പ്രതിയുടെ എടിഎം കാര്‍ഡുപയോഗിച്ച് പണം കവര്‍ന്ന കേസിൽ പരാതിക്കാരൻ പിൻമാറി
തളിപ്പറമ്പ്: കവര്‍ച്ചാക്കേസില്‍ പിടികൂടിയ പ്രതിയുടെ എടി.എം കാര്‍ഡുപയോഗിച്ച് സിവില്‍ പോലീസ് ഓഫിസര്‍ പണം തട്ടിയ കേസ് ഹൈക്കോടതിയില്‍ ഒത്തുതീര്‍പ്പായി. എങ്കിലും ഈ കേസിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണം തുടരുമെന്നാണ് പൊലിസ് വൃത്തങ്ങൾ നൽകുന്ന സൂചന. കേസിലെ പരാതിക്കാരന്‍ പിന്‍വാങ്ങിയതിനെ തുടര്‍ന്നാണ് കേസ് ഒത്തുതീര്‍പ്പായത്.
തളിപ്പറമ്പ് പൊലിസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ ഇ. എന്‍ ശ്രീകാന്ത് പ്രതിയായ കേസില്‍ നിന്നാണ് പരാതിക്കാരന്‍ പിന്‍വാങ്ങിയത്. പരാതിക്കാരന്‍ കേസില്‍ നിന്നും വിടുതല്‍ തേടിയത് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഏപ്രില്‍ ഒന്നിന് ഏഴാം മൈലില്‍ സ്വന്തം വാഹനം കേടായതിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങിയ ചൊകഌ ഒളവിലം സ്വദേശി കെ.കെ മനോജ് കുമാറിന്റെ നിര്‍ത്തിയിട്ട കാറില്‍ നിന്നും എ.ടി. എം കാര്‍ഡ് പുളിപ്പറമ്പിലെ ഗോകുല്‍ കവര്‍ച്ച ചെയ്യുകയായിരുന്നു. ഈ കാര്‍ഡില്‍ എഴുപതിനായിരം രൂപയുണ്ടായിരുന്നു. ഇതു അന്വേഷണത്തിനിടെ തട്ടിയെടുത്ത് ശ്രീകാന്ത് പിന്‍വലിക്കുകയായിരുന്നു.

മനോജ്കുമാറിന്റെ പരാതിയില്‍ അന്വേഷണമാരംഭിച്ച തളിപ്പറമ്പ് പോലീസ് ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ഏപ്രില്‍ മൂന്നിന് ഗോകുലിനെ പിടികൂടുകയായിരുന്നു. ഈ കേസിനെതുടര്‍ന്ന് ആലക്കോട് സി. ഐ ശ്രീകാന്തിനെ കേസെടുത്തു അന്വേഷണമാരംഭിച്ചുവെങ്കിലും ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇതിനിടെയില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനും ശ്രമിച്ചു. ഇതു നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പരാതിക്കാരനെ സ്വാധീനിച്ച് കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കേസ് ഒത്തുതീര്‍പ്പായെങ്കിലും ശ്രീകാന്തിന്റെ സസ്‌പെന്‍ഷന്‍ തുടരുമെന്നാണ് സൂചന.
പ്രതിയുടെ കൈവശമുള്ള എ.ടി. എം കാര്‍ഡുപയോഗിച്ച് പണം പിന്‍വലിച്ചത് വകുപ്പുതല അന്വേഷണത്തില്‍ തെളിഞ്ഞ സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെയുള്ള വകുപ്പ് തല നടപടിയുണ്ടാകുമെന്നും ഉന്നത പൊലിസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. പോലിസ് സേനയ്ക്കു നാണക്കേടുണ്ടാക്കും വിധമാണ് ശ്രീകാന്ത് പ്രവര്‍ത്തിച്ചതെന്ന അതൃപ്തി സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുണ്ട്. അപഹരിച്ച പണം ഗോകുല്‍ തന്റെ സഹോദരിയുടെ അക്കൗണ്ടിലാണ് നിക്ഷേപിച്ചത്.
ഇവരുടെ മൊബൈല്‍ ഫോണില്‍ ശ്രീകാന്ത് പണം പിന്‍വലിച്ചപ്പോള്‍ മെസെജ് വന്നതിനെ തുടര്‍ന്നാണ് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ തന്നെ ഇവര്‍ പരാതിയുമായെത്തിയത്.സംഭവം വിവാദമായതിനെ തുടര്‍ന്ന് ശ്രീകാന്ത് ഒളിവില്‍ പോവുകയായിരുന്നു. സ്‌റ്റേഷനില്‍ കസ്റ്റഡിയിലുണ്ടായിരുന്ന മണല്‍ ലോറി ആരുമറിയാതെ ആക്രികച്ചവടര്‍ക്കാക്ക് വിറ്റ സംഭവത്തിനു ശേഷം തളിപ്പറമ്പ് പോലീസിന് നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു മോഷണ കേസിലെ പ്രതിയുടെ എ.ടി. എം കാര്‍ഡുപയോഗിച്ച് പൊലിസുകാരന്‍ പണംതട്ടിയ സംഭവം. ഇതേ തുടര്‍ന്ന് വിവിധ പാര്‍ട്ടികള്‍ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനു മുന്‍പിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു.












Click it and Unblock the Notifications