കോടതിയില്‍ നിന്നും തുടര്‍ച്ചയായി തിരിച്ചടി: കണ്ണൂര്‍ വിസിയും സിപിഎമ്മും പ്രതിരോധത്തില്‍
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വി.സിക്കും ഭരണസമിതിയായ സിന്‍ഡിക്കേറ്റിനുമെതിരെ നിരന്തരം കോടതിവിധികള്‍ വരുന്നത് സര്‍ക്കാരിനും സി.പി.എമ്മിനും തിരിച്ചടിയാകുന്നു. ഇതോടെ സേവ് യൂണിവേഴ്സിറ്റി ഫോറവും പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും വി.സി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
ഏറ്റവും ഒടുവില്‍ കാസര്‍കോട് ജില്ലയിലെ പടന്നയിലെ സ്വകാര്യ ട്രസ്റ്റിന് ചട്ടവിരുദ്ധമായി കോളേജ് അനുവദിച്ചത് ന്യായീകരിച്ച് തന്റെ നിലപാടില്‍ ഉറച്ചു നിന്ന കണ്ണൂര്‍ വിസി ഡോ: ഗോപിനാഥ് രവീന്ദ്രനും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സി.പി.എമ്മും ഹൈക്കോടതി വിധി വന്നതോടെ പൂര്‍ണമായും പ്രതിരോധത്തിലായിരിക്കുകയാണ്.

കോളേജ് അനുവദിച്ചതില്‍ ഗവര്‍ണറെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വൈസ് ചാന്‍സലര്‍ വിശദീകരണം നല്‍കിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കാസര്‍ഗോഡ് പടന്ന ടി.കെ.സി ട്രസ്റ്റിന് ചട്ടപ്രകാരമുള്ള സ്ഥലവും മറ്റ് അടിസ്ഥാന യോഗ്യതകളും കൂടാതെ വിസി ഏകപക്ഷീയമായി കോളേജിന് ശുപാര്‍ശ ചെയ്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കു നല്‍കിയ പരാതിയില്‍ ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു.
അഞ്ചേക്കര്‍ ഭൂമി വേണ്ടിടത്ത് നെല്‍വയല്‍ ഉള്‍പ്പടെ മൂന്നര ഏക്കര്‍ മാത്രമാണുള്ളതെങ്കിലും സിന്‍ഡിക്കേറ്റ് അനുമതി കൂടാതെ വിസി ഇന്‍സ്‌പെക്ഷന്‍ നടത്താന്‍ ഉത്തരവിട്ടിരുന്നു. സര്‍വ്വകലാശാല അഭിഭാഷകന്‍ തന്നെ പരിശോധന റിപ്പോര്‍ട്ട് കോളേജിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും വിസി കോളേജിന് അനുമതി നല്‍കുകയായിരുന്നുവെന്നാണ് വിവരം.
എന്നാല്‍ വിസി യില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് പുതിയ കോളേജിന് ശുപാര്‍ശ ചെയ്തതാണെന്നും താന്‍ ചെയ്ത നടപടി ശരിയാണെന്നും സര്‍ക്കാരാണ് അനുമതി നല്‍കേണ്ടതെന്നും ഗവര്‍ണറെ തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയാണ് വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്കു നല്‍കിയത്. എന്നാല്‍ വിസിയുടെ ശുപാര്‍ശ പ്രകാരം ജൂലൈയില്‍ തന്നെ സര്‍ക്കാര്‍ കോളേജിന് അനുമതി നല്‍കിയിരുന്നു.
അത് മറച്ചുവച്ചു വിശദീകരണം നല്‍കിയതില്‍ ഗവര്‍ണര്‍ക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. പുതിയ കോളേജ് അനുവദിച്ചതിലും, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനത്തിലും, പഠന ബോര്‍ഡ് അംഗങ്ങളെ നിയമിച്ചതിലും കണ്ണൂര്‍ വിസി ഗുരുതരമായ കൃത്യവിലോപം കാട്ടിയിരിക്കുകയാണെന്ന് ഗവര്‍ണര്‍ പരസ്യമായിതന്നെ പറഞ്ഞിരുന്നു.
ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനങ്ങളും, കോളേജ് അനുവദിച്ചതും ഹൈക്കോടതി തന്നെ റദ്ദാക്കുകയും, ഗവര്‍ണര്‍ മരവിപ്പിച്ച മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം കോടതി തന്നെ തടഞ്ഞതോടെ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണെന്നാണ് സൂചന.












Click it and Unblock the Notifications