തലശ്ശേരിയില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; പിന്നില്‍ ആര്‍എസ്എസെന്ന് സിപിഐഎം
കണ്ണൂര്‍: തലശ്ശേരി പുന്നോലില്‍ സി പി ഐ എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കൊരമ്പയില്‍ താഴെ കുനിയില്‍ ഹരിദാസന്‍ ആണ് കൊല്ലപ്പെട്ടത്. 54 വയസായിരുന്നു. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഹരിദാസന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് സി പി ഐ എം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ന്യൂമാഹിയിലും തലശ്ശേരിയിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് ആറ് മണിവരെ നീളും.
സി പി ഐ എമ്മിന്റെ സജീവ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട ഹരിദാസന്‍. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞ് രാത്രിയോടെ മടങ്ങിവരുമ്പോഴാണ് നിഷ്ഠൂരമായ കൊലപാതകം നടന്നത്. ഹരിദാസന്റെ വീടിന്റെ മുന്നില്‍വെച്ച് ഒരു സംഘം ആള്‍ക്കാള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മൃതദേഹത്തില്‍ നിരവധി വെട്ടുകള്‍ ഏറ്റിട്ടുണ്ട്. ഒരു കാല്‍ വെട്ടിമാറ്റിയ നിലയിലാണ്.

ബഹളം കേട്ടെത്തിയ നാട്ടുകാര്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഹരിദാസിനു നേരെയുള്ള ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ സഹോദരന്‍ സുരനും വെട്ടേറ്റു. ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലില്‍ പ്രദേശത്ത് സി പി ഐ എം -ബി ജെപി സംഘര്‍ഷമുണ്ടായിരുന്നു. വീടിന് സമീപത്ത് വച്ച് നടന്ന ആക്രമണമായതിനാല്‍ ബഹളം കേട്ട് ബന്ധുക്കളും സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഇവരുടെ കണ്‍മുന്നിലിട്ടായിരുന്നു ഹരിദാസനെ വെട്ടിക്കൊന്നത്.
പൊലീസ് അന്വേഷണം ആരംഭിച്ചിട്ടിണ്ട്. ബൈക്കിലെത്തിയ നാലു പേരാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ബന്ധുക്കളുടെ മൊഴി എടുത്ത പൊലീസ് അക്രമികളുടെ ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ബന്ധുക്കളുടെ മൊഴി അനുസരിച്ച് കൊലപാതകം നടത്തിയവരെ കുറിച്ച് ഏകദേശ ധാരണ പൊലീസിന് ലഭിച്ചിട്ടുണ്ട്.
തലശ്ശേരി കൊമ്മല്‍ വാര്‍ഡിലെ കൗണ്‍സിലറുടെ പ്രസംഗത്തിന് ശേഷമാണ് കൊലപാതകം നടന്നത്. ക്ഷേത്രത്തിലെ ഉത്സവത്തിന് പിന്നാലെ നടത്തിയ പ്രതിഷേധ യോഗത്തില്‍ നടത്തിയത് പ്രകോപനപരമായ പ്രസംഗമാണെന്ന് സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പ്രതികരിച്ചു. അക്രമം നടന്ന സ്ഥലത്തും പ്രദേശത്തുമായി കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications