സാജന്റെ സ്വപ്‌നം സാക്ഷാത്കരിക്കുന്നു പാര്‍ത്ഥാസില്‍ ആദ്യവിവാഹം ആഗസ്റ്റ് 25ന്
കണ്ണൂര്‍: ജീവനൊടുക്കിയ പ്രവാസി വ്യവസായ സംരഭകൻ സാജന്റെ സ്വപ്‌നം സാക്ഷാത്കരിച്ചുക്കൊണ്ടു ബക്കളത്തെ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആദ്യവിവാഹമൊരുങ്ങുന്നു. സാജന്റെ ഭാര്യ ബീനയുടെ അമ്മ പ്രേമലതയുടെ സഹോദരി പുത്രിയുടെ വിവാഹമാണ് ഓഗസ്റ്റ്മാസം 25ന് പാര്‍ത്ഥാസില്‍ നടക്കുന്നത്. ആന്തൂര്‍ നഗരസഭയുടെ അനുമതി ലഭിച്ചശേഷം ഇവിടെ നടക്കുന്ന ആദ്യ വിവാഹമാണിത്.
ചീഫ് ടൗണ്‍ പ്ലാനര്‍ കണ്ടെത്തിയ ന്യൂനതകള്‍ പരിഹരിച്ചതോടെ ആന്തൂര്‍ നഗരസഭ കണ്‍വെന്‍ഷന്‍ സെന്ററിന്റെ കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. അനുമതി ലഭിച്ചതോടെയാണ് വിവിധ ചടങ്ങുകള്‍ക്കുള്ള ബുക്കിംഗ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചത്. ഇതിനകം അഞ്ച് വിവാഹം ബുക്ക് ചെയ്തു കഴിഞ്ഞു. സാജന്‍ ആത്മഹത്യ ചെയ്യുന്നതിനു മുന്‍പുതന്നെ ഇവിടെ വിവാഹ ചടങ്ങുകള്‍ നടത്തിയിരുന്നെങ്കിലും വധു, വരന്‍മാരുടെ വിവാഹ രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള അനുമതിയുണ്ടായിരുന്നില്ല. തുടര്‍ന്ന് മറ്റ് വിവാഹച്ചടങ്ങുകള്‍ ഇവിടെ നിന്നും മാറ്റുന്ന സ്ഥിതിയുണ്ടായി.

ഈ വേളയില്‍ പലതവണ അപേക്ഷ നല്‍കിയിട്ടും നഗരസഭയുടെ ഭാഗത്തു നിന്നും അനുകൂലമായ നടപടികളുണ്ടായില്ല. പാര്‍ഥാസിലേക്കുള്ള വിവാഹ ചടങ്ങുകളെല്ലാം സമീപത്തെ ബേങ്ക് ഓഡിറ്റോറിയത്തിലേക്ക് മാറ്റിയതും സാജനെ മനോദു:ഖത്തിലാക്കിയിരുന്നു. നിലവില്‍ കെട്ടിടത്തിന് അനുമതി ലഭിച്ചെങ്കിലും ടൗണ്‍ പ്ലാനര്‍ നിര്‍ദ്ദേശിച്ച അഗ്‌നിസുരക്ഷ സംവിധാനത്തിനായി ഒഴിവാക്കിയിടേണ്ട സ്ഥലത്തുള്ള ടാങ്ക് മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. ഇതിന് ആറുമാസത്തെ സമയം നഗരസഭ അനുവദിച്ചിട്ടുണ്ട്. ഇതും വേഗത്തില്‍ ചെയ്തു തീര്‍ക്കുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.












Click it and Unblock the Notifications