ഹരിദാസന്‍ വധക്കേസ്; പ്രതികളുടെ തിരിച്ചറിയില്‍ പരേഡ് നടത്തണമെന്ന് കോടതി
കണ്ണൂര്‍: തലശ്ശേരിയില്‍ സി പി ഐ എം പ്രവര്‍ത്തകന്‍ പുന്നോലിലെ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. മാര്‍ച്ച് 10 നാണ് തിരിച്ചറിയല്‍ പരേഡ്. കണ്ണൂര്‍ ജുഡീഷ്യല്‍ ചീഫ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ പ്രതികളെ തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ഹരിദാസന്‍ വധത്തില്‍ ഇതുവരെ 13 പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്.
ബി ജെ പി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് അടക്കം നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്ത മൂന്ന് പ്രതികള്‍ പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. കൊലപാതക സംഘത്തില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ട്. ഇവരില്‍ ഒരാള്‍ ഒല്ലൂര്‍ കവര്‍ച്ചാ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയാണെന്ന് പൊലീസ് പറയുന്നു.

ഫെബ്രുവരി 21 ന് പുലര്‍ച്ചെ 1.30 മണിയോടെയാണ് സി പി ഐ എമ്മിന്റെ സജീവ പ്രവര്‍ത്തകനായ ഹരിദാസനെ വീട്ടു മുറ്റത്തിട്ട് ജോലി കഴിഞ്ഞ് വരുന്നതിനിടെ വെട്ടിക്കൊലപ്പെടുത്തിയത്. മത്സ്യത്തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട ഹരിദാസന്‍. തലശ്ശേരി നഗരസഭാംഗം കൂടിയായ ലിജേഷാണ് കൊലപാതകത്തിന്റെ സൂത്രധാരനെന്ന് പൊലീസ് കോടതിക്ക് നല്‍കിയ റിമാന്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബി ജെ പി കൊമ്മല്‍ വാര്‍ഡ് കൗണ്‍സിലറാണ് ലിജേഷ്.
ഇനിയും പിടിയിലാകാനുള്ള നിഖില്‍, ദീപു എന്നിവരും ഒമ്പത് മുതല്‍ 11 വരെ പ്രതികളായ പ്രഷീജ് എന്ന പ്രജൂട്ടി, ദിനേശ്, പ്രിതീഷ് എന്ന മള്‍ട്ടി പ്രജി എന്നിവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതായാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫെബ്രുവരി എട്ടിന് രാത്രി കൂലോത്ത് അമ്പലത്തില്‍ അമല്‍, വിമിന്‍, അര്‍ജുന്‍, ദീപക് എന്നിവരെ ഹരിദാസനും സഹോദരന്‍ സുരനും ചേര്‍ന്ന് അടിച്ചിരുന്നു. അന്ന് രാത്രി തന്നെ അമല്‍, വിമിന്‍, അര്‍ജുന്‍, ദീപക് എന്നിവര്‍ക്കൊപ്പം ലിജേഷ്, അശ്വന്ത്, അഭിമന്യു എന്നിവര്‍ ചേര്‍ന്ന് ഹരിദാസനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കണ്ണൂര്‍ സിറ്റി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഹരിദാസന്‍ വധ കേസ് അന്വേഷിക്കുന്നത്. ഹരിദാസന്റെ ശരീരത്തില്‍ 20 ലധികം മുറിവുകളുണ്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. വാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും ആഴത്തിലുള്ള മുറിവുകളാണ് മരണകാരണമെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications