കെ റെയില്‍ മാതൃകയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് പ്രചരണ സമിതി ഓഫീസൊരുക്കി സിപിഐഎം
കണ്ണൂര്‍: കെ-റെയില്‍ മാതൃകയില്‍ സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ് പ്രചാരണ സമിതിക്ക് വേണ്ടി ഓഫീസ് ഒരുക്കി പേരാവൂര്‍ ലോക്കല്‍ കമ്മിറ്റി. കണ്ണൂരില്‍ നടക്കുന്ന സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ് പ്രചാരണ സമിതിക്ക് വേണ്ടിയാണ് ഓഫീസ് നിര്‍മിച്ചത്. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്താണ് ഓഫീസ് നിര്‍മിച്ചിരിക്കുന്നത്.ഓഫീസിന് അകത്ത് ഒരേ സമയം ഇരുപതോളം ആളുകള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. കെ-റെയിലിന്റെ റൂട്ട് മാപ്പും ഓഫീസിന് സമീപത്തെ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ലോക്കല്‍ സെക്രട്ടറി കെ എ രജീഷിന്റെ നേതൃത്വത്തില്‍ ശ്രീകുമാര്‍, നിഖിലേഷ്, കെ സി ഷംസുദ്ദീന്‍ തുടങ്ങിയ പാര്‍ട്ടി പ്രവര്‍ത്തകരാണ് ഓഫീസ് രൂപകല്‍പന ചെയ്ത് നിര്‍മിച്ചത്. പ്രചാരണ സമിതി ഓഫീസ് ഉദ്ഘാടനം ഏരിയാ സെക്രട്ടറി അഡ്വ. എം രാജന്‍ നിര്‍വഹിച്ചു. കെ എ രജീഷ് അധ്യക്ഷത വഹിച്ചു. കെ സി ഷംസുദ്ദീന്‍, വി ബാബു, കെ പ്രഭാകരന്‍, എം ഷൈലജ തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു. സംസ്ഥാനത്ത് കെ റെയില്‍ വിവാദം കൊടുമ്പിരി കൊള്ളവേയാണ് സര്‍ക്കാരിനെ നയിക്കുന്ന ഒന്നാം കക്ഷിയുടെ പരിപാടിയ്ക്ക് കെ റെയില്‍ മാതൃകയിലുള്ള ഓഫീസ് നിര്‍മിച്ചതെന്നതും ശ്രദ്ധേയമാണ്.

ഏത് വിധേനയും കെ റെയിലുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. ഏപ്രിലിലാണ് സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച ബജറ്റില്‍ കെ റെയില്‍ സംബന്ധിച്ച പരാമര്‍ശമൊന്നുമുണ്ടായില്ലെങ്കിലും സര്‍ക്കാര്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പാരിസ്ഥിതികാനുമതിക്കുള്ള നിര്‍ദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും, മെട്രോ അടക്കം റെയില്‍വേ പദ്ധതികള്‍ക്ക് പാരിസ്ഥിതികാനുമതി ആവശ്യമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അറിയിച്ചത് സര്‍ക്കാരിന് ആശ്വാസമായിട്ടുണ്ട്.
പൊതു മേഖലയിലും സ്വകാര്യ മേഖലയിലുമുള്ള എല്ലാ ബൃഹദ് പദ്ധതികള്‍ക്കും കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ക്കും പരിസ്ഥിതി ആഘാത പഠനം നിര്‍ബന്ധമാണ്. 2006 ലെ പരിസ്ഥിതി ആഘാത ചട്ടം പ്രകാരം 39 പ്രവൃത്തികള്‍ക്ക് ഇതു ബാധകമാണെങ്കിലും റെയില്‍വേ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ്(കെ ആര്‍ ഡി സി എല്‍) വിശദ പദ്ധതി രേഖ സമര്‍പ്പിക്കും മുമ്പ് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ലോക്‌സഭയെ അറിയിച്ചിരുന്നു. അതേസമയം കെ റെയിലിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.












Click it and Unblock the Notifications