സിപിഎം ആലക്കോട് സമ്മേളനം: മനു തോമസിനെ ഒഴിവാക്കിയത് ചര്‍ച്ചാ വിഷയമാകും
തളിപറമ്പ്: സിപിഎം ആലക്കോട് ഏരിയാസമ്മേളനം ഈ മാസം 18 മുതല്‍ 20 വരെ ആലക്കോട് ടൗണില്‍ നടക്കും.19ന് രാവിലെ പത്തുമണിക്ക് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ടി.വിരാജേഷ് ഉദ്ഘാടനം ചെയ്യും. മുന്‍ ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ് മനുതോമസിനെ നേരത്തെ ഏരിയാകമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. വിഷയം സമ്മേളനത്തിൽ ചർച്ചയാകും.
സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് പാര്‍ട്ടി കണ്ണൂര്‍ ജില്ലാകമ്മിറ്റിയംഗം പി ഷാജര്‍ക്കെതിരെ ആരോപണമുന്നയിച്ചതിനാണ് തളിപറമ്പ് ഏരിയാകമ്മിറ്റി അംഗവും ജില്ലാകമ്മിറ്റിയംഗവുമായ മനുതോമസിനെ പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കിയത്. കഴിഞ്ഞ കുറെക്കാലമായി മനു പാര്‍ട്ടിപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നുവെന്നായിരുന്നു പാര്‍ട്ടി കണ്ണൂര്‍ ജില്ലാസെക്രട്ടറി എംവി ജയരാജന്റെ വിശദീകരണം. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുളളവരുമായി ഷാജറിന് രഹസ്യബന്ധമുണ്ടെന്നും പാര്‍ട്ടി രഹസ്യങ്ങള്‍ ആകാശ് തില്ലങ്കേരിക്കും കൂട്ടര്‍ക്കും കൈമാറാറുണ്ടെന്നായിരുന്നു മനുതോമസിന്റെ ആരോപണം. പിന്നീടത് മനു തോമസിനെതിരെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്തുവന്നതോടെ വിവാദം കൊഴുത്തു.


ഒടുവില്‍ മനുതോമസും പി ജയരാജനും തമ്മിലുളള പരസ്യ ഏറ്റുമുട്ടലായി അതു മാറി. കണ്ണൂര്‍ ജില്ലാസെക്രട്ടറിയായിരുന്ന കാലത്ത് ആകാശ് തില്ലങ്കേരി, അര്‍ജുന്‍ ആയങ്കി തുടങ്ങിയ സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന്റെ ഗോഡ് ഫാദറായി പ്രവര്‍ത്തിച്ചത് പി ജയരാജനാണെന്നായിരുന്നു മനു തോമസിന്റെ ആരോപണം. ഇതോടെയാണ് പരസ്യവിമര്‍ശനം നടത്തിയതിന് മനുതോമസിന് പാര്‍ട്ടിക്ക് പുറത്തേക്ക് വഴി തുറന്നത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം ചെയ്ത മനുതോമസ് ഇപ്പോള്‍ പാര്‍ട്ടിപരിപാടികളില്‍ പങ്കെടുക്കാറില്ല. അദ്ദേഹത്തിന് പകരം ഏരിയാകമ്മിറ്റി അംഗത്വത്തിലേക്ക് മറ്റാരെയും ഉള്‍പ്പെടുത്തിയിട്ടില്ല.
മനുതോമസിനെ കൂടാതെ കഴിഞ്ഞ സമ്മേളനത്തില്‍ ഏരിയാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നടുവിലിലെ വിപി മൂസാന്‍ കുട്ടിയുടെ ഒഴിവുമുണ്ട്. നടുവില്‍ സഹകരണ ബാങ്ക് ജീവനക്കാരനായ മൂസാന്‍കുട്ടി ജോലി സംബന്ധമായ തിരക്കുകള്‍ കാരണം ഏരിയാകമ്മിറ്റി അംഗത്വത്തില്‍ നിന്നും മാറുകയായിരുന്നു. അതേസമയം നടുവില്‍ ലോക്കല്‍ കമ്മിറ്റിയില്‍ അദ്ദേഹം തുടരുന്നുമുണ്ട്. ഈ രണ്ടു ഒഴിവുകളിലേക്ക് പുതുമുഖങ്ങളെയോയാണ് പരിഗണിക്കുക.
ഏരിയാസെക്രട്ടറി സ്ഥാനത്തേക്ക് നിലവിലുളള സ്ഥാനം സാജന്‍ കെ ജോസഫ് തുടരും. മലയോര മേഖലയിലെ മുതിര്‍ന്ന നേതാവായ കെ എം ജോസഫിന്റെ മകനാണ് സാജന്‍. കരുവഞ്ചാലില്‍ നടന്ന ഏരിയാസമ്മേളനത്തിലാണ് സാജനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. മനുതോമസിന് പകരം ജില്ലാകമ്മിറ്റിയംഗമായും ഇദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു. നേരത്തെ ഡിവൈ എഫ്ഐ ജില്ലാഭാരവാഹിയെന്ന നിലയിലാണ് മനുതോമസിനെ പാര്‍ട്ടി ജില്ലാകമ്മിറ്റിയംഗമായി ഉള്‍പ്പെടുത്തിയിരുന്നത്.












Click it and Unblock the Notifications