ആയിരം അബ്ദുള്ളക്കുട്ടിക്ക് അരനസീര്‍: വാഗ്ദ്ധാനപ്പെരുമഴയുമായി കോണ്‍ഗ്രസ്, സുധാകരന് തിരിച്ചടി!!
കണ്ണൂര്‍: മോദിയെ സ്തുതിച്ച് കോണ്‍ഗ്രസിനോട് സലാംപറഞ്ഞു പോയ അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിനും ക്ണ്ണൂരിലെ പരമോന്നത നേതാവുമായ കെ സുധാകരനും ചില്ലറ ക്ഷീണമൊന്നുമല്ല വരുത്തിവച്ചത്. അബ്ദുള്ളക്കുട്ടി പതിവുപോലെ കളം വാഴുകയും അരിയെത്ര പയറഞ്ഞാഴി എന്ന മട്ടില്‍ കുട്ടി ഉന്നയിച്ച മോദിയുടെ വികസനത്തെ നയത്തെ ചൊല്ലിയുള്ള ചര്‍ച്ചയില്‍ കൃത്യമായ മറുപടി നല്‍കാനാവാതെ കെ. പി.സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുതല്‍ ഡി.സി.സി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി വരെ ഉരുണ്ടുകളിക്കുകയും ചെയ്തു.
മോദിയെ പുകഴ്ത്തിയതിന്റെ പേരില്‍ സിപിഎമ്മില്‍ നിന്നും പുറത്തായ ഒരാളെ എന്തിനു നയംമാറ്റിക്കാതെ കോണ്‍ഗ്രസിലേക്കെടുത്തു എന്ന ചോദ്യം കെ.സുധാകരനു നേരെയാണ് അസ്ത്രം പോലെ പാഞ്ഞു ചെന്നത്. സിപിഎമ്മിനെ അടിക്കാന്‍ താനെടുത്ത വടി ഒടുവില്‍ പാമ്പായി മാറി തിരിഞ്ഞു കൊത്തിയെന്നു ഒടുവില്‍ സുധാകരനും ഒടുവില്‍ സമ്മതിക്കേണ്ടി വന്നു.

നസീര്‍ വീണുകിട്ടിയ മുത്ത്
ഒരടിയുടെ ക്ഷീണം മാറുംമുന്‍പെ മറ്റൊരു പരീക്ഷണത്തിനൊരുങ്ങുകയാണ് സുധാകരനും കൂട്ടരും. സിപിഎം വിമതനും വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ സിഒടി നസീറിനെയാണ് അബ്ദുള്ളക്കുട്ടിക്ക് പകരക്കാരനായി കണ്ടെത്തിയിരിക്കുന്നത്. നസീര്‍ വധശ്രമക്കേസ സിപിഎമ്മിനെതിരെ നല്ലൊരു ആയുധമാക്കിയെടുത്തത് കോണ്‍ഗ്രസാണ്.

നസീറിനെ കാണാൻ പ്രമുഖർ
മുല്ലപ്പള്ളി മുതല്‍ താഴെതൊട്ടിലെ നേതാക്കള്‍ വരെ നസീറിനെ കാണാന്‍ ഓടിയെത്തി. കെ സി ജോസഫിന്റെ ഒത്താശയോടെ പാറക്കല്‍ അബ്ദുള്ള നിയമസഭയില്‍ പ്രശ്‌നം അവതരിപ്പിച്ചു. ഗൂഡാലോചനക്കേസില്‍ ആരോപണ വിധേയനായ എഎന്‍ ഷംസീര്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുക്കണമെന്ന ആവശ്യമുയര്‍ത്തി വ്യാഴാഴ്ച്ച പാച്ചേനി തലശ്ശേരിയില്‍ ഉപവാസസമരവുമിരിക്കും.

കോണ്‍ഗ്രസിന്റെ കുരുട്ടു ബുദ്ധികള്‍
സിഒടി നസീറിലൂടെ തലശ്ശേരിയിലെ ന്യൂനപക്ഷ സ്വാധീനം വര്‍ധിപ്പിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. തലശേരി കലാപം മുതല്‍ തങ്ങളുടെ രക്ഷകരായി സിപിഎമ്മിനെ കാണുന്ന തലശേരിയിലെ പ്രമുഖ മുസ്‌ലിം തറവാടുകാരെയും അവരെ കുടുംബങ്ങളെയും കോണ്‍ഗ്രസിലെത്തിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. ഇതു തലശ്ശേരി നഗരസഭയില്‍ അപ്രമാദിത്വമുള്ള സിപിഎമ്മിന്റെ അടിത്തറ ഇളക്കും.

അക്രമരാഷ്ട്രീയം
സിഒടി നസീറിലൂടെ തങ്ങളുയര്‍ത്തിയ അക്രമരാഷ്ട്രീയം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുവരെ സജീവമായി നിലനിര്‍ത്താന്‍ കഴിയും. ഇതു വീണ്ടും തലശ്ശേരിയില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സാധ്യതയുള്ള എ. എന്‍ ഷംസീറിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാന്‍ സഹായിക്കും. ഇതിനായി ബദല്‍ സ്ഥാനാര്‍ഥിയായി നസീറിനെ തന്നെ ഇപ്പോഴെ കളത്തിലിറക്കായാല്‍ മണ്ഡലത്തില്‍ അട്ടിമറി തന്നെ നടന്നേക്കാം.

നസീറിനു കൊടുത്തത് വന്‍ ഓഫര്‍
കോണ്‍ഗ്രസിലേക്കു വന്നാല്‍ നസീറിന്റെ പൂര്‍ണ സംരക്ഷണം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നാണ് നസീറിനു കെ.സുധാകരന്‍ നല്‍കിയ ആദ്യ ഉറപ്പ്. തലശേരി നഗരസഭയില്‍ മത്സരിക്കാന്‍ ഒരു സീറ്റ്, തലശേരി നിയോജജക മണ്ഡലത്തില്‍ ഷംസീറിനെതിരെ യു ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ അവസരം. പാര്‍ട്ടിയിലും യൂത്ത് കോണ്‍ഗ്രസിലും ഉയര്‍ന്ന ഭാരവാഹിത്വം, രാഹുല്‍ഗാന്ധിയില്‍ നിന്നും നേരിട്ടു അംഗത്വം കൈപറ്റാനുള്ള അവസരം ഇങ്ങനെ പോകുന്നു നസീറിനു ലഭിച്ച ഓഫറുകള്‍. എന്നാല്‍ ഈക്കാര്യത്തില്‍ താന്‍ പിന്നീട് ആലോചിച്ചു തീരുമാനമെടുക്കുമെന്നാണ് നസീറിന്റെ പ്രതികരണം.തല്‍ക്കാലം തലശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കിവീസ് ക്ലബിന്റെ പ്രവര്‍ത്തനം ശക്തമാക്കും. കോണ്‍ഗ്രസില്‍ ചേരുന്ന കാര്യം പിന്നീട് പരിഗണിക്കുമെന്നാണ് നസീര്‍ തന്നെ വന്നുകണ്ട കോണ്‍ഗ്രസ് നേതാക്കള്‍ക്കു നല്‍കിയ ഉറപ്പ്.












Click it and Unblock the Notifications