ബൈക്കിടിച്ച് ഗുരുതരമായി പരുക്കേറ്റ കോൺഗ്രസ് നേതാവ് പടിയൂർ ദാമോദരൻ മരണമടഞ്ഞു
ഇരിട്ടി: പ്രഭാതസവാരിക്കിടെ ബൈക്കിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പടിയൂർ ദാമോദരൻ (70) മരണമടഞ്ഞു. കഴിഞ്ഞ ഞായറാഴ്ച്ച പ്രഭാത നടത്തത്തിനിടെ പുന്നാട് വച്ച് ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് കണ്ണൂർ ചാലയിലെ മിംമ്സ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.
ഉളിയിൽ വാണി വിലാസം എൽ പി സ്കൂളിലെ പ്രധാന അധ്യാപകനായി വിരമിച്ച ശേഷം മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായിരുന്നു.
കണ്ണൂർ ജില്ലാ കൗൺസിലിൽ പടിയൂർ കല്യാട് ഡിവിഷനിൽ നിന്നുള്ള അംഗമായിരുന്നു. യൂത്ത് കോൺഗ്രസ് പടിയൂർ വാർഡ് കമ്മിറ്റി പ്രസിഡണ്ടായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് വിവിധ പദവികൾ വഹിക്കുകയും 1978 ൽ കോൺഗ്രസിലുണ്ടായ പിളർപ്പിനെ തുടർന്ന് കോൺഗ്രസ് (യു) വിൽ എത്തുകയും പിന്നീട് ദീർഘകാലം കോൺഗ്രസ് (എസ്) ,എൻസിപി എന്നീ രാഷ്ടീയ പാർട്ടികളിൽ പ്രധാന ചുമതലകൾ വഹിക്കുകയും ചെയ്തു.

പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തിയ ദാമോദരൻ മാസ്റ്റർ കോൺഗ്രസ് നേതൃരംഗത്ത് സജീവമാകുകയും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച് വരികയുമായിരുന്നു. ഇരിട്ടി താലൂക്ക് വികസന സമിതിയംഗം, പുന്നാട്ടപ്പൻ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്, കെ.കരുണാകരൻ മെമ്മോറിയൽ ട്രസ്റ്റിൻ്റെ കണ്ണൂർ ജില്ലാ ചെയർമാൻ, ഇരിട്ടി ജയ്ഹിന്ദ് ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരി തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചുവരുന്നു.
മലയോര മേഖലയിലെ പൊതു രാഷ്ട്രീയ ചർച്ചാ വേദികളിൽ കോൺഗ്രസിൻ്റ പ്രതിനിധിയായി പങ്കെടുത്ത് പൊതു സ്വീകാര്യത പിടിച്ചു പറ്റിയ രാഷ്ട്രീയ നേതാവായിരുന്നു പടിയൂർ ദാമോരൻ മാസ്റ്റർ. പടിയൂരിലെ പരേതരായ കുഞ്ഞപ്പ നമ്പ്യാരുടെയും നാരായണിയുടെയും മകനാണ്. ഭാര്യ - കെ.ലീല ( റിട്ട. പ്രധാനധ്യാപിക, മീത്തലെ പുന്നാട് യുപി സ്കൂൾ) മക്കൾ - ബെൻസി രാജ് (അധ്യാപകൻ - ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ), ഷജിൽ രാജ് (ഇന്ത്യൻ ക്രഡിറ്റ് സൊസൈറ്റി തളിപറമ്പ് ബ്രാഞ്ച് മാനേജർ) മരുമക്കൾ - സൂര്യ (കേരള ഗ്രാമീൺ ബാങ്ക്, കണ്ണവം ബ്രാഞ്ച് ), അനൂജ ( ക്ലർക്ക്, ഉളിക്കൽ രജിസ്ട്രാർ ഓഫീസ്) സഹോദരങ്ങൾ - ഗോവിന്ദൻ നമ്പ്യാർ, ഓമന പരേതരായ ഗോപാലൻ നമ്പ്യാർ, മാധവൻ നമ്പ്യാർ, രാഘവൻ നമ്പ്യാർ, ശങ്കരൻ നമ്പ്യാർ.
പോസ്റ്റ്മോർട്ടത്തിന് ശേഷം മട്ടന്നൂർ, ചാവശ്ശേരി ഉളിയിൽ , പുന്നാട് എന്നിവിടങ്ങളിൽ പൊതു ദർശനത്തിന് ശേഷം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിക്ക് പുന്നാടിലെ വീട്ട് വളപ്പിൽ സംസ്ക്കാര ചടങ്ങുകൾ നടക്കും. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി പൊതുമണ്ഡലത്തിൽ മികവോടെ പ്രവർത്തിക്കുന്നതിനിടെ അന്തരിച്ച പടിയൂർ ദാമോദരൻ മാസ്റ്റർ രാഷ്ട്രീയ സാമൂഹ്യ മണ്ഡലത്തിലെ സൗമ്യതയുടെ പ്രതിരൂപമാണെന്നും ഗാന്ധിയൻ ആദർശങ്ങൾ നെഞ്ചേറ്റിയ പൊതുജന സേവകനായിരുന്നെന്നും ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി അനുശോചന സന്ദേശത്തിൽ പറഞ്ഞു
ചെറുപ്പകാലം തൊട്ടേ കോൺഗ്രസ് ആശയങ്ങളിൽ ആകൃഷ്ടനായി പൊതുമണ്ഡലത്തിലേക്ക് ഇറങ്ങിതിരിച്ച ദാമോദരൻ മാസ്റ്റർ രാഷ്ട്രീയ സാമൂഹികരംഗത്ത് നിറസാന്നിദ്ധ്യവും കക്ഷിരാഷ്ട്രീയ ഭേദമന്യേ പൊതു സാമൂഹ്യ മണ്ഡലങ്ങളിലെ ഏവരുടെയും സ്നേഹാദരങ്ങൾ പിടിച്ചു പറ്റിയ വ്യക്തിത്വമായിരുന്നു. രാഷ്ട്രീയ സംവാദ വേദികളിൽ കോൺഗ്രസ് ആശയങ്ങൾ കൂടുതൽ വ്യക്തതയോടെ അവതരിപ്പിച്ചും പ്രസംഗവേദികളിൽ ആശയപരമായ ഔന്നത്യം മികവോടെ ഉയർത്തിപ്പിടിച്ചും ഏവരുടെയും സ്നേഹാദരങ്ങൾ നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു
സംഘടനാ ഉത്തരവാദിത്വങ്ങൾ ഫലപ്രദമായി പൂർത്തിയാക്കാനും ചുമതലകൾ ഭംഗിയായി നിർവ്വഹിക്കാനും ഗാന്ധിയൻ ആശയങ്ങൾ മുറുകെപ്പിടിച്ച് മികവോടെ പ്രവർത്തിച്ചുവരുന്ന ദാമോദരൻ മാസ്റ്ററുടെ നിര്യാണം ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്ന് സതീശൻ പാച്ചേനി അനുശോചന സന്ദേശത്തിൽ പറഞ്ഞു.












Click it and Unblock the Notifications