പ്രദേശവാസികളുടെ പരാതി; ചെണ്ടയാട് നവോദയ കുന്നിലും ചെറുവാഞ്ചേരി വില്ലേജിലും കരിങ്കൽ ഖനനം നിരോധിച്ചു
തലശേരി: പ്രദേശവാസികളുടെ പരാതിയെ തുടർന്ന് ചെണ്ടയാട് നവോദയ കുന്നിലും ചെറുവാഞ്ചേരി വില്ലേജിലും റവന്യൂ അധികൃതർ ചെങ്കൽ കരിങ്കൽഖനനം നിരോധിച്ചു. കൂത്തുപറമ്പ് നഗരസഭയുടെ സമീപ പ്രദേശമായനവോദയ കുന്നിലും ചെറുവാഞ്ചേരി വില്ലേജിലും ഖനനം നിരോധിച്ചുകൊണ്ട് തലശ്ശേരി സബ് കലക്ടറാണ് ഉത്തരവിട്ടത്. ചെറുവാഞ്ചേരി വില്ലേജിലെ നവോദയ കുന്നിലെ അനധികൃത ഖനനം തടയുന്നതുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് എം എൽ എ യുടെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞജുലൈ 26 ന് കളക്‌ടറേറ്റ് ഓഡിറ്റോറിയത്തിൽ യോഗം ചേർന്നിരുന്നു.
ചെറുവാഞ്ചേരി നവോദയ കുന്നിൽ പ്രവർത്തിക്കുന്ന നവോദയ സ്‌കൂൾ, മഹാത്മാ ഗാന്ധി കോളേജ്, ശാന്തിഗിരി ആശ്രമം, ബയോ റിസോഴ്സ് കം അഗ്രോ സർവീസ് സെന്റർ തുടങ്ങിയ നിരവധി സ്ഥാപനങ്ങൾക്ക് മേഖലയിൽ തുടങ്ങുന്ന അനധികൃത ഖനനം വലിയ ഭീഷണിയാണ് ഉയർത്തുന്നത്. പ്രദേശത്തെ ചെങ്കൽ ഖനനം മൂലം ജവഹർ നവോദയ വിദ്യാലയത്തിലെ വിദ്യാർഥികളും ജീവനക്കാരും ഉൾപ്പെടെയുള്ളവർക്കും അനുഭവിക്കേണ്ടി വരുന്ന ആരോഗ്യ മാനസിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സ്‌കൂൾ പ്രിൻസിപ്പൽ ജില്ലാ കളക്‌ടർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു.

ഇതുകൂടാതെ കൂത്തുപ്പറമ്പ് നിയോജക മണ്ഡലത്തിൽ കിൻഫ്ര വ്യവസായ പാർക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചെറുവാഞ്ചേരി, പുത്തൂർ, മൊകേരി വില്ലേജുകളിലായി 506 ഏക്കർ ഭുമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഭൂമി ഏറ്റെടുക്കൽ നടപടികൾ സ്വീകരിച്ച് വരുന്നതുമാണ്. പ്രദേശത്ത് തുടരുന്ന അനധികൃത പ്രവർത്തനങ്ങൾ എത്രയും വേഗം നിർത്തി ഇല്ലെങ്കിൽ ഈ പ്രദേശം കിൻഫ്ര വ്യവസായ പാർക്കിനായി ഉപയോഗിക്കാൻ സാധിക്കാത്ത വിധത്തിലാകുമെന്ന് കിൻഫ്ര ഉദ്യേഗസ്ഥർ അറിയിച്ചിട്ടുണ്ട്.
2013ലെ കസ്‌തൂരി രംഗൻ കരട് റിപ്പോർട്ടിൽ ചെറുവാഞ്ചേരി വില്ലേജ് പശ്ചിമഘട്ടത്തിനോട് ചേർന്ന് കിടക്കുന്ന പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ ഉൾപ്പെട്ടതുമാണ്. ചെറുവാഞ്ചേരി വില്ലേജിൽ യാതൊരു ഖനന പ്രവർത്തനങ്ങൾക്കും അനുമതി നൽകി വരുന്നുമില്ല. ഈ സാഹചര്യത്തിലാണ് നിരോധനം. ഏർപ്പെടുത്തിയത്. രണ്ടാഴ്ച്ച മുൻപ് പെയ്‌ത പേമാരിയിൽ ഈ മേഖലയിൽ കനത്ത നാശനഷ്‌ടങ്ങളാണുണ്ടായത് വാഴമലയിലും കനകമലയിലും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്.
ഇതുകാരണം താഴ്‌വാരങ്ങളിൽ താമസിക്കുന്ന ജനങ്ങൾ ഭീതിയിലാണ്. കൊത്തിയൊഴിഞ്ഞ ക്വാറികളിൽ വെള്ളം കെട്ടി നിൽക്കുന്നതുകാരണം പലതും ജലബോംബുകളായി മാറുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും. വയനാട് ദുരന്ത പശ്ചാത്തലത്തിലാണ് കുത്തനെയുള്ള സ്ഥലങ്ങളിൽ ഖനനം നിരോധിച്ചിട്ടുള്ളത്.












Click it and Unblock the Notifications