കോണ്‍ഗ്രസിന് ബിജെപിയോട് മൃദുസമീപനം: മന്ത്രി മുഹമ്മദ് റിയാസ്
കണ്ണൂര്‍: രാജ്യത്ത് കോണ്‍ഗ്രസ് ബി.ജെ.പിയോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് ആരോപിച്ചു. എന്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം എന്ന മുദ്രാവാക്യമുയര്‍ത്തി കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന ഡിവൈഎഫ്ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ കൂട്ടുപിടിച്ചിരിക്കുകയാണ്. ഇതുകാരണം രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ കുറയുകയും ബി.ജെ.പിക്ക് വര്‍ധിക്കുകയും ചെയ്തു. കോണ്‍ഗ്രസില്‍ നിന്നുള്ള ഒഴുക്കാണ് ബിജെപിയെ രാജ്യത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കിയതെന്നും റിയാസ് കുറ്റപ്പെടുത്തി. ആര്‍എസ്എസ് താല്‍പര്യം സംരക്ഷിക്കുന്ന ബിജെപിയെ അധികാരത്തിലേറാന്‍ സഹായിച്ചത് കോണ്‍ഗ്രസാണ്.
സ്വതന്ത്ര്യ ഇന്ത്യയുടെ ദേശീയ പതാക കാവി പതാകയായിരിക്കണമെന്ന് പറഞ്ഞവരാണ് ആര്‍എസ്എസ്. ഇവര്‍ക്ക് കൊടി പിടിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റെതെന്നും റിയാസ് പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സ്വാതന്ത്ര്യ സമരത്തില്‍ പങ്കില്ലെന്ന് ആര്‍എസ്എസിനൊപ്പം കോണ്‍ഗ്രസും പറയുന്നു. പയ്യന്നൂരില്‍ കെ കേളപ്പനൊപ്പം ഉപ്പ് കുറുക്കിയവരില്‍ ഒരാള്‍ പി കൃഷ്ണപ്പിള്ളയാണ്.
പാലക്കാട്ടെ ഷാജഹാന്റെ കൊലപാതകത്തെ കുറിച്ച് ഒന്നും മിണ്ടാന്‍ യുഡിഎഫ് തയ്യാറായില്ല. ഒന്നാം കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിച്ചത് പോലെ രണ്ടാം പിണറായി സര്‍ക്കാരിനെയും തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.












Click it and Unblock the Notifications