗന്ദര്യപ്പിണക്കം മാത്രമല്ല അത്. രാജ്യത്തിലെ ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണിത്. ആരോപണ വിധേയര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ തന്നെ സംരക്ഷണം നല്‍കുകയാണ്.

എഡിജിപിയെ സ്ഥാനത്തിരുത്തി കീഴുദ്യേഗസ്ഥരോട് അന്വേഷിക്കാന്‍ പറഞ്ഞാല്‍ അത് ഒരിക്കലും നീതിപൂര്‍വ്വകമാകില്ല. എഡിജിപിയെ മാറ്റിക്കൊണ്ട് കേന്ദ്ര ഏജന്‍സി അന്വേഷിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ വസ്തുത പുറത്ത് വരികയുള്ളു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സൂപ്പര്‍ മുഖ്യമന്ത്രിയുടെ അധികാരം കയ്യാളുന്ന ചില ആളുകളുണ്ട്. ഘടക കക്ഷികള്‍ പോലും അതിന് എതിരായി സംസാരിച്ചിട്ടും മുഖ്യന്ത്രി അനങ്ങുന്നില്ല.
നേരത്തെ പാര്‍ട്ടിക്ക് കീഴിലായിരുന്നു മുഖ്യമന്തിയെങ്കില്‍ ഇപ്പോള്‍ മുഖ്യമന്ത്രിക്ക് കീഴിലാണ് പാര്‍ട്ടി. അധികാരത്തിന്റെ തണലില്‍ നില്‍ക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്നും പത്മനാഭന്‍ പറഞ്ഞു. ഭാരതീയ ജനതാ പാര്‍ട്ടി കൃത്യമായ ആദര്‍ശ പദ്ധതിയോടെ പ്രവര്‍ത്തിക്കുന്ന സംഘടനാ സംവിധാനമാണെന്നും അത് കേവലം അധികാര കേന്ദ്രീകൃതമായ പാര്‍ട്ടിയല്ലെന്നും പത്മനാഭന്‍ പറഞ്ഞു.
അധികാരം നഷ്ടപ്പെട്ടാലും പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആദര്‍ശത്തിലധിഷ്ഠിതമായി മുന്നോട്ട് പോകണം. പാര്‍ട്ടിയെ കേന്ദ്രീകരിച്ച് അധികാരമെന്നതാണ് സംവിധാനം. അധികാരത്തെ കേന്ദ്രീകരിച്ച് പാര്‍ട്ടിയെന്ന നിലപാടല്ല ബിജെപിയില്‍. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ധാരാളം ആളുകള്‍ പാര്‍ട്ടിയിലേക്ക് വരുന്നു. എല്ലാവരും മെമ്പര്‍ഷിപ്പ് എടുക്കണമെന്ന രീതിയിലാണ് കാമ്പയിന്‍.
പ്രത്യേക വേര്‍തിരിവൊന്നുമില്ലാതെയാണ് പ്രവര്‍ത്തനം. കണ്ണൂര്‍ ജില്ലയിലും കൂടുതല്‍ പേരെ മെമ്പര്‍മാരായി ചേര്‍ത്ത് മുന്നോട്ട് പോകാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. അന്തര്‍ദേശീയ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ അഷിക സന്തോഷ്, റിട്ട. എല്‍ഐസി ഓഫീസര്‍ പി.വി. ചന്ദ്രന്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ദേശീയ സമിതിയംഗം സി. രഘുനാഥ്, ജില്ലാ വൈസ് പ്രസിഡന്റ് ടി.സി. മനോജ്, ജില്ലാ ട്രഷറര്‍ യു.ടി. ജയന്തന്‍, അജികുമാര്‍ കരിയില്‍, സെലീന തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി സ്വാഗതവും സി.പി. സംഗീത നന്ദിയും പറഞ്ഞു.












Click it and Unblock the Notifications