കൊവിഡ് വ്യാപനം അതിരൂക്ഷം: കണ്ണുർ കളക്ടറേറ്റിന് മുൻപിലെ പ്രതിഷേധ സമരങ്ങൾക്ക് വിലക്കേർപ്പെടുത്തും
കണ്ണൂർ: കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരത്തിലേക്ക് എത്താറായ സാഹചര്യത്തിൽ കണ്ണുരിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുന്നു. ഇതിൻ്റെ ഭാഗമായി കണ്ണൂർ നഗരത്തിൽ നടക്കുന്ന പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചേക്കും. ജില്ലയിലെ ടിപിആർ റേറ്റ് കൂടിവരുന്നതിന്റെ പശ്ചാത്തലത്തിലും കണ്ണൂർ കോർപറേഷൻ പരിധിയിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലുമാണ് പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിക്കാൻ തയാറെടുക്കുന്നത്. ദിവസേന നാലും അഞ്ചും പ്രകടനങ്ങളും പൊതുയോഗങ്ങളുമാണ് കണ്ണൂർ നഗരം കേന്ദ്രീകരിച്ച് നടക്കുന്നത്.
ജില്ലയുടെ പലയിടങ്ങളിൽനിന്നുമുള്ള നൂറുകണക്കിന് ആളുകളാണ് ഇതിൽ പങ്കെടുക്കുന്നത്. കഴിഞ്ഞദിവസം ചില സംഘടനകൾ നടത്തിയ പ്രകടനത്തിൽ കുട്ടികളടക്കം പങ്കെടുത്തിരുന്നു. അനുമതിയില്ലാതെ നടത്തുന്ന ഇത്തരം പ്രകടനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ഒന്നുംതന്നെ പാലിക്കുന്നില്ല. പ്രകടനത്തിൽ പങ്കെടുക്കുന്ന കുറച്ചു വ്യക്തികളുടെ പേരിൽ മാത്രമാണ് കേസെടുക്കുന്നത്. കോവിഡ് ഒന്നാം തരംഗ സമയത്ത് കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും പ്രകടനങ്ങൾ നിരോധിച്ചും നിരോധനാജ്ഞ പ്രഖ്യാപിച്ചും കളക്ടർ ഉത്തരവിറക്കിയിരുന്നു.

സംസ്കാര ചടങ്ങുകളിലും ആരാധനാലയങ്ങളിലും ആളുകളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചുണ്ടെങ്കിലും പ്രകടനത്തിലും പൊതുയോഗത്തിലും പരിധിയുണ്ടായിരുന്നില്ല. കൊ വിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ സമരം നടത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം കലക്ടറുടെ നിർദ്ദേശപ്രകാരം കണ്ണൂർ കലക്ടറേറ്റിന് മുൻപിലെ സ്ഥിരം സമരപന്തൽ പൊളിച്ചമാറ്റിയിരുന്നു ഇതിനു ശേഷമാണ് സമ്പുർണമായി സമരങ്ങൾ നിരോധിക്കാൻ ഒരുങ്ങുന്നത്.












Click it and Unblock the Notifications