തർക്കം രൂക്ഷം: കണ്ണൂരും കാസർകോട്ടും ബി.ജെ.പി ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചില്ല
കണ്ണൂർ: കണ്ണൂരും കാസർകോടും ബിജെപി ജില്ലാ പ്രസിഡന്റുമാരെ തർക്കം കാരണം പ്രഖ്യാപിച്ചില്ല. കണ്ണൂരിൽ ബിജെപി സംസ്ഥാന കോർഡിനേറ്റർ കെ രഞ്ജിത്തിന്റെ പേരിനാണ് മുൻതൂക്കം. എന്നാൽ നിലവിലെ പ്രസിഡന്റായ സി സത്യപ്രകാശ് തന്നെ തുടരണമെന്ന് ഒരുവിഭാഗം ശക്തമായി ആവശ്യപ്പെട്ടതിനാലാണ് തർക്കം നിലനിൽക്കുന്നത്. ഇതിന് സമാനമായ സാഹചര്യമാണ് കാസർഗോഡുമുള്ളത്.
നിലവിലെ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് തുടരണമെന്ന് ഒരു വിഭാഗവും ഒഴിയണമെന്ന് മറ്റൊരു വിഭാഗവും ആവശ്യപ്പെടുന്നു. ഈ തർക്കമാണ് നിലവിൽ പുതിയ ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിക്കാൻ തടസമായി നിൽക്കുന്നത്. കോട്ടയം, എറണാകുളം ജില്ലകളിലും ഇതു തന്നെയാണ് അവസ്ഥ. മറ്റിടങ്ങളിൽ ബിജെപി ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. വി വി രാജേഷാണ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, പത്തനംതിട്ടയിൽ അശോകൻ കുളനട പ്രസിഡന്റായി തുടരും. ഇടുക്കിയിൽ കെ എസ് അജി, തൃശൂർ കെ കെ അനീഷ്, കോഴിക്കോട് വി കെ സജീവൻ എന്നിവരെ തെരഞ്ഞെടുത്തു

കൊല്ലത്ത് ബി ബി ഗോപകുമാറും വയനാടിൽ സജി ശങ്കറും വീണ്ടും തുടരും. പാലക്കാട്ട് ഇ കൃഷ്ണദാസും തുടരും. മലപ്പുറത്ത് രവി തേലത്തും ആലപ്പുഴയിൽ എം വി ഗോപകുമാറും പ്രസിഡന്റുമാരായി. അതേസമയം, കണ്ണൂർ, കാസർകോട്, എറണാകുളം, കോട്ടയം ജില്ലകളിൽ ധാരണയായില്ല. തിരഞ്ഞെടുക്കപ്പെട്ടവരിൽ കൂടുതല്‍ ജില്ലാ പ്രസിഡന്റുമാർ കൃഷ്ണദാസ് പക്ഷത്തിനാണെന്നാണ് വിവരം. ഇതിനിടെ, സംസ്ഥാന അധ്യക്ഷനെ സംബന്ധിച്ച പ്രഖ്യാപനം രണ്ടുദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് സൂചന. ഇതിനു ശേഷമാകും നാലു ജില്ലകളിലെ പ്രസിഡന്റുമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.












Click it and Unblock the Notifications