• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വിദ്യാർത്ഥികൾക്ക് മനോധൈര്യമേകാൻ കണ്ണൂരിലെ സ്കൂളുകളിൽ കൗൺസിലിങ് സെന്ററുകൾ ഒരുങ്ങുന്നു

  • By Desk

കണ്ണൂര്‍: കൊവിഡ് കാലത്ത് മാനസിക പ്രയാസങ്ങള്‍ കേട്ടറിഞ്ഞ് അവര്‍ക്ക് ധൈര്യം പകരാനും സമ്മര്‍ദ്ദം അതീജീവിച്ച് മുന്നേറാനുള്ള പിന്തുണ നല്‍കുന്നതിനുമായി സ്‌കൂളുകളില്‍ കൗണ്‍സലിംഗ് സെന്റര്‍ സൗകര്യമൊരുക്കി ജില്ലാ പഞ്ചായത്ത്. അഴീക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരുക്കിയ ആദ്യത്തെ കൗണ്‍സലിംഗ് സെന്ററിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍വഹിച്ചു. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കൗണ്‍സലിംഗ് സെന്റര്‍ സൗകര്യം ഒരുക്കുന്നത്.

കണ്ണൂരിൽ 219 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ: ആശുപത്രികളില്‍ ചികിത്സയിലുള്ളത് 1955 പേര്‍!!

കുട്ടികള്‍ ഒട്ടേറെ മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന കാലമാണിതെന്നും അവര്‍ക്ക് തുറന്ന് സംസാരിക്കാന്‍ സ്‌കൂളുകളില്‍ ഒരിടം ആവശ്യമാണെന്നും കെ.വി സുമേഷ് പറഞ്ഞു. വീടുകളില്‍ നിന്നുണ്ടാകുന്ന സമ്മര്‍ദ്ദം, മൊബൈല്‍ ഫോണിന്റെ ദുരുപയോഗം തുടങ്ങി ഒട്ടേറെ മാനസിക പ്രയാസങ്ങള്‍ കുട്ടികള്‍ക്കിന്നുണ്ട്. സ്‌കൂളുകളില്‍ കൗണ്‍സലര്‍മാര്‍ ഉണ്ടെങ്കിലും അവര്‍ക്ക് കുട്ടികളുമായി സംസാരിക്കാന്‍ പറ്റിയ സാഹചര്യം പലയിടങ്ങളിലും ഇല്ല. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൗണ്‍സലര്‍മാരുടെ ശില്‍പശാലയിലും ഉയര്‍ന്നുവന്ന പ്രധാന പ്രശ്നം ഇത്തരം സെന്ററുകളുടെ അപര്യാപ്തതയാണ്.

ഈ സാഹചര്യത്തിലാണ് കഴിഞ്ഞ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂളുകളില്‍ കൗണ്‍സലിംഗ് സെന്റര്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമിടുന്നത്. ആദ്യഘട്ടം 24 ഡിവിഷനുകളിലെ ഓരോ സ്‌കൂളിലും രണ്ടാംഘട്ടത്തില്‍ 73 സ്‌കൂളുകളിലും പദ്ധതി നടപ്പാക്കും. മൂന്ന് ലക്ഷം രൂപയാണ് സെന്ററിനായി ഓരോ സ്‌കൂളിനും അനുവദിച്ചിട്ടുള്ളത്. ഒക്ടോബര്‍ മാസത്തോടെ ആദ്യഘട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാകും. രണ്ടാംഘട്ടം അടുത്ത മാര്‍ച്ചോടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും കെ.വി സുമേഷ് പറഞ്ഞു.

നേരത്തെ കുട്ടികളില്‍ ആത്മഹത്യ പ്രവണത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്യാമ്പയിന് തുടക്കം കുറിച്ചിരുന്നു. ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടെന്നും ജീവന്‍ വലിച്ചെറിയാനുള്ളതല്ല എന്നുമുള്ള സന്ദേശം വിദ്യാര്‍ഥികളില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. ആധുനിക സൗകര്യങ്ങളോടെയാണ് അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൗണ്‍സലിംഗ് സെന്റര്‍ സജ്ജമാക്കിയിട്ടുള്ളത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മൂന്ന് മാസം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. നിര്‍മ്മിതിക്കായിരുന്നു നിര്‍മ്മാണ ചുമതല.

കൗണ്‍സലര്‍ക്കുള്ള ഇരിപ്പിട സൗകര്യം, കൗണ്‍സലിംഗ് നടത്താനുള്ള മുറി എന്നിവ ഉള്‍പ്പെടെ മികച്ച സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. തികച്ചും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കിക്കൊണ്ടാണ് രൂപകല്‍പന. സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കുട്ടികളുടെ പ്രശ്നങ്ങള്‍ അടുത്തറിയാനും അതുവഴി മെച്ചപ്പെട്ട മാനസികാരോഗ്യം നല്‍കാനും കൗണ്‍സലര്‍മാര്‍ക്ക് സാധിക്കും. ചടങ്ങില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.പി ജയബാലന്‍ മാസ്റ്റര്‍, അംഗം പി.കെ സരസ്വതി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. ഷൈനി, പി.ടി.എ പ്രസിഡന്റ് കെ. ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Counseling started for school students in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X