പെര്‍മിറ്റിനെ ചൊല്ലി തര്‍ക്കം; കണ്ണൂരിൽ ഓട്ടോറിക്ഷ തൊഴിലാളികൾ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷം
കണ്ണൂര്‍: പെര്‍മിറ്റില്ലാത്ത ഓട്ടോറിക്ഷ സര്‍വീസിനെ ചൊല്ലി കണ്ണൂര്‍ നഗരത്തില്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ തമ്മില്‍ ചേരിതിരിഞ്ഞു സംഘര്‍ഷം. കണ്ണൂര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്തിയ ഓട്ടോറിക്ഷ യാത്രക്കാരെ കയറ്റിയതിനെ ചൊല്ലിയാണ് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കണ്ണൂര്‍ പൊതുമരാമത്ത് വകുപ്പ് ഓഫീസ് പരിസരത്തുളള സ്‌റ്റോപ്പില്‍ സംഘര്‍ഷമുണ്ടായത്. ഇതു ചോദ്യം ചെയ്‌ത ഓട്ടോറിക്ഷ സംയുക്ത ട്രെഡ് യൂനിയന്‍ പ്രവര്‍ത്തകരെ പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്തിയ ഓട്ടോഡ്രൈവറും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി.
ടൗണില്‍ സര്‍വീസ് നടത്താന്‍ പെര്‍മിറ്റില്ലാത്ത ഓട്ടോറിക്ഷ പൊതുമരാമത്ത് വകുപ്പ് ഓഫീസിനു മുന്‍പിലെ സ്‌റ്റോപ്പില്‍ നിന്നും സര്‍വീസ് നടത്തുന്നത് ചോദ്യം ചെയ്ത സംയുക്ത ഓട്ടോ തൊഴിലാളിയന്‍ പ്രവര്‍ത്തകരെ പെര്‍മിറ്റില്ലാത്ത ഓട്ടോ ഡ്രൈവറും ഇതിനു സമാനമായി ജോലി ചെയ്യുന്ന മറ്റുളളവരും മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഇതേ തുടര്‍ന്ന് കണ്ണൂര്‍ നഗരത്തില്‍ ഒരുമണിക്കൂറോളം സംഘര്‍ഷമുണ്ടായി. മര്‍ദ്ദനത്തിന് ഇരയായ സംയുക്ത ഓട്ടോ ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകരായ കുന്നത്ത് രാജീവന്‍, ഷിഗില്‍ ബാബു, വി.വി മഹ്മൂദ് എന്നിവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

ഇവരുടെ പരാതിയില്‍ അക്രമം നടത്തിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കും ഇയാളുടെ കൂടെയുണ്ടായിരുന്ന അഞ്ചു പേര്‍ക്കുമെതിരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. പെര്‍മിറ്റില്ലാത്ത ഓട്ടോറിക്ഷ സര്‍വീസുകള്‍ക്കെതിരെ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കുമെന്ന് സംയുക്ത ട്രേഡ് യൂനിയന്‍ സമിതി ഭാരവാഹികള്‍ അറിയിച്ചു.
രണ്ടാഴ്ച്ച മുന്‍പ് തലശേരി ടൗണിലും ഇതിനു സമാനമായി ഓട്ടോറിക്ഷ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. പൊലിസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. ഇതിനിടെ കണ്ണൂരില്‍ സംഘര്‍ഷം നടക്കുന്നതിനിടെ പോലീസിനെ വിളിച്ചുവെങ്കിലും ട്രാഫിക്ക് പോലീസ് സ്റ്റേഷനില്‍ നിന്നോ ടൗണ്‍ പോലീസ് സ്റ്റേഷിനില്‍ നിന്നോ ആരും വന്നില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായത്.
പോലീസിനെ വിവരം അറിയിച്ച് ഒരുമണിക്കൂറിന് ശേഷമാണ് പോലീസ് സ്ഥലത്തെത്തിയതും ഓട്ടോഡ്രൈവറെയും ഓട്ടോയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതോടെയാണ് സംഘര്‍ഷത്തിന് അയവുണ്ടായത്.
കോര്‍പ്പറേഷന്‍ പരിധിയില്‍ നിന്നും കോര്‍പ്പറേഷന് പുറത്തേക്ക് പോയാല്‍ അവിടെയുള്ള പാര്‍ക്കിംഗ് കേന്ദ്രത്തിൽ നിന്നും ആളുകളെ കയറ്റാന്‍ പാടില്ലെന്നാണ് നിയമം അനുശാസിക്കുന്നത്. ഇതേ നിയമം കോര്‍പ്പറേഷന് പുറത്ത് നിന്നും നഗരപരിധിയിലെ പാര്‍ക്കിംഗ് കേന്ദ്രത്തില്‍ വാഹനങ്ങള്‍ക്കും ബാധകമാണ്. ഇത് സംബന്ധിച്ച് കോടതി ഉത്തരുവുണ്ടെന്നും അത് പാലിക്കാത്തവരെ ഇനിയും തടയുമെന്ന് സ്വതന്ത്രഓട്ടോ റിക്ഷ യൂനിയന്‍ നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications