ബിഷപ്പിന്റെ നിലപാടില്‍ കോണ്‍ഗ്രസ്സിനും സിപിഎമ്മിനും വെപ്രാളം: എന്‍. ഹരിദാസ്

കണ്ണൂര്‍: റബ്ബര്‍ കര്‍ഷകരുടെ ന്യായമായ പ്രശ്നങ്ങളുയര്‍ത്തി തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ്സിനും സിപിഎമ്മിനും വെപ്രാളമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് വാര്‍ത്താസമ്മേളനച്ചില്‍ പറഞ്ഞു. ബിജെപി നേതാക്കള്‍ ബിഷപ്പിനെ കണ്ടുവെന്നത് വസ്തുതയാണ്. തലയില്‍ മുണ്ടിട്ടല്ല ബിഷപ്പിനെ കാണാന്‍ പോയത്. നേരത്തെയും ഇത്തരത്തില്‍ മതമേലധ്യക്ഷന്‍മാരെ കാണാന്‍ പോയിട്ടുണ്ട്. അതില്‍ എല്ലാ വിഭാഗങ്ങളിലെയും മതമേലധ്യക്ഷന്‍മരെ കണ്ടിട്ടുണ്ട്. ഇത്തരം കൂടിക്കാഴ്ചകള്‍ രഹസ്യമായല്ല മറിച്ച് പരസ്യമാണെന്നും കേവലം രാഷ്ട്രീയകാര്യങ്ങള്‍ മാത്രമല്ല ഇത്തരം സന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്യാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകരുടെ വികാരമണ് പിതാവ് ചുണ്ടി കാട്ടിയത്. അല്ലാതെ ഒരു മത വിഭാഗത്തിന്റെ പ്രശ്നം അല്ല. ഇവരെ കാണാന്‍ പോകുന്നതില്‍ കേവലം രാഷ്ട്രീയം മാത്രമല്ല. പൊതുപ്രവര്‍ത്തകരായ ഞങ്ങള്‍ക്ക് അവരോടും അവര്‍ക്ക് ഞങ്ങളോടും പല വസ്തുതകളും പറയാനുണ്ടാകും. യാഥാര്‍ത്ഥ്യം തിരിച്ചറിയും എന്ന വെപ്രാളമാണ് സിപിഎമ്മിനും കോണ്‍ഗ്രസ്സിനുമുള്ളത്. അടുത്ത ദിവസം തന്നെ മുസ്ലിം സാമുദായിക നേതാക്കളെ കാണാനാണ് തീരുമാനം. അതില്‍ വെപ്രാളപ്പെട്ടിട്ട് കാര്യമില്ല.
ബിഷപ്പിന്റെ വാക്കുകള്‍ ഉപയോഗിച്ച് അദ്ദേഹത്തേയും ബിജെപിയെയും വിമര്‍ശിക്കുന്നത് ബോധപൂര്‍വ്വമാണ്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എന്തിനാണ് ഇത്ര വെപ്രാളം എന്ന് മനസ്സിലാകുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ വിവധ പദ്ധതികളുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ സെല്ലിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടിയെ കുറിച്ച് സംസാരിക്കാനാണ് ബിഷപ്പിനെ കാണാന്‍ പോയത്. മറ്റെല്ലാവര്‍ക്കും മതമേലധ്യക്ഷന്‍മാരെ കാണാം. എന്നാല്‍ ബജെപി നേതാക്കള്‍ക്ക് കാണാന്‍ പാടില്ല എന്ന നിലപാടാണ് സിപിഎം ഉള്‍പ്പടെ സ്വീകരിക്കുന്നത്.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തോടല്ലാതെ മറ്റാരോടാണ് പറയുക. എല്ലാ വിഭാഗത്തിന്റെയും പ്രശ്നങ്ങള്‍ കേട്ട് അതിന് പരിഹാരം കാണുകയെന്നതാണ് ബിജെപിയുടെ നിലപാട്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ അവരെ കാലാകാലം ഇടത് വലത് മുന്നണികള്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. കര്‍ഷകരുടെ പ്രശ്ങ്ങള്‍ക്ക് സിപിഎമ്മിനും കോണ്‍ഗ്രസ്സിനും പരിഹാരം കാണാന്‍ സാധിക്കാത്തത് കൊണ്ടാണ് അവര്‍ ബിജെപിയെ സമീപിക്കുന്നത്. കീരിയും പാമ്പുമായി നിന്ന ഗോവിന്ദനും വി.ഡി. സതീശനുമെല്ലാം ഇപ്പോള്‍ ഒരുമിച്ചാണ് വിമര്‍ശിക്കുന്നത്.
ഒരു മതവിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ നാടകം അരങ്ങത്തെത്തിയപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അതിനെ കണ്ടില്ലെന്ന നടിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. കഴിഞ്ഞ ദിവസം മതമേലധ്യക്ഷന്‍മാരുള്‍പ്പടെ ഇതിനെതിരെ നിലപാടെടുത്ത് തെരുവിലിറങ്ങേടി വന്നുവെന്നതാണ് വസ്തുത. ഉത്തരേന്ത്യയില്‍ എന്തുണ്ടായാലും അതിനെതിരെ വിമര്‍ശിക്കുന്ന സാംസ്‌കാരിക നായകന്‍മാര്‍ എവിടെ പോയി.
കേരളത്തിലെ കാര്‍ഷിക മേഖലയെ തകര്‍ത്ത് തരിപ്പണമാക്കിയത് ഇടത് വലത് മുന്നണികളാണ്. കേവലം നാല്‍പത് ദിവസം ഉപയോഗിക്കാനുള്ള ഭക്ഷ്യധാന്യങ്ങള്‍ പോലും ഇവിടെ ഉല്‍പാദിപ്പിക്കുന്നില്ല. നമുക്ക് വേണ്ട ഭക്ഷ്യധാന്യങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ തരികയാണ്. പോലീസ് വണ്ടിക്ക് പെട്രോളടിക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ കേരളത്തെയെത്തിച്ചവരാണ് ഇപ്പോള്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത്. തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു സൂഹത്തെ കൂടെ നിര്‍ത്തുക മാത്രമാണ് ബിജെപി ചെയ്തത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് ശ്വാശ്വത പരിഹാരം കാണാന്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുമെന്നും ഇപ്പോള്‍ സ്വീകരിച്ച നിലപാടുമായി മുന്നോട്ട് പോകുമെന്നും ഹരിദാസ് പറഞ്ഞു. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് അരുണ്‍ തോമസ്, എസ്സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഇ.പി. ബിജു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications