ഇത്തവണ 138 രൂപ; പ്രവര്‍ത്തന ഫണ്ട് പിരിവിനായി വീണ്ടും കോണ്‍ഗ്രസിന്റെ ചലഞ്ച്...
കണ്ണൂർ: പ്രവർത്തന ഫണ്ട് പിരിവിനായി പുതിയ ചലഞ്ചുമായി കെപിസിസി. 138 രൂപ ചലഞ്ച് ആണ് കെപിസിസി പ്രഖ്യാപിച്ചത്. കോൺഗ്രസിന്റെ 138-ാം ജന്മദിനത്തോടനുബന്ധിച്ചാണ് കെപിസിസി പ്രസിഡന്റ് പ്രഖ്യാപനം നടത്തിയത്. 2023 മാർച്ച് 26 വരെയാണ് ഫണ്ടു പിരിവിനുള്ള കാലാവധി.
ഒരു ബൂത്തിൽ കുറഞ്ഞത് 50 പേരെ പങ്കെടുപ്പിക്കാനാണ് നിർദ്ദേശം. 138 രൂപ കുറഞ്ഞ തുകയാണ്. അതിനുമുകളിലേക്ക് എത്രയും പ്രവർത്തകർക്ക് സംഭാവനയായി നൽകാം. എല്ലാ ജില്ലകളിലും സബ്കമ്മിറ്റികൾ രൂപീകരിക്കുകയും നേതാക്കൾക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു.

കഴിഞ്ഞയാഴ്ച നടന്ന കെപിസിസി. നേതൃയോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കഴിഞ്ഞ വർഷം സമാനരീതിയിൽ പ്രഖ്യാപിച്ച 137 ചലഞ്ചുമായി ബന്ധപ്പെട്ട കുറവുകൾ പരിഹരിച്ചായിരിക്കും ഈ വർഷത്തെ പ്രവർത്തന ഫണ്ട് പരിവെന്ന് യോഗത്തിൽ തീരുമാനമായിരുന്നു. കഴിഞ്ഞ വർഷം അന്ന് അമ്പതുകോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ പ്രതീക്ഷിച്ച തുക പിരിക്കാൻ സാധിച്ചിരുന്നില്ല, ഫണ്ടു പിരിവുമായി ബന്ധപ്പെട്ട് വിവാദങ്ങളുമുണ്ടായിരുന്നു.
റിപ്പബ്ലിക്ക് ദിനത്തിൽ പദ്ധതി അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ തവണത്തെ ആരംഭിച്ച ഫണ്ടുപിരിവ് ആദ്യം മാർച്ച് 12ലേക്കും പിന്നീട് ഏപ്രിൽ 30ലേക്കും നീട്ടിയിരുന്നു. എന്നിട്ടും ലക്ഷ്യം ഇട്ടടതുക എത്തിയില്ലെന്ന് മാത്രമല്ല, ഡിജിറ്റലായി അടച്ച പണം കെ.പി.സി.സിയുടെ അക്കൗണ്ടിലേക്ക് എത്തിയില്ലെന്ന് ആരോപണവും ഉയർന്നിരുന്നു. കെ.പി.സി.സി. പ്രസിഡന്റിന്റെ പക്കൽപോലും ഇതിന്റെ കണക്കില്ലെന്നും ആരോപണം ഉയർന്നിരുന്നു.
കഴിഞ്ഞ വർഷം ഡിസംബർ 28-ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആദ്യ സംഭാവന നൽകിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ക്യു. ആർ. കോഡ് സ്‌കാൻ ചെയ്തു ഡിജിറ്റൽ രീതിയിലും പണം അടയ്ക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു .
ആദ്യഘട്ടത്തിൽ നേതാക്കൾക്കടയിൽ നടത്തിയ ഫണ്ട് സമാഹരണം പിന്നീട് ബൂത്ത് തലത്തിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. എന്നാൽ രസീതില്ലാതെ പണപ്പിരിവ് നടത്തുന്നതിലെ ബുദ്ധിമുട്ടുകൾ നേതാക്കൾ ചൂണ്ടിക്കാട്ടിയതോടെ മണ്ഡലം തലത്തിൽ രസീത് തയ്യാറാക്കാൻ നിർദ്ദേശം നൽകി. രസീത് തയ്യാറാക്കാൻ അനുമതി ലഭിക്കാൻ വൈകിയതും അന്ന് പിരിവ് വൈകാൻ കാരണമായിരുന്നു.
കോൺഗ്രസ് പുനഃസംഘടന സംബന്ധിച്ചുണ്ടായ തർക്കങ്ങൾ മൂലം പലരും പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിന്നതും താഴേതട്ടിൽ പ്രവർത്തകർ ചലഞ്ച് ഏറ്റെടുക്കാതിരുന്നതും നേതൃത്വത്തിലെ അഭിപ്രായവ്യത്യാസങ്ങളും ഫണ്ട് പിരിവിനെ ബാധിക്കുകയും ചെയ്തു. ഇക്കാരണം കൊണ്ട് അന്ന് ഫണ്ട് പിരിവിൽ കാലതാമസമുണ്ടായാതിയി ചിലർ പറഞ്ഞിരുന്നു...
ഫണ്ട് പിരിവിലെ കണക്കിനെ ചൊല്ലി അന്ന് കെപിസിസി. ഭാരവാഹികൾ തമ്മിൽ തർക്കം ഉണ്ടായി. ഫണ്ട് പിരിവ് അവസാനിച്ചാൽ ഭാരവാഹികളുടെ യോഗത്തിലും എക്‌സിക്യൂട്ടീവിലും കണക്കുകൾ അവതരിപ്പിക്കുകയെന്ന പതിവ് കഴിഞ്ഞ തവണയുണ്ടായിരുന്നില്ലെന്ന ആരോപണവും ഉയർന്നിരുന്നു.












Click it and Unblock the Notifications