സിഒടി നസീറിനെ പിൻതുണക്കുന്ന വിഷയത്തിൽ ബിജെപിയിൽ ഭിന്നത: തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടു
തലശേരി: തലശേരി മണ്ഡലത്തിൽ മത്സരിക്കുന്ന ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സ്ഥാനാർത്ഥി സി.ഒ.ടി നസീറിനെ പിൻതുണയ്ക്കുന്നതിൽ ബി.ജെ.പി ജില്ലാ നേതൃത്വത്തിലെ ചില നേതാക്കൾക്ക് കടുത്ത എതിർപ്പ്.കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അവലോകനം നടത്താൻ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫിസായ മാരാർജി ഭവനിൽ നടന്ന നേത്യ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമാവാതെ പിരിഞ്ഞത്.
എന്നാൽ ഗുരുവായൂരിൽ പാർട്ടി സ്വതന്ത്ര സ്ഥാനാർത്ഥിയെ പിൻതുണക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ തലശേരിയിൽ സി.ഒ.ടി നസീറിനെ പിൻതുണക്കുന്ന വിഷയം സംസ്ഥാന നേതൃത്വത്തിന് വിട്ടു സംസ്ഥാന നേതൃത്വം ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കുമെന്ന് ജില്ലാ നേതാക്കൾ പ്രതികരിച്ചു. എന്നാൽ ഇതു സംബന്ധിച്ച് തനിക്ക് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് സി.ഒ.ടി നസീർ പറഞ്ഞു. പ്രാദേശിക നേതാക്കൾ മാത്രമാണ് ഈ വിഷയത്തിൽ ബന്ധപ്പെട്ടത്.സംസ്ഥാന നേതൃതലത്തിലുള്ളവർ തന്നെ ഇതു വരെ ബന്ധപ്പെട്ടിട്ടില്ലെന്നും നസീർ പറഞ്ഞു.

ഇതിനിടെ നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ കണ്ണുർ ജില്ലയുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് തലശേരി .സംസ്ഥാന തലത്തിൽ തന്നെ യു.ഡി.എഫ് -എൽ.ഡി.എഫ് മുന്നണികൾ തലശേരിയിലെ ബി.ജെ.പിയുടെ വോട്ട് ആർക്കെന്ന വാദമുയർത്തി പരസ്പരം ആരോപണ- പ്രത്യാരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇതിനിടെയാണ് ബി.ജെ.പി ജില്ലാ നേതൃത്വം പന്ത് സംസ്ഥാന നേത്യത്വത്തിൻ്റെ കോർട്ടിലേക്ക് തട്ടിയത് ' തലശേരിയിൽ ബി.ജെ.പി പിൻതുണ വേണ്ടെന്ന് എൽ.ഡി.എഫ് - യു.ഡി.എഫ് സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ എന്നിവരെ തെരഞ്ഞെടുത്ത മണ്ഡലമാണ് തലശേരി . കാക്കമലർന്ന് പറന്നാലും സി.പി.എമ്മിന്റെ ഒരു തുവൽ പോലും കൊഴിയാത്ത മണ്ഡലമായ തലശേരി ഇപ്പോൾ കേരളത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി മാറുന്നത് മണ്ഡലത്തിലെ അടിയൊഴുക്കുകൾ കൊണ്ടാണ്.
ബി.ജെ.പി ജില്ലാ പ്രസിഡന്റും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ എൻ.ഹരിദാസിന്റെ പത്രിക തള്ളിയതോടെയാണ് തലശേരിയിൽ ഇടതു-വലത് മുന്നണികൾ ബി.ജെ.പി സഖ്യ ആരോപണവുമായി രംഗത്തുവന്നത്.ബി.ജെ.പി മറ്റു പാർട്ടികൾക്ക് വോട്ടു മറിക്കില്ലെന്ന് തുറന്നു പറഞ്ഞിട്ടുണ്ടെങ്കിലും അന്തർനാടകങ്ങൾ സജീവമാണ്. ഇൻഡ്യൻ ഗാന്ധിയൻ പാർട്ടി സ്വതന്ത്ര സ്ഥാനാർത്ഥി സി.ഒ.ടി നസീറിനെ പിൻതുണക്കാനാണ് ഏറ്റവും ഒടുവിൽ ബി.ജെ.പിയുടെ തീരുമാനമെന്നാണ് സൂചന.2016ലെ തെരഞ്ഞെടുപ്പിൽ മുപ്പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷംസീർ ജയിച്ചത്. യു.ഡി.എഫിലെ എ പി അബ്ദുള്ളക്കുട്ടിയായിരുന്നു എതിരാളി. ഇക്കുറിയും തനിക്ക് മണ്ഡലത്തിൽ കാര്യമായ ഭീഷണിയൊന്നുമില്ലെന്നാണ് ഷംസീറിന്റെ ആത്മവിശ്വാസം. പിണറായി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും താൻ മണ്ഡലത്തിൽ നടപ്പിലാക്കിയ 1200 കോടിയുടെ വികസന പദ്ധതികളും ഇക്കുറി കുടുതൽ വോട്ടു നേടിതരുമെന്നാണ് ഷംസീറിന്റെ അഭിപ്രായം.
എന്നാൽ തെരഞ്ഞെടുപ്പ് നീതിപുർവ്വമായി നടന്നാൽ വിജയം ഉറപ്പാണെന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി എം.പി അരവിന്ദാക്ഷൻ പറയുന്നത്. മണ്ഡലത്തിൽ തനിക്കുള്ള ബന്ധങ്ങളും ഇക്കുറി വോട്ടായി മാറുമെന്നാണ് അരവിന്ദാക്ഷന്റെ വിശ്വാസം.
മുന്നണി രാഷ്ട്രീയം തലശേരിയുടെ വികസന മുരടിപ്പിന് കാരണമായെന്നാണ് ഇരു മുന്നണികളെയും ഒരേ പോലെ എതിർകുന്ന ഇന്ത്യൻ ഗാന്ധിയൻ പാർട്ടി നേതാവായ സി.ഒ.ടി നസീർ പറയുന്നത്. തലശേരിയുടെ മുഖശോഭ കളയുന്ന അക്രമ രാഷ്ട്രീയത്തിന്റെ ഇരയായ തനിക്ക് സമാധാനവാദികളായ വോട്ടർമാർ വോട്ടു ചെയ്യണമെന്നാം നസീർ പറഞ്ഞു.












Click it and Unblock the Notifications