കണ്ണൂരിൽ സിപിഎം ഏരിയ സമ്മേളനങ്ങൾ തുടങ്ങുന്നു; ദിവ്യക്കെതിരായ നടപടി വൈകും, തീരുമാനം ഇങ്ങനെ
കണ്ണൂർ: നവംബർ ഒന്നിന് സിപിഎം ഏരിയാ സമ്മേളനങ്ങൾ തുടങ്ങുന്ന സാഹചര്യത്തിൽ ആത്മഹത്യ പ്രേരണ കേസിൽ റിമാൻഡിലായ പിപി ദിവ്യ യ്ക്കെതിരെയുള്ള തുടർ നടപടികൾ സമ്മേളന കാലയളവിൽ വേണ്ടെന്ന നിലപാടുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം. തളിപ്പറമ്പിൽ ഏരിയാ സമ്മേളനങ്ങൾക്കു ശേഷം നടക്കുന്ന ജില്ലാ സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്നും ഒഴിവാക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ നീക്കം.
ഇപ്പോൾ നടപടി സ്വീകരിച്ചാൽ അതു വിവാദമാകുമെന്ന ആശങ്കയും പാർട്ടി നേതൃത്വത്തിനുണ്ട്. ഇതോടെയാണ്കണ്ണൂർ എഡിഎം കെ നവീൻ ബാബുവിന്റെ ആത്മഹത്യാ പ്രേരണാ കേസിൽ ഒന്നാം പ്രതിയായ പിപി ദിവ്യക്കെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചത്. നേരത്തെ ലോക്കൽ സമ്മേളനങ്ങളിൽ ദിവ്യക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന ആവശ്യം സമ്മേളന പ്രതിനിധികളിൽ നിന്നും ഉയർന്നിരുന്നു.

ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കളും നടപടി ആവശ്യപ്പെട്ടു രംഗത്തുവന്നിരുന്നു. എന്നാൽ പാർട്ടി ജില്ലാ കമ്മിറ്റിയംഗമായ പിപി ദിവ്യ അറസ്റ്റിലായ സാഹചര്യത്തിൽ ഇപ്പോൾ നടപടിയെടുക്കുന്നത് ഓചിത്യമല്ലെന്ന വാദത്തിനാണ് സ്വീകാര്യത ലഭിച്ചത്. ഏരിയാ സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിതാണ് അടിയന്തിര ജില്ലാ സെക്രട്ടറിയേറ്റ് യോഗം ബുധനാഴ്ച്ച രാവിലെ ചേർന്നത്..ഉച്ചയോടെ സമാപിച്ച യോഗത്തിൽ ദിവ്യയുടെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ മറ്റു കാര്യങ്ങളെന്ന അജൻഡയിലാണ് ചർച്ചയായത്.
ദിവ്യ യ്ക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും നീക്കിയത് പാർട്ടി നടപടിയുടെ ഭാഗമെന്നാണ് നേത്യത്വത്തിൻ്റെ വിശദീകരണം ഇതുതന്നെയാണ് ഏരിയാ സമ്മേളനങ്ങളിൽ പ്രതിനിധികളിൽ നിന്നും ഉയരുന്ന ചോദ്യങ്ങൾക്ക് മറുപടിയായി നൽകുക. ഇതോടെ ദിവ്യക്കെതിരെ നടപടി സ്വീകരിക്കണമെന്ന വാദത്തിന് മൂർച്ച കുറഞ്ഞിരിക്കുകയാണ്. എന്നാൽ പിപി ദിവ്യയെ പരസ്യമായി പിൻതുണയ്ക്കാൻ ഇതുവരെ പാർട്ടി കണ്ണൂരിലെ നേതൃത്വം തയ്യാറായിട്ടില്ല.
ദിവ്യക്കെതിരെ സിപിഎം കണ്ണൂർ നേതൃത്വം അച്ചടക്കനടപടി സ്വീകരിക്കണമെന്ന വാദവുമായി പത്തനംതിട്ടയിലെ നേതൃത്വം സജീവമായി രംഗത്തുവന്നതിനെ തുടർന്നാണ് ഏറ്റുമുട്ടലിൻ്റെ സമീപനം വേണ്ടെന്ന് കണ്ണൂർ ജില്ലാ നേതൃത്വം തീരുമാനിച്ചത്. അടുത്ത ദിവസം ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിലും ഈ കാര്യം റിപ്പോർട്ടായി അവതരിപ്പിക്കും.
ഇതിനിടെ പിപി ദിവ്യക്കായി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യ ഹരജി സമർപ്പിച്ചു. പോലീസ് അന്വേഷണത്താൽ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് ദിവ്യയ്ക്കായി തലശേരിയിലെ പ്രമുഖ അഭിഭാഷകനായ കെ വിശ്വൻ സമർപ്പിച്ച ഹരജിയിൽ ചൂണ്ടിക്കാട്ടി. യാത്രയയപ്പ് കഴിഞ്ഞ ദിവസം തനിക്ക് തെറ്റുപറ്റിപ്പോയെന്ന് എഡിഎം പറഞ്ഞുവെന്ന കലക്ടറുടെ മൊഴിയിൽ കൃത്യത വരുത്തണം. പ്രതിയുടെ അവകാശത്തിൻ മേലുള്ള കടന്ന് കയറ്റമാണ് പോലീസ് അറസ്‌റ്റിലൂടെ നടത്തിയത്.
നിർണായക സാക്ഷിമൊഴികൾ പലതും കോടതി മുൻപാകെ എത്തിയില്ലെന്നും ദിവ്യക്കായി ജാമ്യ ഹരജി നൽകിയ അഡ്വ. വിശ്വൻ ചൂണ്ടിക്കാട്ടി. നാളെ ദീപാവലി അവധി ദിനമായതിനാൽ ഇനി മറ്റന്നാൾ മാത്രമേ ജാമ്യ ഹരജി കോടതി പരിഗണിക്കുകയുള്ളു. തളിപറമ്പ് കോടതി റിമാൻഡ് ചെയ്‌ത പിപി ദിവ്യയിപ്പോൾ പള്ളിക്കുന്ന് വനിതാ ജയിലിൽ റിമാൻഡിലാണ്. ഇവരെ ജില്ലാ പഞ്ചായത്ത് അംഗങ്ങളും ചില സിപിഎം നേതാക്കളും സന്ദർശിച്ചതായി വിവരമുണ്ട്.












Click it and Unblock the Notifications