സ്വര്‍ണ കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധം; സിപിഎം ബ്രാഞ്ച് അംഗത്തെ പുറത്താക്കി
പയ്യന്നൂർ: മനു തോമസിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് അംഗത്തെ പുറത്താക്കി. സിപിഎം പയ്യന്നൂർ ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെതിരെയാണ് നടപടി. ഡിവൈഎഫ്ഐ എരമം സെൻട്രൽ മേഖലാ കമ്മിറ്റി അംഗം കൂടിയായിരുന്നു സജേഷ്. അതേസമയം ഇയാൾക്കെതിരെ രണ്ടു മാസം മുൻപ് പരാതി കിട്ടിയ ഉടൻ നടപടിയെടുത്തിരുന്നുവെന്നാണ് പാർട്ടി നേതൃത്വത്തിൻ്റെ വിശദീകരണം.
സ്വർണം പൊട്ടിക്കൽ സംഘത്തിനൊപ്പം പയ്യന്നൂർ കാനായിയിൽ വീട് വളഞ്ഞ സംഘത്തിൽ സജേഷും ഉണ്ടായിരുന്നുവെന്നാണ് പാർട്ടി നേതൃത്വത്തിന് ലഭിച്ച പരാതി. സ്വർണക്കടത്ത് ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിയും സംഘത്തിലുണ്ടായിരുന്നു. ഇവരെ നാട്ടുകാർ തടഞ്ഞുവെച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സജീഷിനെതിരെ സിപിഎം നടപടിയെടുത്തിരിക്കുന്നത്.

അതിനിടെ വരും ദിവസങ്ങളിലും പാർട്ടി തെറ്റു തിരുത്തൽ രേഖ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയുമായി അടുപ്പം പുലർത്തുന്ന സ്വർണക്കടത്ത് -ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമായിരുന്നു.
സ്വർണം പൊട്ടിക്കൽ സംഘവുമായി ബന്ധപ്പെട്ട് പി ജയരാജനും മകനുമെതിരെ മനു തോമസ് നടത്തിയ ആരോപണങ്ങൾ പാർട്ടിയിൽ വൻ വിവാദങ്ങൾക്കാണ് വഴിവെച്ചത്. എന്നാൽ ജയരാജനേയും കണ്ണൂർ ജില്ലാ കമ്മിറ്റിയംഗമായ എം ഷാജറിനെയും സംരക്ഷിക്കുന്ന നിലപാടാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസം കൈക്കൊണ്ടത്.












Click it and Unblock the Notifications