പരാതിക്കാരനേയും മാതാവിനേയും മർദ്ദിച്ച കേസ്; സസ്പെൻഷനിലായിരുന്ന സിഐയെ തിരിച്ചെടുത്തു
തലശേരി: രാത്രിയില്‍ ധര്‍മടം പൊലിസ് സ്‌റ്റേഷനിലെത്തിയ പരാതിക്കാരോട് അപമര്യാദയായി പെരുമാറിയ മുന്‍ സി. ഐ കെ.വി സ്മിതേഷിനെ വീണ്ടും സര്‍വീസില്‍ തിരിച്ചെടുത്തു. ഇദ്ദേഹത്തെ കൊല്ലത്താണ് ആഭ്യന്തരവകുപ്പ് നിയമിച്ചത്. കഴിഞ്ഞ ഏപ്രില്‍ പതിനാറിനാണ് ധര്‍മടം പൊലിസ് സ്‌റ്റേഷനില്‍ മധ്യവയസ്‌കനും വൃദ്ധമാതാവ് ഉള്‍പ്പെടെയുളള കുടുംബാംഗങ്ങള്‍ക്കും നേരെ ക്രൂരമായ അക്രമമുണ്ടായത്.
സ്വകാര്യബസ് ഉടമ മമ്പറം സുനില്‍ കുമാറിനും മാതാവ് രോഹിണിക്കും സഹോദരങ്ങള്‍ക്കുമാണ് മര്‍ദ്ദനുമേറ്റത്. ഇന്‍സ്‌പെക്ടര്‍ കുടുംബത്തിനെതിരെ തെരുവുഗുണ്ടയെപ്പോലെ പെരുമാറുന്ന ദൃശ്യവും അസഭ്യം പറയുന്ന ശബ്ദവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഇയാള്‍ കുടുങ്ങിയത്. മദ്യപിച്ചു ലക്കുകെട്ട നിലയിലായിരുന്നു സ്മിതേഷ്. പരാതിക്കാരിയായ വയോധിക ഉള്‍പ്പെടെയുളളവരെ ഇയാള്‍ ചവിട്ടാനും തൊഴിക്കാനും വലിച്ചിഴച്ചു സ്‌റ്റേഷന്റെ മുറ്റത്തേക്ക് ആട്ടിപുറത്താക്കാനും ശ്രമിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ജനരോഷം ശക്തമായതിനെ തുടർന്ന് ജില്ലാ പൊലിസ് മേധാവി ആഭ്യന്തര അന്വേഷണം നടത്തുകയും മോശമായി പെരുമാറിയതിനും ഡ്യൂട്ടി സമയത്ത് മദ്യം കഴിച്ചതിനും സ്മിതേഷിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

എടക്കാട് റെയില്‍വെ ഗേറ്റിനു സമീപത്തുള്ള സുനില്‍ കുമാറിനെ സംഭവ ദിവസം വൈകുന്നേരം ആറുമണിയോടെ ധര്‍മടം പൊലിസ് സ്‌റ്റേഷനില്‍ നിന്നെത്തിയ മൂന്ന് പൊലിസുകാര്‍ ജീപ്പില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു. രാത്രിയോടെ സ്‌റ്റേഷനിലെത്തിയ സ്മിതേഷ് ലാത്തി ഉപയോഗിച്ചു ഇയാളെ അതിക്രൂരമായി മര്‍ദ്ദിക്കുകയും അസഭ്യവര്‍ഷം നടത്തിയെന്നുമാണ് പരാതി. സുനില്‍കുമാറിനെ തിരക്കി കുടുംബാംഗങ്ങള്‍ സ്‌റ്റേഷനിലെത്തിയപ്പോള്‍ അവര്‍ക്കു നേരെയും അതിക്രമം നടന്നു.
സുനില്‍കുമാറിന്റെ ഹൃദ്രോഗിയായ അമ്മയേയും സ്‌റ്റേഷനു മുന്‍പില്‍ വെച്ചു ഇന്‍സ്‌പെക്ടര്‍ അസഭ്യം പറഞ്ഞുവെന്നും പരാതിയുണ്ടായിരുന്നു.
ബന്ധുക്കള്‍ തലശേരി എ.സി.പി ഓഫീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂത്തുപറമ്പ് എ.സി.പി മൂസവളളിക്കാടന്‍ രാത്രി തന്നെ ധര്‍മടം പൊലിസ് സ്‌റ്റേഷനിലെത്തുകയും കസ്റ്റഡിയിലെടുത്തവരെ പറഞ്ഞയക്കുകയുമായിരുന്നു.
മീത്തലെ പീടികയില്‍ നിന്നും സുനില്‍കുമാറിന്റെ ഉടമസ്ഥതയിലുളള കാർ എടാട്ട് സ്വദേശിയുടെ കാറുമായി കൂട്ടിയിടിച്ചിരുന്നു. അപകടത്തില്‍ നഷ്ടപരിഹാരമായി ഇരുപതിനായിരം രൂപ ഇന്‍സ്‌പെക്ടര്‍ ആവശ്യപ്പെട്ടുവെന്നാണ് സുനില്‍കുമാര്‍ പറയുന്നത്. കാറിന്റെ ഉടമസ്ഥനുമായി സംസാരിച്ചു മൂവായിരം രൂപയ്ക്കു താന്‍ കേസ് ഒത്തുതീര്‍ത്തിരുന്നുവെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ തന്നെ സ്‌റ്റേഷനിേെലക്ക് കൊണ്ടു പോയി മര്‍ദ്ദിച്ചതെന്നും സുനില്‍കുമാര്‍ മൊഴി നല്‍കിയിരുന്നു. ഇതാണ് സി ഐയ്‌ക്കെതിരെ വകുപ്പു തല അന്വേഷണത്തില്‍ പ്രതികൂലമായത്.












Click it and Unblock the Notifications